ഗവ. എച്ച് എസ് തോൽപ്പെട്ടി/എന്റെ ഗ്രാമം
തോൽപ്പെട്ടി
വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശമാണ് തോൽപ്പെട്ടി. തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത് പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ്. കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം വിഭിന്ന ജനവിഭാഗങ്ങൾ ഒരുമിച്ചു താമസിക്കുന്നിടമാണ്. മലയാളത്തോടൊപ്പം കന്നടയും കന്നടയും മലയാളവും ചേർന്ന വിവിധ ഗോത്രഭാഷകളും ആളുകൾ സംസാരിക്കുന്നു.
ഭൂപ്രകൃതി
തോൽപ്പെട്ടി ഗ്രാമത്തിന്റെ മൂന്നുഭാഗവും വനത്താൽ ചുറ്റപ്പെട്ടാണിരിക്കുന്നത്. പടിഞ്ഞാറ് ഭാഗം കർണാടക വനം അതിരിടുമ്പോൾ കിഴക്കും വടക്കും തോൽപ്പെട്ടി വന്യജീവിസങ്കേതത്തിലെ വനമാണ്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ഉണ്ടാക്കിയ തേക്ക് പ്ളാന്റേഷനുകളാണ് വനത്തിന്റെ ഭൂരിഭാഗവും. തെക്കുഭാഗം വിവിധ തരം വിളകൾ കൃഷിചെയ്യുന്ന വൻകിട-ചെറുകിട തോട്ടങ്ങളാണുള്ളത്. വെള്ളറ, തോൽപ്പെട്ടി പ്രദേശങ്ങളിലെ വിശാലമായ വയലേലകളിൽ നെൽക്കൃഷിയാണ് പ്രധാനം.ഏകദേശം അഞ്ഞൂറ് ഹെക്റ്ററോളം ഭൂവിസ്തൃതി വരുന്ന ഗ്രാമത്തിൽ എഴുന്നൂറോളം വീടുകളുണ്ട്. ബാർഗിരികുന്നിൽ നിന്നും പുറപ്പെടുന്ന ബാർഗിരി തോടും നരിക്കൽത്തോടും കൂടിച്ചേർന്ന് നായിക്കട്ടിത്തോട് രൂപം കൊള്ളുന്നു. ഇതാണ് തോൽപ്പെട്ടിയിലെ പ്രധാന നീർച്ചാൽ. നായിക്കട്ടിത്തോട് ബേഗൂർപുഴയിൽ ചേരുകയും ഈ പുഴ ബാവലിയിൽ വെച്ച് കബനിനദീയോട് ചേരുകയും ചെയ്യുന്നു. കാട്ടിനുള്ളിലെ ചെറിയ തടാകങ്ങളും പാറക്കുളങ്ങളും മറ്റു ജലസ്രോതസ്സുകളാണ്.
ജനങ്ങൾ
പഴയകാലത്തു തന്നെ ജനവാസമുള്ള ഈ പ്രദേശത്ത് വ്യത്യസ്തജനവിഭാഗങ്ങൾ താമസിക്കുന്നു. കാട്ടുനായ്ക്കർ, പണിയർ, അടിയർ, കുറിച്യർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ ഒരുമിച്ചുള്ള താമസസ്ഥലങ്ങൾ ഈ പ്രദേശത്തുണ്ട്. ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ആദിവാസികളാണ്. തോട്ടങ്ങളിലെ കൃഷിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. കുടകുപ്രദേശത്തുള്ള വൻകിടത്തോട്ടങ്ങളിൽ ജോലിക്കു നിത്യവും പോയിവരുന്നവരാണ് ഏറെപ്പേർ. കാപ്പിത്തോട്ടങ്ങളിലും കുരുമുളകു തോട്ടങ്ങളിലും വിളവെടുപ്പു സമയങ്ങളിൽ കുടുംബമായി ജോലിക്കു പോകുന്ന സ്വഭാവവുമുണ്ട്. അതിർത്തിക്കപ്പുറത്തുനിന്ന് അരി തലച്ചുമടായി കടത്തുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നവർ ഏറെയുണ്ടായിരുന്നു. ചൊവ്വാഴ്ചകളിൽ കുട്ട ടൗണിൽ നടക്കുന്ന പ്രാദേശികചന്തയിൽ നിന്നും ആളുകൾ അരിയും സാധനങ്ങളും വാങ്ങുന്ന രീതി അടുത്തകാലം വരെ നിലനിന്നിരുന്നു. ചെറുതും വലുതുമായ കാവുകളും ദേവതാ സങ്കേതങ്ങളും ഒരു മുത്തപ്പൻ ക്ഷേത്രവും ഇവിടെ ഉണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഒരു കൃസ്ത്യൻപള്ളി പ്രധാന പാതയ്ക്കു സമീപം ഫോറസ്റ്റ് ചെക്കുപോസ്റ്റിനടുത്തായി സ്ഥിതിചെയ്യുന്നു. ധാരാളം മുസ്ലീം പള്ളികളും മദ്രസകളും ഇന്ന് തോൽപ്പെട്ടിയിലുണ്ട്.
ചരിത്രം
പ്രാചീന കാലത്തുതന്നെ ഇവിടെ വിവിധ ജനവിഭാഗങ്ങൾ താമസിച്ചിരുന്നു. അവരിൽ ഭൂവുടമകളും തോട്ടംതൊഴിലാളികളും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. വയനാട്ടിലെ തന്നെ ആദ്യത്തെ കാപ്പിത്തോട്ടങ്ങളിലൊന്ന് 1921 ൽ തോൽപ്പെട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. വില്യം ചാൾസ് റൈറ്റ് എന്ന സായിപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന എസ്റ്റേറ്റായിരുന്നു അത്. അമ്പതുശതമാനത്തോളം കാപ്പിത്തോട്ടങ്ങളുള്ളതിൽ നിലവിലുള്ളതിൽ ഏറ്റവും വലുത് ബാർഗിരി എസ്റ്റേറ്റും നരിക്കൽ എസ്റ്റേറ്റ് എന്ന് അറിയപ്പെട്ടിരുന്ന പീവീസ് പ്ളാന്റേഷനുമാണ്.
പ്രധാന സ്ഥാപനങ്ങൾ
- തോൽപ്പെട്ടി വന്യജീവിസങ്കേതം ഓഫീസ്
- ഫോറസ്റ്റ് സ്റ്റേഷൻ
- സി.എ.എൽ.പി സ്ക്കൂൾ
- പോസ്റ്റ്ഓഫീസ്
- തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്ക് ശാഖ
- തോൽപ്പെട്ടി ക്ഷീരോൽപാദക സഹകരണസംഘം
- എക്സൈസ് ചെക്ക്പോസ്റ്റ്
- ഫോറസ്റ്റ് ചെക്ക്പോസ്റ്റ്
- വില്ലേജ് ഹെൽത്ത് സെന്റർ
- ട്രൈബൽ വായനശാല
- നാല് അംഗൻവാടികൾ
പ്രധാന വ്യക്തികൾ
പ്രദേശത്തെ പഴയ കാലത്തെ ഭൂവുടമയായ ശ്രീ കോളൂർ നഞ്ചപ്പയാണ് തോൽപ്പെട്ടിയിലെ യു.പി സ്ക്കൂളിനും CALPS എന്നറിയപ്പെടുന്ന ലോവർപ്രൈമറിസ്ക്കൂളിനും ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത്. അതോടൊപ്പം വിദ്യാലയങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ കെട്ടിടങ്ങളുടെ സ്ഥാപനത്തിനും മറ്റു കാര്യങ്ങൾക്കും നേതൃത്തവം നൽകിയതും അദ്ദേഹമാണെന്ന് പഴമക്കാർ പറയുന്നു. ഇങ്ങനെ സ്ഥാപിച്ച യു.പി സ്ക്കൂളാണ് പിന്നീട് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.
വികസന സാധ്യതകൾ
വയനാട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനേദസഞ്ചാരികൾ എത്തിച്ചേരുന്നകേന്ദ്രമാണ് തോൽപ്പെട്ടി വന്യജീവിസങ്കേതം. ഇവിടുത്തെ സൗകര്യങ്ങൾ വർധിപ്പിക്കുകയും പ്രകൃതിയെ അടുത്തറിയാനും ഉൾക്കൊള്ളാനും പറ്റിയ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് പ്രദേശവാസികൾക്ക് വരുമാനവും തൊഴിലും നൽകും. സംരക്ഷണ-ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധ ആകർഷിക്കുകയും അതുവഴി കൂടുതൽ ആളുകളെ ആകർഷിക്കുകയും ചെയ്യാവുന്ന തരത്തിൽ മാറ്റിയെടുക്കണം. പ്രദേശത്തുള്ള കാപ്പിത്തോട്ടങ്ങലിലും ഓറഞ്ച് തോട്ടങ്ങലിലും ഫാം ടൂറിസത്തിന് നല്ല സാധ്യതകൾ നിലനിൽക്കുന്നുണ്ട്. പൊതുവെ റിസോർട്ടുകൾ ധാരാളമുള്ള ഈ പ്രദേശത്ത് പ്രകൃതിസൗഹൃദ താമസസ്ഥലങ്ങളും അനുഭവങ്ങളും പ്രദാനം ചെയ്യുന്നത് വിദേശികളുൾപ്പെടെയുള്ളവരെ ഇങ്ങോട്ട് ആകർഷിക്കും. പ്രദേശവാസികളെ ഉത്തരവാദിത്തസംരംഭകരാക്കിമാറ്റാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പ്രാക്തനഗോത്രവിഭാഗങ്ങളുടെ താമസസ്ഥലം കൂടിയായ തോൽപ്പെട്ടി പ്രദേശത്ത് അവരുടെ തനത് സംസ്ക്കാരവും ജീവിതശൈലിയും നിലനിർത്താനും പോഷിപ്പിക്കാനും ഉള്ള സംവിധാനങ്ങൾ അത്യാവശ്യമാണ്. അതോടൊപ്പം അവരുടെ കലകളെയും കലാരൂപങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുന്നത് അവയുടെ സംരക്ഷണത്തിനും അതുവഴി ആ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിന്നും ഏറെ പ്രയോജനപ്പെടും. കോൽക്കളി, വട്ടക്കളി എന്നിങ്ങനെയുള്ള തനത് കലാരൂപങ്ങൾ ഉൾപ്പെടുത്തി ഗോത്രമേളകളും ഉൽസവങ്ങളും എല്ലാ വർഷവും ആസൂത്രണം ചെയ്യാവുന്നതാണ്. സഞ്ചാരികളുടെ പറുദീസയായ കുടകുപ്രദേശവുമായുള്ള സാമീപ്യവും ഈ ഗ്രാമത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും പ്രയോജനപ്പെടുത്താനാവും.