മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിനെ കുറിച്ച്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു. അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിൻ പള്ളിയോടു ചേ൪ന്നുള്ള ഈ പള്ളിക്കൂടം. ജാതിമത വ൪ഗ്ഗവ൪ണ്ണ വ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയ ഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള വിഭാഗീയ ചിന്തകളില്ലാതെ മാനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ് സ്കൂൾ മാനേജ്മെൻറും സ്റ്റാഫും.കാലമെത്ര കയ്യ്പ്പു കലർന്നാലും ഓർമ്മകളെത്ര കുത്തിനോവിച്ചാലും വാക്കുകളെത്ര ചാട്ടവാറടിച്ചാലും പിന്നെയും പിന്നെയും നാം കൊതിക്കുന്നത് സ്വപ്നങ്ങൾ പൂക്കുന്ന നാളെകളെയാണ്. ഓരോ വ്യക്തിയേയും സ്വപ്നം കാണാൻ പഠിപ്പിച്ച വിദ്യാലയ ജീവിതം അവിസ്മരണീയമാക്കുന്നു പരിശുദ്ധ അമ്മയുടെ നാമധേയത്തിലുളള മാതാ സ്ക്കൂൾ. കായിക രംഗത്തും കലാരംഗത്തും സംസ്ഥാന-ദേശീയ നിലവാരത്തിൽ എത്താൻ പാകത്തിൽ വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂളിനു സാധിക്കുന്നുണ്ട്. ഇന്ന് തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഹൈടെക് സ്കൂൾ ആണ് മാതാ ഹൈസ്കൂൾ. ഹൈടെക് ക്ലാസ് റൂമുകളുടെ രൂപകല്പനയ്ക്കു വേണ്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പോലും അധികാരികളും സ്കൂൾ മേധാവികളും നമ്മുടെ ക്ലാസ്സ് റൂമുകൾ സന്ദർശിച്ചിട്ടുണ്ട്. മുൻ മാനേജർമാരായ റവ.ഫാ.ആന്റണി തോട്ടാൻ, റവ.ഫാ.ജോസ് തെക്കേക്കര, റവ.ഫാ. വിൽസൺ പിടിയത്ത് , റവ.ഫാദർ ബിജോ ജോസ് ചാലിശ്ശേരി, റവ.ഫാദർ ജോളി ചിറമ്മൽ എന്നിവരുടെ പ്രത്യേക താൽപര്യവും കഠിനപ്രയത്നവുമാണ് പഴയ ഓടിട്ട കെട്ടിടം മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കാൻ കാരണമായത്. റവ.ഫാ. സെബി പുത്തൂർ അക്ഷരാർത്ഥത്തിൽ തന്നെ സ്കൂളിന്റെ മുഖഛായ മാറ്റിയിരിക്കുന്നു. അന്താരാഷ്ട്ര സ്കൂളുകളെ വെല്ലുന്ന രീതിയിലുള്ള കമാനത്തിന്റെ നിർമ്മാണം പൂർത്തിയായി. അതിനു ചേരുന്ന രീതിയിൽ സ്കൂൾ കോമ്പൗണ്ട് അനുബന്ധ സ്ഥലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ മൂല്യബോധത്തിന് മുൻഗണന നൽകിക്കൊണ്ട് അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒത്തൊരുമയോടെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. മാതാവിന്റെ അനുഗ്രഹം എല്ലാ പ്രയത്നങ്ങളെയും സഫലമാക്കട്ടെ .