ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരുവീട്ടിൽ ഒരുമരം' പദ്ധതിയുമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ

വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരുമരം പദ്ധതി നടപ്പിലാക്കി. ക്ലബ്ബിലെ ഹരിതസേനാംഗങ്ങളായ കുട്ടികൾ സ്കൂളിന്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ച് പ്ലാവ്, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ ഇരുന്നൂറിലധികം തൈകൾ വച്ചുപിടിപ്പിച്ചു. ഈ തൈകളുടെ തുടർ പരിപാലനവും കുട്ടികൾ തന്നെ നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

ഹലോ ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പ്

ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റേയും ആറ്റിങ്ങൽ ബി.ആർ .സി യുടേയും സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പിന് തുടക്കമായി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളികൾക്കും സർഗ്ഗാത്മക പ്രകടനത്തിനും ഊന്നൽ നല്കികൊണ്ടുള്ള പ്രവർത്തനങ്ങളാണ് ശില്പശാലയിൽ സംഘടിപ്പിക്കുന്നത്. സ്കിറ്റുകൾ, ഇൻസ്റ്റലേഷനുകൾ, ചിത്രീകരണങ്ങൾ, ഹൈക്കൂ, നാടകീകരണം തുടങ്ങി ഇരുപതിലധികം പ്രവർത്തനങ്ങൾ രണ്ടു ദിവസത്തെ ശില്പശാലയിൽ ഒരുക്കിയിട്ടുണ്ട്.

പഠനോത്സവവും മികവരങ്ങും

ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവവും മികവരങ്ങും സംഘടിപ്പിച്ചു. സ്കൂൾ ഗണിത ക്ലബ്ബ് അവതരിപ്പിച്ച ഗണിത സ്വാഗത ഗാനത്തോടെയായിരുന്നു പരിപാടികൾ ആരംഭിച്ചത് . പൊതു അവതരണങ്ങൾക്ക് പുറമെ ഭാഷ, ഗണിതം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ അറിവുകൾ പങ്കുവയ്ക്കുന്ന കോർണറുകൾ സജ്ജീകരിച്ചിരുന്നു. ഭാഷാനൈപുണ്യസദസ്, പരീക്ഷണങ്ങൾ, കൊളാഷ് നിർമാണം, പോസ്റ്റർ രചന ഭൂപട നിർമാണം, ബിഗ് ക്യാൻവാസ്, ചാർട്ടു നിറക്കൽ, ഉടൻമാസിക, അറിവരങ്ങ്, കാവ്യാലാപനം, സ്കിറ്റുകൾ തുടങ്ങിയവ പഠനോത്സവത്തിന്റെ ഭാഗമായി.

കലാ പരിശീലന കളരി

നമ്മുടെ നാട്ടിൽ നിന്നും അന്യം നിന്നുപോകുന്ന ക്ലാസിക് കലകളും പരമ്പരാഗത കലകളും തിരിച്ചു കൊണ്ടുവരാനും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സൗജന്യമായി കലാപഠനം ലഭിക്കുന്നതിനു വേണ്ടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്യത്തിൽ സാംസ്കാരിക വകുപ്പിലെ കലാകാരന്മാരുടെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും സൗജന്യമായി കലാപഠനം ക്ലാസ്സുകൾ നൽകുന്നു. ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലുമാണ് ഇതിനു വേണ്ടി ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്. മാർഗ്ഗംകളി ,കഥകളി, ചെണ്ട, മോഹിനിയാട്ടം, അപ്ലൈഡ് ആർട്ട്, പെയിന്റിംഗ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.