മദ്രാസ്
തമിഴ്നാടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ് ചെന്നൈ. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ 34 -ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ. ചെന്നൈയും ചുറ്റുമുള്ള സ്ഥലങ്ങളും ഭരണപരമായും, സാമ്പത്തികമായും, സൈനികമായും പ്രാധാന്യമുള്ളതായി ഒന്നാം നൂറ്റാണ്ടു മുതലേ നിലനിന്നിരുന്നു. ചെന്നൈയിൽ, പല്ലാവരം എന്നയിടത്ത് നിന്നും ശിലായുഗത്തിലെ പല വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്. ഭാരതീയ പുരാവസ്തു വകുപ്പിന്റെ പട്ടികയിൽ, പല്ലാവരം ഒരു നവീന ശിലായുഗ ജനവാസ കേന്ദ്രമായിരുന്നു.
കി.മു. ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, വിജയനഗര സാമ്രാജ്യങ്ങളിൽ ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂർ പല്ലവസാമ്രാജ്യത്തിലെ പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതൽ കി.വ 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ഇൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി. 1612ൽ ഡച്ചുകാർ ചെന്നൈക്ക് വടക്ക്, പുലിക്കാട്ട് എന്ന സ്ഥലത്ത് ഒരു പട്ടണം സ്ഥാപിക്കുകയും ചെയ്തു.
1639 ആഗസ്റ്റ് 22ആം തിയ്യതി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫ്രാൻസിസ് ഡേ എന്നാ നാവികൻ കടൽ തീരത്ത് ഭൂമി വാങ്ങിയിരുന്നു. ആ സമയം, വന്ദവാസിയിലെ നായകനായ ദാമർല വേങ്കടാദ്രി നായകുടു ആയിരിന്നു ചെന്നൈ ഭരിച്ചിരുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വ്യവസായ ശാലകളും ശേഖരണ നിലവറകളും നിർമ്മിക്കാനുള്ള അനുമതിയും നൽകി. ഒരു വർഷത്തിനു ശേഷം ബ്രിട്ടിഷുകാർ സെന്റ് ജോർജ്ജ് കോട്ട നിർമ്മിക്കുകയും, പിൽക്കാലത്ത് തെക്കൻ ഭാരതത്തിന്റെ തന്നെ ഭരണ സിരാകേന്ദ്രം ആയിത്തീരുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം, ഇതേ കോട്ട തന്നെ തമിഴ്നാടിന്റെ നിയമസഭാ മന്ദിരമായും ഉപയോഗിച്ച് വന്നു. 1746ൽ അന്ന് മൌറിഷ്യസിന്റെ ഗവർണറായിരുന്ന ജനറൽ ലാ ബോർഡോനൈസിന്റെ നേതൃത്വത്തിലുള്ള സേന, ഈ കോട്ട പിടിച്ചടക്കുകയും, പട്ടണവും, സമീപ ഗ്രാമങ്ങളും മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു. മൂന്ൻ വർഷത്തിനു ശേഷം എയ്ക്സ്-ലാ-ചാപെല്ലെ കരാറിൻപടി ബ്രിട്ടിഷുകാർ കോട്ട തിരിച്ചു പിടിക്കുകയായിരുന്നു. അതിനു ശേഷം കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും നവീകരിച്ച്, ഇനിയൊരു യുദ്ധത്തെ നേരിടാൻ തക്ക പ്രാപ്തമാക്കി. മൈസൂരിലെ ഹൈദരലിയുടെ പടയോട്ടത്തെ ലക്ഷ്യമിട്ടായിരുന്നു നവീകരണം. 1759ൽ വീണ്ടും ഒരു ഫ്രഞ്ച് യുദ്ധത്തെ ചെന്നൈ അതിജീവിച്ചു. 1769ൽ മൈസൂർ രാജ്യത്ത് നിന്നും പട്ടണം യുദ്ധ ഭീഷണി നേരിട്ട്. പിന്നീട് മദ്രാസ് ഉടമ്പടിയിൽ യുദ്ധമില്ലാതെ ധാരണയിൽ എത്തി. പതിനെട്ടാം നൂറ്റാണ്ടിൽ തമിഴ്നാടിന്റെ ഏതാണ്ട് മുഴുവനും ആന്ധ്രാപ്രദേശിന്റെ വലിയ ഒരു ഭാഗവും കർണാടകവും മദ്രാസ് പ്രസിഡൻസിക്ക് കീഴിൽ വന്നു. അതിനു ശേഷമാണ് നഗരത്തിനെ നവീകരിച്ചതും നാവിക സേനയും മറ്റ് ആധുനിക സംവിധാനങ്ങളും കൊണ്ട് വന്നതും.
പത്തൊൻപതാം നൂറ്റാണ്ടോടു കൂടി വികസിതമായ ഒരു നഗരമാവുകയും, ബോംബെ, കൽക്കട്ട തുടങ്ങി വലിയ നഗരങ്ങളിലേക്ക് റെയിൽ ഗതാഗതം തുടങ്ങുകയും, വാർത്താ വിനിമയ ശൃംഖല സ്ഥാപിക്കുകയും ചെയ്തതോടെ, ചെന്നൈ തെക്കൻ ഭാരതത്തിന്റെ തലസ്ഥാനതുല്യമായി മാറി.
ഒന്നാം ലോകയുദ്ധ കാലത്ത് ഇന്ത്യയിൽ ആക്രമിക്കപ്പെട്ട ഒരേഒരു നഗരമാണ് മദ്രാസ്. ജർമൻ ലഘു ക്രൂസർ ആയ എസ്.എം.എസ്. എംഡൻ ആണ് 1914 സെപ്തംബർ 22നു ചെന്നൈ തീരത്തെ ആക്രമിച്ചത്. ആ സംഭവത്തിന്റെ ഓർമക്കായി സെന്റ് ജോർജ്ജ് കോട്ടയിൽ ഒരു ശിലയും ഉണ്ട്. അവലംബം: വിക്കിപീഡിയ