സാൻതോം എച്ച്.എസ്. കണമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
Rev.Fr.Mathew Vayalunkal (Founder manager)
SSLC First Batch 1985
പുണ്യപരിപാവനമായ എരുമേലിയിൽനിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാൻതോം ഹൈസ്കൂൾ കണമല‍. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.

പമ്പാവാലി എന്ന ഹരിതാഭമായ, നന്മ മണക്കുന്ന ഗ്രാമത്തിന്റെ വളർച്ചയുടെ ആരംഭം എവിടെയെന്ന് തിരക്കിച്ചെല്ലുമ്പോൾ സാൻതോം എന്ന അക്ഷരവീടുമായി അതിന് അഭേദ്യമായ ബന്ധം ഉണ്ടെന്നുകാണാം. സാൻതോം പകർന്നുനൽകിയ അക്ഷരവെളിച്ചം ഈ നാടിന് അതിന്റെ സാംസ്ക്കാരികവും, സാമൂഹികവും, വിദ്യാഭ്യാസപരവും അതിലൂടെ സാമ്പത്തികവുമായ ഉന്നതിയിലെത്തുന്നതിന് നൽകിയ പങ്ക് നിർണ്ണായകമാണ്. ഈ അക്ഷരവൃക്ഷം ഇവിടെ പടുത്തുയർത്തിയ ബഹുമാനപ്പെട്ട ഫാ.മാത്യു വയലുങ്കലിന് നാടിന്റെ പ്രണാമം.

നാടിന്റെ ചരിത്രം- സ്കൂളിന്റെയും... പാപനാശിനിയായ പമ്പയുടെയും പുണ്യനദിയായ അഴുതയുടെയും സംഗമ തീരത്ത് സ്ഥിതിചെയ്യുന്ന കണമല സാൻതോം ഹൈസ്കൂൾ.

ആദ്യം എൽ. പി സ്കൂൾ

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഓർമയിൽ തെളിഞ്ഞു വരുന്നത് നല്ലവരായ കുടിയേറ്റ കർഷകരുടെ മുഖങ്ങൾ ആണ്. അവരുടെ നിസ്വാർത്ഥവും ത്യാഗപൂർണ്ണവുമായ പരിശ്രമങ്ങളുടെ ഫലപ്രാപ്തിയും നിത്യസ്മാരകവും ആണ് ഈ സ്ഥാപനം. അവരനുഷ്ടിച്ച ത്യാഗത്തിന്റെ യഥാർത്ഥ വില തിരിച്ചറിയണമെങ്കിൽ അവരുടെ അന്നത്തെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

മുൻപറഞ്ഞ രണ്ടു നദികളുടെയും ഇരു തീരങ്ങളിൽ ആയി വ്യാപിച്ചുകിടക്കുന്ന വിസ്‍തൃതവും വിശാലവുമായ കുടിയേറ്റ മേഖല. വ്യത്യസ്ത സ്ഥലനാമങ്ങളാൽ ഓരോ ചെറിയ പ്രദേശത്തെയും തിരിച്ചറിയുന്നു എങ്കിലും ഇവയെല്ലാം കൂടിച്ചേർന്ന് പമ്പാവാലി എന്ന് അറിയപ്പെടുന്നു.


ഇവിടുത്തെ കുടിയേറ്റത്തിന് ചരിത്രം 1948ൽ ആരംഭിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച 'ഗ്രോ മോർ ഫുഡ് ' പദ്ധതിപ്രകാരം കർഷക സംഘങ്ങൾക്കും വിമുക്തഭടൻമാർക്കുമായി വിതരണം ചെയ്യപ്പെട്ട സ്ഥലങ്ങൾ ആണിവ. രണ്ടോമൂന്നോവർഷത്തെ കൃഷിക്ക് ശേഷം യാത്രാ സൗകര്യങ്ങളുടെ അഭാവവും വന്യമൃഗങ്ങളുടെ ഉപദ്രവവും നദികളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും ഒക്കെ കൃഷി ദുഷ്കരമാക്കിയതുകൊണ്ട് പലരും തങ്ങളുടെ ഭൂമി വിറ്റും ഉപേക്ഷിച്ചും പോയി. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് ഇവിടെ തന്നെ പിടിച്ചുനിൽക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചത് മണ്ണിൻറെ ഫലഭൂയിഷ്ഠി തന്നെയാണ്. 1950കളിലും അറുപതുകളുടെ തുടക്കത്തിലും വളരെ ദുരിതപൂർണ്ണമായ ജീവിതമായിരുന്നു ഇവിടുത്തുകാർ നയിച്ചിരുന്നത് . വാർത്താവിനിമയ ബന്ധങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ മരണം രണ്ട് ദിവസങ്ങൾക്കുശേഷമാണ് ഇന്നാട്ടുകാർ അറിഞ്ഞത്. തങ്ങൾക്കാവശ്യമുള്ളവ വാങ്ങുന്നതിനും വിൽക്കാനുള്ളവ വിൽക്കുന്നതിനും ഒട്ടും സുഗമമല്ലാത്ത വഴികളിലൂടെ ചെരിപ്പു പോലും ധരിക്കാതെ തലച്ചുമടുമായി 20 കിലോമീറ്ററിലധികം നടന്ന് മുണ്ടക്കയം, എരുമേലി മാർക്കറ്റുകളിൽ എത്തേണ്ടിയിരുന്നു.

അന്നത്തെ വീടുകൾ പുല്ലു കൊണ്ടോ ഈറയില കൊണ്ടോ മേഞ്ഞിരുന്നു വീടിന് ഒന്നോ രണ്ടോ മുറികൾ മാത്രമാണ് ഉണ്ടായിരുന്നത് .വേണ്ടത്ര അടച്ചുറപ്പുകൾ ഒരു വീടിനും ഉണ്ടായിരുന്നില്ല. കിടക്കാനും ഇരിക്കാനും അതിഥികളെ സ്വീകരിച്ചു ഇരിക്കാനും ഓരോ വീട്ടിലും മുളകൾ പ്രത്യേകരീതിയിൽ പൊട്ടിച്ച് ഒരു കട്ടിലിൽ ഉയരത്തിൽ നിർമ്മിച്ചിരുന്ന ഒരു തട്ട് ആണ് ഉപയോഗിച്ചിരുന്നത്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് കൃഷിയേയും തങ്ങളെത്തന്നെയും രക്ഷിക്കാനായി ഓരോ പറമ്പിലും നിർമ്മിച്ചിരുന്ന ഏറുമാടത്തിൽ രാത്രി കഴിച്ചുകൂട്ടി ഒരു മാടത്തിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ ചിലപ്പോൾ അന്തി ഉറങ്ങിയിരുന്നു. രാവിലെ തിരിച്ചു വീട്ടിൽ വരുമ്പോൾ ആരുടെയും ഒരു വസ്തുവും മോഷ്ടിക്കപ്പെട്ടതായി കണ്ടിരുന്നില്ല എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്. ആ കാലത്ത് പരസ്പര സ്നേഹവും സഹകരണവും വിശ്വാസവും പരമാവധി വളർത്തിയെടുക്കുവാൻ അവർക്ക് കഴിഞ്ഞു. അവരിൽ വലുപ്പ ചെറുപ്പവ്യത്യാസങ്ങൾ ഇല്ലായിരുന്നു. ജാതിയും മതവും അവർ തമ്മിലുള്ള സ്നേഹത്തിന് തടസ്സമായിരുന്നില്ല. ജീവിക്കുക എന്ന ഏകലക്ഷ്യം അവരെ തമ്മിൽ ബന്ധിപ്പിച്ചിരുന്നു.

കൃഷിയിറക്കുന്ന സമയങ്ങളിൽ അയൽക്കാർ ഒത്തുചേർന്ന് ഓരോ പറമ്പിലും മാറിമാറി പണിയെടുത്തു. രോഗികളെ ചാരുകസേരയിൽ ‍ കിടത്തി നാലാൾ വീതം മാറിമാറി തോളിലേറ്റി എരുമേലിയിൽ എത്തിച്ചിരുന്നു പുഴ മീനും കാട്ടിറച്ചിയും പങ്കിട്ട് അനുഭവിച്ചു. അരി ,ഉപ്പ്, മുളക് തുടങ്ങിയ വീട്ടിൽ സാധനങ്ങൾ തീർന്നാൽ പരസ്പരം വായ്പ വാങ്ങിയും കൊടുത്തും കഴിച്ചുകൂട്ടി. അക്കാലത്ത് റബ്ബർ തുടങ്ങിയ സ്ഥിര ദേഹങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആണ്ടിലൊരിക്കൽ മാത്രം വിളവെടുക്കുന്ന കപ്പ, ഇഞ്ചി ,വാഴ എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ. കിട്ടുന്ന വരുമാനം ഒരുവർഷത്തെ എല്ലാ ആവശ്യങ്ങൾക്കും പലപ്പോഴും മതിയാകുമായിരുന്നില്ല. ഇതിനെ അതിജീവിക്കാൻ പലരും പല ഉപ തൊഴിലുകളാണ് സ്വീകരിച്ചത് ചിലർ വന വിഭവങ്ങളായ തേൻ, ചെഞ്ചല്യം പുളിഞ്ചിക്കായ്, പൈനും പൂവ് മുതലായവ ശേഖരിച്ച് മാർക്കറ്റുകളിൽ വിറ്റു. മറ്റു ചിലരാവട്ടെ പശുക്കളെ വളർത്തി കിട്ടുന്ന പാൽ തൈര് ,മോര് ആക്കി സൂക്ഷിച്ചു ഞായറാഴ്ചകളിൽ എരുമേലിയിലും മുണ്ടക്കയത്തും കൊണ്ടുപോയി വിറ്റു. അന്യ സ്ഥലങ്ങളിൽ കൂലിവേലയ്ക്ക് പോയവരും ഉണ്ട്.


സ്കൂളിനെക്കുറിച്ചുള്ള ചിന്ത പ്രബലമാകുന്നു...

കുട്ടികളുടെ വിദ്യാഭ്യാസം വളരെ പ്രതിസന്ധിയിലായിരുന്നു. പലരുടെ കുട്ടികളും നാട്ടിലുള്ള സ്വന്തം വീടുകളിലും ബന്ധുവീടുകളിലും താമസിച്ച് പഠിച്ചിരുന്നു. അതിന് സൗകര്യം ഇല്ലാത്ത കുട്ടികൾ സ്കൂളിൽ പോകാതെ വീട്ടിൽ ഇരുന്നു. സ്വന്തം വീട്ടിൽ താമസിച്ച് പഠിക്കാവുന്ന ദൂരത്തിൽ ഒരു സ്കൂൾ ഉണ്ടാവുക എന്നുള്ളത് എല്ലാവർക്കും ഒരു ആവശ്യമായിവന്നു.

1958 മുതൽ 1960 വരെ പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിന്റെ മാനേജ്മെൻറിൽ ഒരു എൽ പി സ്കൂളിന് നാട്ടുകാർ ചേർന്ന് അപേക്ഷിക്കുകയും അനുവാദം ലഭിക്കുകയും ചെയ്തു. തുടർന്ന് ആദ്യം 1960-62 കാലഘട്ടത്തിൽ ഫാദർ സെബാസ്റ്റ്യൻ ഒഴുകയിൽ സ്കൂളിൻറെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഒരു സ്കൂൾ പണിയുവാൻ ഇടവകക്കാർക്ക് സാമ്പത്തികമായി പ്രാപ്തരായിരുന്നില്ല പള്ളിയും പള്ളിക്കൂടവും തമ്മിൽ പേരിലുള്ള സാമ്യം മാത്രമായിരുന്നില്ല കണമലക്കാർക്ക് . അവർക്ക് അത് രണ്ടുംകൂടി ഒന്നായിരുന്നു. ആദ്യകാലത്ത് ഞായറാഴ്ചകളിൽ പള്ളിയായും പ്രവൃത്തി ദിവസങ്ങളിൽ സ്കൂൾ ആയും പ്രവർത്തിച്ചത് ഒരേ ഓലഷെഡ് ആയിരുന്നു അർദ്ധനഗ്നരായ ആൺകുട്ടികളും അത്യാവശ്യത്തിനു മാത്രം വസ്ത്രം ധരിച്ച പെൺകുട്ടികളും ചുറ്റുമറകളില്ലാത്ത ഓല ഷെഡ്ഡിൽ കാലവർഷക്കോടക്കാറ്റ് അടിക്കുമ്പോൾ കുട്ടികൾ തണുത്തുവിറയ്ക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. താമസസൗകര്യം ഇല്ലാതിരുന്നതിനാൽ വികാരിയും മാനേജരുമായി വരുന്ന വൈദികർ ഉമിക്കുപ്പയിൽ താമസിച്ചുകൊണ്ട് ഞായറാഴ്ചകളിൽ വന്ന് കുർബാന അർപ്പിച്ചിരുന്നു. പ്രാരംഭകാല ഹെഡ്‍മാസ്റ്ററായിരുന്നു കുഞ്ഞേപ്പുസാർ എന്നറിയപ്പെട്ടിരുന്ന ശ്രീമാൻ പിഎം ജോസഫ് പൊട്ടനാനിയിൽ പരിചയസമ്പന്നനനും പ്രാപ്തനുമായ അധ്യാപകനായിരുന്നു. അധ്യാപകനായിരിക്കെ രണ്ടാം ലോകമഹായുദ്ധസമയത്ത് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും യുദ്ധാനന്തരം തിരിച്ചുവരികയും ചെയ്തയാൾ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കഴിവും പുതിയ സ്കൂളിൻറെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും വലിയതോതിൽ ഉപകരിച്ചു. പിന്നീട്ട് അധ്യാപകരായി വന്നവരെല്ലാം ചെറുപ്പക്കാരും അധ്യാപന രംഗത്ത് പുതുമുഖങ്ങളും ആയതിനാൽ അദ്ദേഹത്തിൻറെ മാർഗദർശനം സ്കൂളിനെ നല്ല നിലവാരത്തിൽ എത്തിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ ന്ബന്ധന പ്രകാരം സ്കൂളിന് മാത്രമായി ഒരു കെട്ടിടം അനിവാര്യമായിരുന്നു ഈ ആവശ്യത്തിന് മുൻപിൽ നാട്ടുകാർ പകച്ചു നിന്നില്ല. അവർ ഒന്നിച്ചുചേർന്നു. നിറഞ്ഞ മനസ്സും ഒഴിഞ്ഞ മടിശീലയും കരുത്തുറ്റ കൈകളും ആയിരുന്നു അവരുടെ കൈമുതൽ. നിശ്ചയദാർഢ്യവും ഐക്യബോധവും അധ്വാനശേഷിയും ചേർന്നപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സ്കൂൾ നിർമ്മാണത്തിനുള്ള പൊതു പണിക്കായി മാറ്റിവെച്ചു . പ്രായഭേദമന്യേ എല്ലാവരും ഒത്തുചേർന്ന് ഏകമനസ്സോടെ പണിയെടുക്കലും ആഹാരം പാകം ചെയ്യലും ഒന്നിച്ചുള്ള ഭക്ഷണവും ഒക്കെ ഹരംപകരുന്ന ഓർമ്മകളാണ് . ഞായറാഴ്ചകളിൽ കുർബാനയിൽ പങ്കെടുക്കാൻ വരുന്ന സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും വികാരിയച്ചന്റെ നിർദ്ദേശാനുസരണം പണിക്കായി പൊട്ടിച്ചിരിക്കുന്ന കല്ലുകളും അറുത്ത തടി ഉരുപ്പടികളും പണിസ്ഥലത്തെത്തിച്ചതിനു ശേഷം മാത്രമാണ് പള്ളിയിൽ പ്രവേശിച്ചത്. സ്കൂളിന്റെ നിർമ്മാണത്തിൽ ഇടവകക്കാരെ കൂടാതെ എല്ലാ മതവിഭാഗത്തിലും പെട്ടവർ പങ്കാളികളായിട്ടുണ്ട്.എന്നാൽ ഇടവക കാരനല്ലാതിരുന്നിട്ടും സ്കൂൾ ആവശ്യങ്ങൾക്ക് അന്നുമുതൽ ഇന്നോളം എല്ലാ സഹകരണവും നിർലോഭം നൽകുന്ന ആനക്കുഴിയിൽ കേശവൻനായരുടെ കുടുംബത്തെ പ്രത്യേകം സ്മരിക്കുന്നു. സഹകരണം ഉണ്ടായിരുന്നെങ്കിലും പണിക്കു വരുന്നവർക്ക് ഭക്ഷണം നൽകാനും, നിർമ്മാണസാമഗ്രികൾ വാങ്ങാനും ആശാരി മേസ്തിരി തുടങ്ങിയവർക്ക് കൂലി നൽകാനും ക്ലാസ്സ്മുറിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനും ധാരാളം പണം ആവശ്യമായി വന്നു. അത് സമാഹരിക്കാൻ ഇടവകക്കാർ അപ്രാപ്തരായിരുന്നു ഇല്ലായ്മകൾക്കിടയിലും ചെറിയ സംഭാവനകൾ നൽകിയവരുണ്ട്. ആ സംഭാവനകളും സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കപ്പെട്ടവർ സൻമനസ്സോടെ നൽകിയ സംഭാവനകളും കൂടിയായപ്പോൾ ആ പ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞു. അങ്ങനെ സ്കൂളിന് മാത്രമായി 120 അടി നീളത്തിലും 20 അടി വീതിയിലും ആദ്യത്തെ ഒറ്റക്കെട്ടിടം ഉണ്ടായി. ഇത് ആരംഭം മാത്രമായിരുന്നു പിന്നീടങ്ങോട്ട് വളർച്ചയുടെ കാലമായിരുന്നു . ക്ലാസുകളും ഡിവിഷനുകളും വർദ്ധിച്ചു. യു.പി സ്കൂളായി ഉയർന്നു. കെട്ടിടങ്ങളുടെ ആവശ്യവും എണ്ണം കൂടി ഇന്ന് നാം കാണുന്ന നിലയിലായി. വൈദികരും കന്യാസ്ത്രീകളും ഡോക്ടർമാരും എഞ്ചിനീയർമാരും മികച്ച കർഷകരും ശാസ്ത്രജ്ഞരും ഗവണ്മെന്റ് ജീവനക്കാരും ഉൾപ്പെടെ നമ്മുടെ വിദ്യാർഥികളും രാജ്യത്തിന്റെയും ലോകത്തിലെ തന്നെ വിവിധ കേന്ദ്രങ്ങളിലെയും വ്യത്യസ്ത മേഖലകളിൽ നാടിനും വീടിനും അഭിമാനപാത്രമായി പ്രശോഭിക്കുന്നു. അവരുടെ വളർച്ചയിലും ഉയർച്ചയിലും ചെറിയൊരു പങ്കുവഹിക്കാൻ കഴിഞ്ഞു എന്നതിൽ സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തകർക്കും എല്ലാവർക്കും അഭിമാനിക്കാം.

സാൻതോം ഹൈസ്കൂൾ കണമല
1988 ൽ മലയാളമനോരമ പത്രത്തിൽ സ്കൂളിനെപ്പറ്റി വന്ന വാർത്ത
നേരത്തെതന്നെ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് 1982ലാണ്. റവ.ഫാ. മാത്യു വയലുങ്കലാണ് ഇതിന് ചുക്കാൻ പിടിച്ചത്. നാട്ടുകാരുടെ സമ്പൂർണസഹകരണവും ഒത്തൊരുമയുമാണ് ഹൈസ്കൂൾ കെട്ടിടനിർമ്മാണത്തിലും നിർണായകമായത്. സെന്റ് തോമസ് യു.പി. സ്കൂളിൽ ഏറെ വർഷം ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. പി.സി.ചാക്കോ പന്നാംകുഴിയിലായിരുന്നു സാൻതോം ഹൈസ്കൂളിന്റെ ആദ്യഹെഡ്‍മാസ്റ്റർ. തുടർന്നിങ്ങോട്ട് പഠനപഠനേതരപഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവ് ജില്ലയിലെ മികച്ച സ്കൂൾ എന്ന ഖ്യാതി നേടാൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സ്കൂളിന് കഴിഞ്ഞു.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ