ജി എൽ പി എസ് പാക്കം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ) (pakkam charithrarekhakalil)

പാക്കം ചരിത്ര രേഖകളിൽ

  പ്രാചീന കാലം മുതൽ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു പാക്കം പ്രദേശം എന്നതിനുള്ള അടയാളപ്പെടുത്തലുകൾ ഇന്നും ഈ പ്രദേശത്ത് കണ്ടെത്താനാകും.പുരാതന സംസ്കാരങ്ങളുടെ ഭാഗമായ നന്നങ്ങാടിയും ക്ഷേത്രാവശിഷ്ടങ്ങളും മൺ തറകളുമെല്ലാം ഈ ചരിത്രം നമ്മോടുവിളിച്ചോതുന്നു.

  വേടരാജാക്കന്മാർ പണിതു എന്ന് കരുതപ്പെടുന്ന പാക്കം കോട്ട ക്ഷേത്രവും സമീപ പ്രദേശത്തെ വനങ്ങളിൽ കാണപ്പെടുന്ന ക്ഷേത്രാവശിഷ്ടങ്ങളും കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്.വില്യം ലോഗന്റെ  മലബാർ മാന്വലിലും മറ്റു ബ്രിട്ടീഷ് ഉദ്യോഗസ്ഥർ എഴുതിയ കത്തിടപാടുകളിലും പാക്കത്തെ കൃഷിക്കാരെക്കുറിച്ചും കൃഷികളെക്കുറിച്ചും പരാമർശിച്ചു കാണുന്നു

  ചാമ,മുത്താറി,ചോളം,മുതിര,തുടങ്ങിയവയെല്ലാം ഈ പ്രദേശത്തു വൻതോതിൽ കൃഷി ചെയ്തിരുന്നു.പാക്കം ചെറിയമല,ഭാഗത്തു ബ്രിട്ടീഷ് അധിനിവേശകാലത്തു  കാപ്പിക്കൃഷിയും ഉണ്ടായിരുന്നു. ജലസമൃദ്ധങ്ങളായ പ്രകൃതിദത്തതോടുകളും ജലാശയങ്ങളും കബനീനദിയും ഫലഭൂയിഷ്ഠമായ മണ്ണും ഈ പ്രദേശത്തെ അധിനിവേശങ്ങൾക്കു കാരണമായിരിക്കാം.കൃഷിയധിഷ്ഠിതമായ ഒരു ജനസമൂഹം ഇവിടെ അധിവസിച്ചിരുന്ന എന്നതിന് ഒട്ടേറെ തെളിവുകൾ ചരിത്ര രേഖകളിൽ കാണാം.ടിപ്പുവിന്റെ പടയോട്ടത്തിന്റെ തുടർന്ന് പാക്കം കോട്ടയും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു എന്ന് പഴമക്കാർ പറയുന്നു.ബാവലിയിൽ ടിപ്പുസുൽത്താൻ പണിത പാലവും വനപാതകളും അതിലേക്കു വിരൽചൂണ്ടുന്നു.1800നു ശേഷം പാക്കം പ്രദേശത്തിന്റെയാകെ ആധിപത്യം പഴശ്ശിരാജയുടെ കൈകളിലെത്തിച്ചേർന്നു.കുറുവാദ്വീപിന്റെ ഉൾപ്രദേശത്തു ആയുധപരിശീലനം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നതായി കാണാൻ കഴിയും.ചുറ്റും കബനീനദിയുടെ കൈവഴികളാൽ വലയം ചെയ്തു പുഴയോരത്തെ  ഉയർന്ന നിത്യഹരിതസസ്യജാലങ്ങളുടെ മറവിൽ താവളമടിച്ചതു തന്ത്രപ്രധാനമായ ഒരു നീക്കമായിരുന്നു.അന്നുണ്ടായിരുന്ന കുറിച്യകുറുമവിഭാഗത്തെ ആയുധ വിദ്യ പഠിപ്പിച്ചു ബ്രിട്ടീഷ്കാർക്കെതിരെ യുദ്ധത്തിനൊരുക്കിയതിനു ഈ പ്രദേശം സാക്ഷ്യം വഹിച്ചു.