ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ  ഇന്ന് ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്ത്, തിരൂരങ്ങാടി ബ്ലോക്ക്, എം.എൽ.എ, എസ്.എസ്.എ, എസ്.എസ്.കെ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട്. സ്കൂളിലെ വിവിധ സൗകര്യങ്ങൾ പരിചയപ്പെടാം.

വിവിധ ക്ലാസ് റൂം ബിൽഡിംഗുകൾ

1917-1918 പ്രൈമറി കെട്ടിടം

1917 കാലയളവിൽ  കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള  പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള  കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ ചെറ്റക്കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്.  ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചു. ഇന്ന്  സ്കൂളിലെ ആ പഴയ വാടക കെട്ടിടം പുനർ നിർമ്മാണങ്ങൾ നടത്തി  പ്രീ പ്രൈമറി ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നു.

1967-1968 പ്രധാന കെട്ടിടം

1969 ൽ സർക്കാർ സ്കൂളിന് സമർപ്പിച്ചതാണ് ഇന്നത്തെ പ്രധാന കെട്ടിടം. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയായിരുന്നു സ്കൂളിന്റെ ഈ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന വേലപ്പൻ നായരുടെ പേരിലുള്ള കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. പിന്നീട് 2018-19 കാലയളവിൽ പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം വകയിരുത്തി കെട്ടിടം പുനർനിർമ്മിക്കുകയുണ്ടായി. പിന്നീട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ഭാഗമായി ലഭ്യമായ ഫർണിച്ചറുകൾ ഉൾപ്പെടുത്തി ക്ലാസ് ക്രമീകരണങ്ങൾ ഭംഗിയാക്കി.

1995-1996 ക്ലാസ് റൂം കെട്ടിടം

1995-96 കാലയളവിൽ സംസ്ഥാന സർക്കാറിന് കീഴിൽ വരുന്ന ഡി.പി. ഇ.പി ഫണ്ട് മുഖേന സ്കൂളിന് ലഭ്യമായ ഒരു ക്ലാസ് റൂം ഉൾപ്പടുന്ന കെട്ടിടമാണിത്. സ്കൂളിലെ സോളാർ സംവിധാനം ഈ ക്ലാസ് ബിൽഡിംഗിനു മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്

2005-2006 സ്മാർട്ട് ക്ലാസ് ബിൽഡിംഗ്

2005-2006 കാലയളവിൽ സർവ ശിക്ഷ അഭിയാൻ കെട്ടിട നിർമ്മാണ ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് റൂമുകളുൾപ്പെടുന്ന ബിൽഡിംഗ് സ്കൂളിന് ലഭ്യമായി. പിന്നീട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭ്യമായ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഫണ്ട് ഉപയോഗിച്ചും വീഡിയോ കോൺഫറൻസ് പദ്ധതി ഉപയോഗപ്പെടുത്തിയും ഈ കെട്ടിടത്തിലെ ക്ലാസുകൾ 2 സ്മാർട്ട് ക്ലാസുകളാക്കി മാറ്റം വരുത്തി.

2015-2016 നൂറാം വാർഷിക ഉപഹാരം

സ്കൂളിന്റെ നൂറാം വാർഷികത്തിലാണ് ഈ പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നത്. പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എ ൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ കെ.എൻ.എ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 40 ലക്ഷം രൂപ ചെലവിലാണ് 2 ക്ലാസ് റൂമുകളുള്ള കെട്ടിടം നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, ചെയർപേഴ്സൺ പി റസിയ, ഫാത്തിമ ബിൻത്, പി.പി സെയ്ദ് മുഹമ്മദ്, മൂഴിക്കൽ ഇബ്രാഹിം, സൈതലവി പുങ്ങാടൻ എന്നിവർ പങ്കെടുത്തു.

മറ്റു ഭൗതിക സംവിധാനങ്ങൾ

2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ

2003 ഏപ്രിൽ 26ന് പെരുവള്ളൂർ പഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: കാവുങ്ങൽ ഇസ്മായിൽ സാഹിബിന്റെ അധ്യക്ഷതയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജനാബ് കെ കോയക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്ത ബിൽഡിങ് ആണ് നിലവിൽ അടുക്കളയായി സ്കൂൾ ഉപയോഗിക്കുന്നത്. 20 വർഷത്തിലധികമായി വിദ്യാർഥികൾക്കുള്ള സ്കൂൾ ഭക്ഷണം പാചകം ചെയ്യുന്നത് സ്കൂൾ പരിസരത്ത് താമസിക്കുന്ന കമലേടത്തിയാണ്. സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഈ അദ്ധ്യയന  വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.  ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച  നവംബർ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതിയും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള,തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്.


2008-2009 സ്റ്റോറും കെട്ടിടം

2008-2009 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് സ്കൂളിന് സുരക്ഷിതമായ സ്റ്റോർ റൂം സംവിധാനം നിലവിൽ വരുന്നത്. ചടങ്ങ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ, പ്രദീപ് കുമാർ, സൈദലവി മറ്റു പി.ടി.എ, എം.ടി.എ. ഭാരവാഹികൾ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ് മാസ്റ്റർ അബ്ദുറസാഖ് കാരങ്ങാടൻ സ്വാഗതം പറഞ്ഞു.

2012-2013 ലൈബ്രറി അലമാരകൾ

2008-2009 വർഷക്കാലയളവിൽ പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറിക്കുവേണ്ടി മൂന്ന് അലമാരകൾ സ്കൂളിന്  ലഭ്യമായിട്ടുണ്ട്. പിന്നീട് പഞ്ചായത്ത് ഓഫീസ് നവീകരിച്ച സഹചര്യത്തിലും സ്കൂളിന് അലമാരകൾ ലഭ്യമായി. ഇന്ന് സ്കൂളിൽ ലൈബ്രറി സൗകര്യം വിപുലമാണ്. ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്.  കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും.

2019-20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതിയിലൂടെ രക്ഷിതാക്കളെ വായന ലോകത്തേക്ക് കൊണ്ടു വരാനും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്.  അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു.  എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു.

2019-20 കാലയളവിൽ പുകയൂരിലെ തണൽ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒളകര ജി .എൽ.പി സ്കൂളിലേക്ക് അലമാരയും സ്കൂൾ ലൈബ്രറിയിലേക്ക് അഞ്ഞൂറോളം പുസ്തകങ്ങളും ലഭിക്കുകയുണ്ടായി.

2015-2016 ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ

2015-2016 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 5 ലക്ഷത്തിന്റെ ഫണ്ട് മുഖേനയാണ് സ്കൂളിന് സ്റ്റേജ്, ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ ലഭ്യമാവുന്നത്. ചടങ്ങ് ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ നിർവഹിച്ചു. തൊട്ടുടനെ തന്നെ 50,000 രൂപയുടെ ഫണ്ടനുവദിച്ച് ഓഡിറ്റോറിയത്തിലേക്ക് വേണ്ട കസേരകളും പഞ്ചായത്ത് നൽകി. വിദ്യാർഥികൾക്ക് ഭക്ഷണം കഴിക്കുന്നതിനും സ്കൂളിലെ വിവിധ പരിപാടികൾ ഭംഗിയായി നടത്തുന്നതിനും ഈ സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തുന്നു.

2016-17 സ്കൂൾ ബസ്

1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.

എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

2016-2017 വായന മൂല

ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് വായന മൂല സമർപ്പിക്കുന്നത്. ഇതിലൂടെ  ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ വായന പുരോഗതിക്കുവേണ്ട കാര്യങ്ങൾ സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ പത്രങ്ങൾ, ബാല മാസികകൾ, ഡൈജസ്റ്റ്, ബാലരമ പോലുള്ള ആഴ്ചപ്പതിപ്പുകളും ലഭ്യമാണ്.

2016-2017 ജല സംഭരണി

2016-2017 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് സ്കൂളിന് ജല സംഭരണി ലഭ്യമാവുന്നത്. ഫെബ്രുവരി യോടു കൂടി ജല ക്ഷാമം കൂടുതലായി അനുഭവിക്കുന്ന സ്കൂളിന് ഈ ജലസംഭരണി വളരെ ഉപകാരപ്രദമാണ്. വാർഡ് മെമ്പർ ഇസ്മയിൽ കാവുങ്ങൽ ജലസംഭരണി സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

2017-2018 ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് വിൽ ചെയർ

ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേകം ഉപകരിക്കുന്ന വിൽ ചെയർ സ്കൂളിന് കെ.സി കൃഷ്ണനുണ്ണി സംഭാവന നൽകി. എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, സോമരാജ് പാലക്കൽ, ഭിന്ന ശേഷി വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.

2018-2019 ബയോഗ്യാസ് പ്ലാന്റ്

പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2018-19 പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ സ്കൂളിന് ലഭ്യമായതാണ് ബയോഗ്യാസ് പ്ലാന്റ്. ബയോഗ്യാസ് പ്ലാന്റ് (ദീനബന്ധു മോഡൽ) ന് പ്രതിദിനം 50 കിലോ സ്ഥാപിത ശേഷിയുണ്ട്. പഞ്ചായത്തിൽ നിന്നും ലഭ്യമായ ഈ ബയോഗ്യാസ് പ്ലാൻറ് സംവിധാനം സ്കൂളിന് കൂടുതൽ പ്രയോജനങ്ങൾ നൽകുന്നു.

2018-2019 കിഡ്സ് പാർക്ക്, വിശാലമായ മൈതാനം

ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് 3 സെന്റ് സ്ഥലത്ത്

കിഡ്സ് പാർക്ക് സമർപ്പിക്കുന്നത്. വളരെ ഭംഗിയായി നിർമ്മിച്ച വിവിധ കായിക ഉപകരണങ്ങൾ കിഡ്സ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഴിവുവേളകൾ ആനന്ദകരമാക്കാൻ പരമാവധി കിഡ്സ് പാർക്ക് ഓരോ അധ്യാപകരും പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് അവസരം നൽകുന്നു.

അതോടൊപ്പം സ്കൂളിന് വിശാലമായ കളിസ്ഥലവുമുണ്ട്. 1.77 ഏക്കറിൽ പകുതി സ്ഥലവും വിദ്യാർഥികൾക്ക് കളിക്കാൻ ഉതകുന്ന രീതിയിൽ സജ്ജമാണ്. വിദ്യാർഥികൾക്കായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയ ഒട്ടനവധി കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കായിക പീരിയഡുകളിൽ വിദ്യാർഥികൾക്ക് ഇവ നൽകിവരുന്നു.

2018-19 ഔഷധോദ്യാനം

മലപ്പുറം ജില്ലാ എൽ.പി വിഭാഗം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഔഷധ സസ്യങ്ങളുടെ ശേഖരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നടപ്പിലാക്കുന്നത്. പി.ടി.എ ഫണ്ട്, എ.ആർ.നഗർ വ്യാപാരി വ്യവസായി ഏകോപന സമിതി ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ വൃന്ദാവനം എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിച്ചത്. വിവിധ സന്ദർഭങ്ങളിൽ ഉദ്യാനത്തിലെ ഔഷധ സസ്യങ്ങളെ പ്രയോജനപ്പെടുത്താറുണ്ട്.

2019-2020 റേഡിയോ സ്റ്റേഷൻ

ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് റേഡിയോ സ്റ്റേഷൻ സമർപ്പിക്കുന്നത്. ഇതിലൂടെ  ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്നത് സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയിൽ തുടങ്ങി ഉച്ചക്ക് ഭക്ഷണ ഇടവേളകളിൽ ഓരോ ക്ലാസുകൾ തിരിച്ച് ഓരോ ദിവസവും റേഡിയോ നിലയം ഉപയോഗപ്പെടുത്തുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത്. എല്ലാ ക്ലാസുകളിലും ഇരുന്ന് തന്നെ പരിപാടികൾ ആസ്വദിച്ച് കേൾക്കാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മേന്മയാണ്.

ഉപജില്ലാ കലാമേളകളിൽ ഉൾപ്പടെ ഉന്നതസ്ഥാനങ്ങൾ നേടാൻ ഈ റേഡിയോ നിലയം ഉപയോഗപ്പെടുത്തിയത് കൊണ്ട് സ്കൂളിന് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കു ശേഷവും ഇനിയും ഇത്തരം പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ വിദ്യാർഥികൾക്ക് സാധിക്കട്ടെ.

2019-2020 മൈക്ക് സെറ്റ്

രണ്ടു ലക്ഷം രൂപ വരുന്ന പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി മുഖേനയാണ് ഒളകര ഗവ എൽ.പി സ്കൂളിന് മൈക്ക്സെറ്റ് ലഭ്യമായത്. മൈക്ക് സെറ്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് സ്നേഹോപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമമിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദുമുഹമ്മദ്, എസ്. എം.സി ചെയർമാർ കെ.എം പ്രദീപ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, പി.കെ ഷാജി സംസാരിച്ചു.

2019-2020 വേസ്റ്റ് ബിൻ

പെരുവള്ളൂർ പഞ്ചായത്ത് മുഖേനയാണ് 2019-20 വർഷത്തിൽ കളക്ടേഴ്സ് @സ്കൂൾ പദ്ധതിയുടെ ഭാഗമായി കവറുകൾ, പേപ്പറുകൾ, പ്ലാസ്റ്റിക്കുകൾ, ബോട്ടിലുകൾ തുടങ്ങിയ പ്രത്യേകം നിക്ഷേപിക്കാനായി സ്കൂളിന് അടച്ചുറപ്പുള്ള വേസ്റ്റ് ബിന്നുകൾ ലഭ്യമായത്. മുമ്പ് തിരൂരങ്ങാടി ബ്ലോക്കിൽ നിന്നും ലഭ്യമായ 2 വേസ്റ്റ് ബോക്സുകൾ ജൈവ പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാനായും സ്കൂളിലുണ്ട്.

പെരുവള്ളൂർ പഞ്ചായത്ത് മുഖേന 2003ൽ സമ്പൂർണ ശുചിത്വ ആരോഗ്യ പരിപാടിയുടെ ഭാഗമായി ലഭ്യമായ വേസ്റ്റ് ബിന്നും 2018-19 കാലയളവിൽ പഞ്ചായത്ത് മുഖേന ലഭ്യമായ പരിസര മലിനീകരണം ഒഴിവാക്കി വേസ്റ്റുകൾ കത്തിക്കുന്നതിനാവശ്യമായ സിമന്റ് വേസ്റ്റ് ബിൻ സൗകര്യവും സ്കൂളിലുണ്ട്.

2019-2020 സ്കൂളിന് പുതിയ കവാടം

സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്ന വൈക്കര പള്ളിയാളിൽ പാറുക്കുട്ടി അമ്മയുടെ പാവന സ്മരണയ്ക്ക് അവരുടെ മക്കളാണ് സ്കൂളിന് പുതിയ കവാടം സമർപ്പിച്ചിരിക്കുന്നത്. അതോടൊപ്പം പി.ടി.എ  ചുറ്റുമതിൽ പുനർ നിർമിച്ച് ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്.

2020-21 പുതിയ ശുചി മുറികൾ

2020-2021 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച നാലു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന് 4 ബാത്ത് റൂമുകൾ ഉൾപ്പെടുന്ന പുതിയ കെട്ടിടം ലഭ്യമാവുന്നത്. വാർഡ് മെമ്പർ ഇസ്മാഈൽ കാവുങ്ങലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി സ്കൂളിലേക്കെത്തുന്നത്.

പുതിയ ശുചി മുറികൾ
പുതിയ ശുചി മുറി കെട്ടിടം
പഴയ ശുചിമുറികൾ
പഴയ ശുചിമുറികൾ

2020-2021 ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ശുചിമുറി

2020-2021 കാലയളവിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കു വേണ്ടി പ്രത്യേകം 1 ശുചിമുറി പഞ്ചായത്ത് നിർമിച്ചു നൽകി. വാർഡ് മെമ്പർ തസ്ലിന സലാം ഉദ്ഘാടനം നിർവഹിച്ചു. മുമ്പും പഞ്ചായത്ത് വഴി മറ്റൊരു ശുചി മുറി ലഭ്യമായിരുന്നു. അത്യാധുനിക സൗകര്യത്തോടെയല്ലാതിരുന്നതിനാലാണ് ഇത്തവണ പുതിയ ശുചിമുറിയും സ്കൂളിന് ലഭ്യമായത്.

2020-2021 പുതിയ പ്രസംഗ പീഠം

2017-2020 കാലയളവിൽ സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന എൻ വേലായുധനാണ് സ്കൂളിന് പുതിയ പ്രസംഗം പീഠം സമർപ്പിച്ചത്. സ്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ സ്കൂൾ അധികൃതർക്ക്   സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ, പിടിഎ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ്, വാർഡ് മെമ്പർ തസ്ലീന സലാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

2021-22 സോളാർ സംവിധാനം

സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ ഒളകര ജി.എൽ.പി സ്കൂൾ. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പെരുവള്ളൂർ പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്.

2021-22 ചുറ്റുമതിൽ, ഇന്റർലോക്ക് സംവിധാനം

2021-2022 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന്റെ സുരക്ഷക്കായി ചുറ്റുമതിൽ പുനർ നിർമ്മാണം, സ്കൂൾ മുറ്റം ഇൻറർലോക്ക്, ഓഡിറ്റോറിയം പുനർ ക്രമീകരണം എന്നിവ നടപ്പിലായത്.

2021-22 പുതിയ കിണർ

സ്കൂൾ പിടിഎ യുടെയും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് സ്കൂളിന് പുതിയ കിണർ സാധ്യമായത്. പി.ടി.എ രണ്ടുലക്ഷത്തോളം രൂപ ചെലവിൽ കിണർ കുഴിച്ചപ്പോൾ ബാക്കി വന്ന ചിലവുകളിലേക്ക്  ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വകയിരുത്തിയിരുന്നു. നിലവിൽ ഒരു കിണറും ജലസംഭരണിയും സ്കൂളിന് സ്വന്തമായിട്ടുണ്ടെങ്കിലും  ഫെബ്രുവരി അവസാനത്തോടുകൂടി കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായി യിരിക്കുന്നത്.

പുതിയ കിണർ
പുതിയ കിണർ
പഴയ കിണർ