ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/പഠനക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
06:33, 25 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} ==അവധിക്കാല പഠനക്യാമ്പ് == ===<u>അവധിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അവധിക്കാല പഠനക്യാമ്പ്

അവധിക്കാലത്തെ ആനന്ദകരമാക്കാൻ അവധിക്കാല ദ്വിദ്വിന ക്യാമ്പ്

ജി.വി.എൽ.പി.എസ് ചിറ്റൂരിലെ കുട്ടികൾക്കായി അവധിക്കാലത്ത് ഏപ്രിൽ 12, 13 തിയതികളിലായി ദ്വിദ്വന പഠനക്യാമ്പ് സംഘടിപ്പിച്ചു. അവധിക്കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് സമയം കളയുന്നതിലുപരി അവരെ വിദ്യാലയത്തിൽ എത്തിക്കാനും കൂടുതൽ പഠന സന്ദർഭങ്ങളൊരുക്കി അവരെ സന്തോഷിപ്പിക്കാനും വേണ്ടിയാണ് പഠനക്യാമ്പ് നടത്തിയത്. പഠനക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത് ചിറ്റൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണികൃഷ്ണനാണ്. തുടർന്ന് നാടൻ പാട്ടിന്റെ നാട്ടു തനിമയെക്കുറിച്ച് കേരള ഫോക്ക്ലോർ അക്കാദമി ജേതാവായ മോഹനൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. നാടൻപാട്ട് പാടിയും പാട്ടുകൾക്ക് ചുവടുവച്ചും കുട്ടികൾ വളരെ ആവേശത്തോടെ നാടൻപാട്ട് ക്ലാസ് വിജയകരമാക്കി. തുടർന്ന് ഉച്ചയ്ക്ക് ശേഷം ക്രാഫ്റ്റ് ക്ലാസ് എടുത്തത് BRCയിലെ ഖദീജയാണ്. വർണക്കടലാസുകൾ കൊണ്ട് പൂക്കളും വിശറിയും വളരെ എളുപ്പത്തിൽ ഉണ്ടാക്കാനുള്ള മാർഗം കുട്ടികൾക്ക് പകർന്ന് കൊടുത്തു. കുട്ടികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് ടീച്ചർ ചെയ്യുന്നതിനനുസരിച്ച് അവരും പൂക്കളും വിശറിയും ഉണ്ടാക്കി. മികച്ച ഗ്രൂപ്പിനെ കണ്ടെത്തി അവർക്ക് സമ്മാനം നൽകി. ആദ്യ ദിവസത്തെ അവസാന പരിപാടിയായ പാട്ടിനൊപ്പം വ്യായാമം (എയറോബിക്സ് എക്സർസൈസ്) എന്നതിനെക്കുറിച്ച് ക്ലാസ് എടുത്തത് ഈ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീജയാണ്. പാട്ടിനൊപ്പം അധ്യാപകരും കുട്ടികളും വ്യായാമം ചെയ്യാൻ വളരെ ഉത്സാഹം കാണിച്ചു. എല്ലാവരും ശ്രീജ ചെയ്യുന്ന വ്യായാമ മുറകൾ അതേപടി അനുകരിച്ച് കൊണ്ട് ചെയ്തു കാണിച്ചു. വളരെ സന്തോഷകരമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ കാണാൻ സാധിച്ചത്. ദ്വിദിന പഠന ക്യാമ്പിന്റെ ആദ്യ ദിവസം വളരെ ആവേശകരമായ ഒരനുഭവമായി മാറി.

പഠനക്യാമ്പിന്റെ രണ്ടാം ദിവസം കുഞ്ഞുവരകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തത് ചിത്രരചന അധ്യാപകനായ രാജേന്ദ്രനാണ്. വളരെ എളുപ്പത്തിൽ ചിത്രം വരയ്ക്കാനുള്ള അനുഭവ പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് ഒന്നു മുതൽ പത്ത് വരെയുള്ള സംഖ്യകൾ എഴുതിക്കൊണ്ട് അതിലെ ഓരോ സംഖ്യയേയും മനോഹരമായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. എല്ലാ കുട്ടികളും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചിത്രങ്ങൾ വരച്ചു. മികച്ച ചിത്രങ്ങൾ വരച്ച കുട്ടികളെ അഭിനന്ദിച്ചു. തുടർന്ന് കുട്ടികൾക്ക് യോഗയുടെ പാഠങ്ങൾ പകർന്ന് കൊടുത്തത് മിതയാണ്. ദൈനം ദിന ജീവിതത്തിൽ യോഗയുടെ ആവശ്യകതയെന്ത് എന്നതിനെക്കുറിച്ച് നല്ല രീതിയിൽ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. ശരിയായ രീതിയിൽ യോഗാ മുറകൾ എങ്ങനെ ചെയ്തു കാണിക്കാം എന്നതിനെക്കുറിച്ചും പറഞ്ഞു. തുടർന്ന് ചില യോഗാ മുറകൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. മിത ചെയ്യുന്നതിനനുസരിച്ച് ഓരോ കുട്ടികളും അവരോടൊപ്പം യോഗാ മുറകൾ ചെയ്തു കാണിച്ചു.

ഉച്ചയ്ക്ക് ശേഷം ഒറിഗാമിയുടെ പ്രാഥമിക കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ചില ഒറിഗാമി രൂപങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കാനും എത്തിച്ചേർന്നത് കേരള സാഹിത്യ പരിഷത്ത് പ്രവർത്തകനായ സന്ദീപാണ്. പേപ്പർ കൊണ്ട് വളരെ ലളിതമായി ഒറിഗാമി രൂപങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. കുട്ടികൾ വളരെ ആവേശത്തോടെ അതേപടി ഒറിഗാമി രൂപങ്ങൾ ഉണ്ടാക്കി. മികച്ച സൃഷ്ടികളെ കണ്ടെത്തി അത് ഉണ്ടാക്കിയ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. പഠന ക്യാമ്പിന്റെ സമാപന ദിവസത്തെ അവസാന ക്ലാസ് തികച്ചും ആവേശകരമായ ഒരനുഭവമായിരുന്നു. കളിയിലൂടെ ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് പറഞ്ഞ് കൊടുത്തത് കായിക അധ്യാപകനായ രമിത്താണ്. സംഗീതത്തിന് ചുവടുവച്ച് കൊണ്ട് ആരോഗ്യ മുറകൾ എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ച് വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് പാട്ടിനൊപ്പം ചില ആരോഗ്യ മുറകൾ ചെയ്തു കാണിച്ചു. അതിനെ അനുകരിച്ച് കൊണ്ട് കുട്ടികളും അധ്യാപകരും പങ്കാളികളായി. എല്ലാ കുട്ടികൾക്കും വളരെ സന്തോഷകരമായ ഒരു നിമിഷമായിരുന്നു അത്. പാട്ടിനൊപ്പം ആരോഗ്യമുറകൾ ചെയ്യുന്നതിന്റെ രസകരമായതും വ്യത്യസ്ത നിറഞ്ഞതുമായ നേർക്കാഴ്ച്ച ആസ്വദിക്കാൻ കുട്ടികളുടെ രക്ഷിതാക്കളും എത്തിയിരുന്നു. എല്ലാവർക്കും വളരെ പുതുമ നിറഞ്ഞതും ആനന്ദകരവുമായ ഒരനുഭവമായി പഠനക്യാമ്പ് മാറി. തുടർന്ന് ഈ ദ്വിദിന ക്യാമ്പിന് നേതൃത്വം നൽകിയവർക്കും പങ്കാളികളായവർക്കും പ്രധാന അധ്യാപിക ജയലക്ഷ്മി നന്ദി പറഞ്ഞു കൊണ്ട് ദ്വിദ്വിന ക്യാമ്പ് സമാപിച്ചു.

Enjoy English

അവധിക്കാലത്തിന്റെ വിനോദങ്ങളോടൊപ്പം ഇംഗ്ലീഷിന്റെ രസകരമായ ആസ്വാദനം സാധ്യമാക്കിക്കൊണ്ട് ചിറ്റൂർ ജി.വി.എൽ.പി.സ്ക്കൂളിൽ Enjoy English - ഏകദിന ക്ലാസ് സംഘടിപ്പിച്ചു. 3, 4 ക്ലാസിലെ വിദ്യാർത്ഥികൾക്ക് ആസ്വാദ്യകരമായ രീതിയിൽ ക്ലാസ് നയിച്ചത് ചിറ്റൂർ GHSS ലെ അധ്യാപികയായ പ്രമീളയാണ്. ഇംഗ്ലീഷ് ഭാഷയിലെ വൈവിധ്യവും ലാളിത്യവും നിറഞ്ഞതായിരുന്നു ഓരോ പ്രവർത്തനങ്ങളും. പ്രാർത്ഥനയിൽ തുടങ്ങിയ തനിമയും പുതുമയും തുടർന്നു വന്ന കളികളിലും സംഭാഷണങ്ങളിലും ചിത്രരചനയിലും വ്യാകരണത്തിലുമെല്ലാം നിറഞ്ഞു നിന്നു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്ന മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു Enjoy English. പ്രമീളക്ക് ഉപഹാരം നൽകിക്കൊണ്ട് പ്രധാനാധ്യാപികയായ ജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി സുപ്രഭ എന്നിവർ സംസാരിച്ചു.