എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ

07:24, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മധ്യതിരുവിതാംകൂറിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ലയാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ താലൂക്കുകൾ കൂട്ടിച്ചേർത്ത് 1982 നവംബർ 1ന് പത്തനംതിട്ടജില്ല രൂപീകരിച്ചു. മലനാട്, ഇടനാട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ജില്ലയുടെ വലിയൊരുഭാഗം നിബിഡവന പ്രദേശങ്ങളാണ്. ശുദ്ധവായുവിന്റെ ആസ്ഥാനം എന്ന് വിളിക്കപ്പെടുന്ന പത്തനംതിട്ടജില്ലയിൽ സമാധാനപ്രിയരും സഹവർത്തിത്വത്തോടെ കഴിയുന്നവരുമാണുള്ളത്. പമ്പ, മണിമല, അച്ചൻകോവിൽ നദികളും മറ്റു നിരവധി ചെറുനദികളും സമ്പന്നമാക്കിയ കാർഷികസംസ്കൃതിയാണ് ഇവിടെയുള്ളത്. ഇവിടെ രൂപപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ മിക്കതും കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ളതാണ്. പാടവും കൃഷിയും ആരാധനാലയങ്ങളും ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഈ ദേശത്തെ, വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ആധുനികതയിലേക്ക് കൈപിടിച്ചു നടത്തി. അതുകൊണ്ടുതന്നെ വികസന സൂചികകളിൽ മുൻനിരയിൽ നിൽക്കാൻ പത്തനംതിട്ടയ്ക്ക് കഴിയുന്നു.

സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കോഴഞ്ചേരി താലൂക്കിലെ സാംസ്കാരിക, പൈതൃക ഗ്രാമമായ ആറന്മുളയുടെ ഭാഗമായ ഇടയാറന്മുളയിൽ 1919ൽ തുടക്കമിട്ടതാണ് എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ. പൈതൃകഗ്രാമം എന്ന യു.എൻ. അംഗീകാര നിറവിൽ നിൽക്കുന്ന വിശാലമായ ആറന്മുളയുടെ സാംസ്കാരിക സവിശേഷതകൾ ഏറെയാണ്. വെള്ളവും വള്ളവും വള്ളപ്പാട്ടുകളും സദ്യപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും മുഴങ്ങുന്ന ആറന്മുളയുടെ സ്വന്തം ആറന്മുളക്കണ്ണാടിയും ആറന്മുള അടയ്ക്കയും എല്ലാം പ്രശസ്തമാണ്. സാംസ്കാരിക, സാഹിത്യ മേഖലകളിൽ സംഭാവനകൾ നൽകിയ ആറന്മുളക്കാർ അനവധിയാണ്.കൂടുതൽ പഠനങ്ങൾ നടക്കേണ്ടതായ പമ്പാനദീതടസംസ്കാരം നിലനിന്നതായ ഈ ഭൂമിക സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ അതികായരുടെ പിള്ളത്തൊട്ടിൽ ആയിരുന്നു. സഹ്യപർവ്വതത്തിന്റെ ഉൾവനങ്ങളിൽ നിന്നും പിറവിയെടുത്ത്‌ മലനാടും ഇടനാടും കടന്നു വേമ്പനാട്ടുകായലിൽ ചേരുന്ന പമ്പാനദി ഈ നാടിനെ ജീവസ്സുറ്റതാക്കുകയും കാർഷിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം തുടങ്ങി നിരവധി ചെറു ക്ഷേത്രങ്ങളും ദേവാലയങ്ങളും മാരാമൺ, ചെറുകോൽപ്പുഴ തുടങ്ങിയ ആത്മീയ സമ്മേളനങ്ങളും കഥകളിഗ്രാമം പോലെയുള്ള സാംസ്കാരിക കൂട്ടായ്മകളും ആറന്മുള വള്ളംകളി പോലെ നിരവധി വള്ളംകളികളും പമ്പാനദിയുമായി ബന്ധപ്പെട്ട് നിൽക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മധ്യതിരുവിതാംകൂറിൽ നിരവധി സാമൂഹിക സാംസ്കാരിക ആത്മീയ പരിഷ്കർത്താക്കൾ ഉയർന്നുവന്നു. ഇവരുടെ പ്രവർത്തന ഫലമായി സാമൂഹിക ആത്മീയ മേഖലകളിൽ നവീകരണം രൂപപ്പെട്ടു. പമ്പാനദി തീരത്തെ മാരാമൺ കേന്ദ്രീകരിച്ച് മലങ്കരസഭയിൽ രൂപപ്പെട്ട നവീകരണം പ്രത്യേകം പ്രസ്താവ്യമത്രെ. പാലക്കുന്നത്ത് എബ്രഹാം മല്പാൻ നേതൃത്വം കൊടുത്ത ക്രൈസ്തവ സഭാനവീകരണം മദ്ധ്യതിരുവിതാംകൂറിൽ അലയൊലികൾ സൃഷ്ടിച്ചു. തൽഫലമായി ഇടയാറന്മുളയിലും ആധുനിക വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. നാടിന്റെ ബഹുവിധമായ മുന്നേറ്റങ്ങൾക്ക് കാരണമായ പത്തനംതിട്ട ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് ശതാബ്ദി നിറവിലാണ്.