ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഏ.ആർ.നഗർ. എന്നാണ് എന്റെ ഗ്രാമത്തിന്റെ പേര്.

രോ ഗ്രാമങ്ങൾക്കും വ്യത്യസ്തമായ ഒരു പാട് കഥകൾ പറയാനുണ്ടാവും. ചരിത്ര വഴികളും ഉന്നത വ്യക്തിത്വങ്ങളും ചരിത്ര സംഭവങ്ങളും അതിൽ ഉൾപ്പെടുന്നു. അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് എന്ന ഏ ആർ നഗറിന്റെ ചരിത്രം. സ്വാതന്ത്ര സമരത്തിന്റെ സുവർണ്ണ താളുകളിൽ എന്നുമോർക്കപ്പെടുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ കാത്തു സൂക്ഷിക്കുകയും അതേ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്യുന്ന നാട്. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്ത കേരളത്തിലെ ഏക പഞ്ചായത്ത് എന്ന അപൂർവ്വ റെക്കോർഡും അബ്ദുറഹ്മാൻ നഗറിന് തന്നെ.

സാമൂഹ്യം

വി എ ആസാദ് സാഹിബിനൊപ്പം
കടലുണ്ടിപ്പുഴ

പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാൻ നഗർ. കൊടുവായൂർ എന്ന പേരിലായിരുന്നു ആദ്യകാലങ്ങളിൽ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കടലുണ്ടിപുഴ, പട്ടിശ്ശേരിപാടം, പെരുവള്ളൂർപാടം, കുറ്റൂർപാടം എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ കൊച്ചുഗ്രാമം വർഷകാലങ്ങളിൽ ഒരു ദ്വീപിന്റെ പ്രതീതി സൃഷ്ടിക്കുമായിരുന്നു. ഈ ഗ്രാമത്തിലുള്ളവർക്ക് ആദ്യകാലങ്ങളിൽ പുറം ലോകവുമായി ബന്ധപ്പെടാൻ വളരെ പ്രയാസങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. കൊടുവായൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം മമ്പുറം, കൊടുവായൂർ, പുകയൂർ എന്നീ മൂന്ന് ദേശങ്ങൾ ചേർന്നതായിരുന്നു. ഈ മൂന്നു ദേശങ്ങളും കൊടുവായൂർ അംശത്തിന്റെ കീഴിലുമായിരുന്നു. പഞ്ചായത്തിലേയും പരിസര പഞ്ചായത്തിലേയും 22 ദേശങ്ങളുടെ ഭരണാധികാരിയായിരുന്ന കപ്പേടത്ത് മൂപ്പിൽ നായരുടെ നാടുവാഴി ഭരണത്തിലായിരുന്നു ഈ പ്രദേശം. കൊടുവായൂർ എന്നു പേരുണ്ടായിരുന്ന ഈ ഗ്രാമത്തിന്റെ നാമം, അബ്ദുറഹിമാൻ നഗർ ബസാറിനടുത്ത് സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കപ്പേടത്ത് മൂപ്പിൽ നായരുടെ ഭരണകാലഘട്ടത്തിനുശേഷം ഗ്രാമം ഏതാനും ചില ഭൂവുടമകളായ നാട്ടുകാരണവന്മാരുടെ ഭരണത്തിലായി. ഈ നാട്ടുകാരണവന്മാർക്കു ബ്രിട്ടീഷ് ഗവൺമെന്റ് എല്ലാവിധ സൗകര്യങ്ങളും ഒത്താശകളും ചെയ്തുകൊടുത്തുപോന്നു. ഏതാനും ചില നെൽപ്പാടങ്ങളും, നെൽപാടങ്ങളോടു ചേർന്നുകിടക്കുന്ന, കേരകൃഷിയ്ക്കുപയോഗിക്കുന്ന സ്ഥലങ്ങളും ഇഞ്ചി, മരച്ചീനി പോലെയുള്ള കൃഷിക്കുപയോഗിക്കുന്ന സ്ഥലങ്ങളും മാറ്റിനിറുത്തിയാൽ 80 ശതമാനം ഭൂമിയും വെളിമ്പ്രദേശങ്ങളായിരുന്നു. വലിയ കുന്നുകളോ മലകളോ ഇല്ലാത്ത സമനിരപ്പായി കിടക്കുന്ന ഈ പ്രദേശങ്ങളത്രയും കന്നുകാലികളെ മേയ്ക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയിരുന്നത്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ചുവന്ന നടപ്പാതകൾ, നടപ്പാതകളുടെ ഓരങ്ങളിൽ അങ്ങിങ്ങായി കാണുന്ന തണൽവൃക്ഷങ്ങൾ, ചായപ്പീടികകൾ, തണൽവൃക്ഷങ്ങളുടെ അടുത്തു കാണുന്ന അത്താണികൾ, തണൽവൃക്ഷങ്ങളുടെ ചുവട്ടിൽ ക്ഷൗരം ചെയ്യുന്നവർ ഇരിക്കാനുപയോഗിക്കുന്ന കല്ലുകൾ, കൂട്ടമായി മേഞ്ഞുനടക്കുന്ന കന്നുകാലികൾ, മൈലുകൾ താണ്ടിചെല്ലുമ്പോൾ കാണുന്ന ചിനകൾ എന്ന പേരിലറിയപ്പെടുന്ന ചെറിയ ജലാശയങ്ങൾ, ഇതൊക്കെ ചേർന്നതായിരുന്നു പഴയ കൊടുവായൂർ എന്ന പേരിലറിയപ്പെട്ടിരുന്ന അബ്ദുറഹിമാൻ നഗറിന്റെ മനോഹരമായ പഴയകാല കാഴ്ചകൾ. പച്ചപിടിച്ചുനിൽക്കുന്ന നെൽപ്പാടങ്ങളുടെ ഓരങ്ങളും കടലുണ്ടിപുഴയുടെ തീരപ്രദേശങ്ങളുമായിരുന്നു പഴയകാലത്ത് താമസത്തിന് കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്. ഭരണമാറ്റത്തിന്റെ ഫലമായി സാംസ്കാരികമേഖലകളിലും, സാമൂഹ്യമേഖലകളിലും വന്ന മാറ്റങ്ങൾ ഗ്രാമത്തിന്റെ ഉണർവ്വിനു കാരണമായി. ഇതോടെ മതസംഘടനകളുടെ പ്രവർത്തനത്തിനും, സാംസ്കാരികപ്രവർത്തനത്തിനും ജീവൻ വച്ചു.

സാംസ്കാരികം

മലപ്പുറം ജില്ലക്കകത്തും പുറത്തും അറിയപ്പെടുന്ന മമ്പുറം മഖാമും മുസ്ളീം ദേവാലയവും വളരെ പ്രസിദ്ധമാണ്. തുല്യപ്രാധാന്യവും പഴമയുമുള്ളതാണ് എ.ആർ.നഗർ ബസാറിനടുത്ത് സ്ഥിതി ചെയ്യുന്ന കൊടുവായൂർ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങൾ മമ്പുറം മഖാമുമായി ബന്ധപ്പെട്ടുകിടക്കുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി സാധാരണ ജനങ്ങളെ ബന്ധപ്പെടുത്തുന്നതിൽ ഈ സ്ഥാപനം വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട്. അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ പ്രാചീനചരിത്രം കൊടുവായൂർ ശ്രീസുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈ ക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിതമായതാണെന്നാണ് കരുതപ്പെടുന്നത്. ഇന്ന് ക്ഷേത്രത്തിനോട് തൊട്ട് ഒരു ശ്രീകൃഷ്ണക്ഷേത്രവും ശിവക്ഷേത്രവും കൂടി നിർമ്മിക്കപ്പെട്ടിരിക്കുന്നു. ടിപ്പുവിന്റെ പടയോട്ടത്തിൽ ഈ ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിച്ചുവത്രെ. ഈ ക്ഷേത്രങ്ങളിൽ നിന്നാണ് മറ്റ് കുടുംബക്ഷേത്രങ്ങളിലേക്ക് കലശങ്ങൾ കൊണ്ടുപോകുന്നത്. തൈപ്പൂയം, പ്രതിഷ്ഠാദിനം, വേട്ടക്കൊരുമകൻ പാട്ട്, ശ്രീകൃഷ്ണജയന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ശബരിമല തീർത്ഥാടകരുടെ ഒരിടത്താവളം കൂടിയാണ് ഇത്. ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിലെ കൊത്തുപണികൾ, പഴയ ചില മുസ്ളീംദേവാലയങ്ങളിൽ കാണുന്ന കൊത്തുപണികൾ, കൊളപ്പുറം സൗത്തിലെയും, കുന്നംപുറത്തിനടുത്ത കുടക്കൽ പ്രദേശത്തും കാണുന്ന ‘കുടക്കല്ലുകൾ’, അപൂർവ്വമായി ചില സ്ഥലങ്ങളിൽ കാണുന്ന അത്താണികൾ, പഴയ ഭൂവുടമാകുടുംബങ്ങളിൽ കാണുന്ന ചില പ്രാചീനപാത്രങ്ങൾ, നാലാം വാർഡിലെ മണ്ണാറക്കൽ തൊടുവിനോടടുത്തുകാണുന്ന കളരിത്തറ എന്നിവയാണ് ഇന്നീ ഗ്രാമത്തിലവശേഷിക്കുന്ന ചരിത്രാവശിഷ്ടങ്ങൾ. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യസമരപോരാളിയും ധീരദേശാഭിമാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നാമധേയത്തിൽ അറിയപ്പെടുന്നു എന്നുള്ളതു തന്നെ ഈ പ്രദേശത്തിന്റെ സാംസ്കാരികമഹത്വം വിളിച്ചോതുന്നു. ഓത്തുപള്ളിക്കൂടങ്ങളിലൂടെയും എഴുത്തുപള്ളിക്കൂടങ്ങളിലൂടെയും പള്ളിദർസുകളിലൂടെയുമുള്ള വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ അറിവുള്ളവരും, സംസ്ക്കാരസമ്പന്നരുമാക്കുന്നതിനു സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഈ പ്രദേശത്ത് ശ്രമങ്ങൾ നടന്നിരുന്നു.

ബഹുഭൂരിപക്ഷം കർഷകരും കൃഷിപ്പണിക്കാരായിരുന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ ഉത്സവം കാളപൂട്ട് മത്സരമായിരുന്നു. കോൽക്കളി, വായ്പ്പാട്ട്, ചവിട്ടുകളി, കാറകളി എന്നിവയും ആദ്യകാലത്ത് ജനങ്ങളുടെ പ്രിയപ്പെട്ട വിനോദയിനങ്ങളായിരുന്നു.

വിദ്യാഭ്യാസം

ഗ്രാമത്തിലെ ഭൂരിപക്ഷസമുദായമായ മുസ്ളീംങ്ങളുടെ ഓത്തുപള്ളിയും ഏകാംഗവിദ്യാലയങ്ങളും പുറമേ അങ്ങിങ്ങായി ചില ഹിന്ദു എലിമെന്ററി സ്കൂളുകളും നിലവിൽ വന്നു. ഓത്തുപള്ളികളായി തുടങ്ങിയ മതപഠനശാലകൾക്കു ഈ പഞ്ചായത്തിൽ തുടക്കം കുറിച്ചത്, ഇരുപതാം നൂറ്റാണ്ടിനുള്ളിലാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി അന്നത്തെ വിദ്യാഭ്യാസ തൽപ്പരരായ ആളുകൾ സ്ഥാപിച്ച അനൗപചാരിക വയോജന വിദ്യാഭ്യാസകേന്ദ്രങ്ങളാണ് പിൽക്കാലത്ത് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയത്. അബ്ദുറഹിമാൻ നഗറിൽ ആദ്യമായി സ്ഥാപിതമായ ലൈബ്രറിയാണ് പോപ്പുലർ ലൈബ്രറി ആന്റ് റീഡിംഗ് റൂം. 1974-ൽ സ്ഥാപിതമായ ഇരുമ്പുചോല ബാഫഖി തങ്ങൾ സ്മാരക ലൈബ്രറി ആന്റ് വായനശാല സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇരുമ്പുചോല മാപ്പിളകലാവേദി, ജനവിദ്യാകേന്ദ്രം എന്നിവയും ഈ ലൈബ്രറിയോടു ചേർന്നു പ്രവർത്തിക്കുന്നു.

ഗതാഗതം

1954 കാലഘട്ടത്തിൽ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിലേയും, വേങ്ങര-തേഞ്ഞിപ്പലം പഞ്ചായത്തുകളിലേയും നാട്ടുകാരണവൻമാരും പൊതുപ്രവർത്തകരും, ടിപ്പുസുൽത്താന്റെ പടയോട്ടകാലത്തെ ഏറ്റവും വലിയ “നടവഴി” ആയിരുന്നതും, തിരൂരങ്ങാടിയെ കൊണ്ടോട്ടിയുമായി ബന്ധിപ്പിക്കുന്നതുമായ നടപ്പാത റോഡാക്കി മാറ്റാൻ തീരുമാനമെടുത്തു. എ.ആർ.നഗറിലെ ജനമുന്നറ്റത്തിന്റെ തുടക്കമായിരുന്നു അത്.ഈ പഞ്ചായത്തിന്റെ മുഖഛായ മാറ്റിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചത് കൊണ്ടോട്ടി-തിരൂരങ്ങാടി റോഡിന്റെ നിർമ്മാണത്തോടെയായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ യാതൊരു ഗതാഗതസൌകര്യവും ഇല്ലാതിരുന്ന ഗ്രാമത്തിന് കൊണ്ടോട്ടി - തിരൂരങ്ങാടി റോഡിനു ശേഷം 17-ാം നമ്പർ നാഷണൽ ഹൈവേയും പഞ്ചായത്തിലൂടെ കടന്നുപോയതോടെ ഗതാഗതമേഖലയിൽ അഭൂതപൂർവ്വമായ മാറ്റം സംഭവിച്ചു.

തൊഴിൽ

ഇന്നാട്ടുകാർ അക്കാലത്ത് അടക്കവെട്ടുന്ന ജോലിയിലും മദിരാശി, ബാംഗ്ളൂർ പോലുള്ള വിദൂരനഗരങ്ങളിൽ ബിസ്കറ്റു നിർമ്മാണ ജോലിയിലും ഏർപ്പെട്ടിരുന്നു. ഈ വിദേശജോലിക്കാർ വീട്ടുകാർക്കായി അയച്ചുകൊടുക്കുന്ന പൈസയും കത്തുകളും വെള്ളക്കാട്ടുപടി(ഇന്നത്തെ വി.കെ പടി)യിലുണ്ടായിരുന്ന തപാലാഫീസ് മുഖേനയാണ് മേൽവിലാസക്കാർക്ക് എത്തിക്കൊണ്ടിരുന്നത്.

രാഷ്ട്രീയം

കോൺഗ്രസ് പ്രസ്ഥാനത്തിന് വളരെയേറെ വേരുകളുള്ള ഒരു ഗ്രാമമായിരുന്നു കൊടുവായൂർ. സ്വാതന്ത്ര്യസമരനായകൻ അബ്ദുറഹിമാൻ സാഹിബിന്റെയും സഹപ്രവർത്തകരുടെയും പ്രവർത്തനമേഖല കൂടിയായിരുന്നു ഈ പ്രദേശം.പ‍‍ഞ്ചായത്തിന് എന്ത് പേര് സ്വീകരിക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നങ്കിലും അന്നത്തെ പ്രബലകക്ഷികളായ കോൺഗ്രസും മുസ്ളീംലീഗും പഞ്ചായത്തിന്റെ പേരു മാറ്റണം എന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരായിരുന്നു. കൊടുവായൂരിലെ കോൺഗ്രസ് നേതാവും എ.ആർ.നഗറിലെ പ്രഥമ പ്രസിഡന്റുമായിരുന്ന വി.അഹമ്മദ് ആസാദ് ഈ ആവശ്യത്തിനു വേണ്ടി ഉറച്ചുപ്രവർത്തിച്ചു. മാറിവരുന്ന പേരു അബ്ദുറഹിമാൻ സാഹിബിന്റേത് ആയിരിക്കണമെന്ന് അക്കാലത്ത് ആസാദ് കോൺഗ്രസ് കമ്മിറ്റിയിൽ ഉന്നയിക്കുകയും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ കൊണ്ട് ഈ പേര് താത്വികമായി അംഗീകരിപ്പിക്കുകയും ചെയ്തു. 1962 ലാണ് കൊടുവായൂരിന്റെ പേര് അബ്ദുറഹിമാൻ നഗർ എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് നടന്ന പ്രവർത്തനഫലമായി വി.കെ.പടി പോസ്റ്റോഫീസ് അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസാക്കി മാറ്റി. 1969 കാലഘട്ടം വരെ വില്ലേജിന്റെ പേര് കൊടുവായൂർ എന്നുതന്നെ നിലനിന്നുപോന്നു. 1969-ലെ സർക്കാരാണ് കൊടുവായൂർ വില്ലേജിന്റെ പേരു അബ്ദുറഹിമാൻ നഗർ എന്നാക്കിമാറ്റിയത്.