എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ഓർമക്കുറിപ്പിലേക്ക്

22:48, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MAMLPS34326 (സംവാദം | സംഭാവനകൾ) ('{| class="wikitable" |+ ! !സ്മൃതിയുടെ ആഴങ്ങളിൽ കോവിഡ് ഐ സി യു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്മൃതിയുടെ ആഴങ്ങളിൽ

കോവിഡ് ഐ സി യു വിൽ ജീവനുവേണ്ടി പിടയുന്ന 60 രോഗികളുടെ ചുമതല അന്ന് എനിക്കായിരുന്നു. അവരുമായി ഘടിപ്പിച്ചിരുന്ന വെന്റിലേറ്ററുകളുടെ തുളച്ചുകയറുന്ന ശബ്ദവും, PPE കിറ്റി നുള്ളിൽ വെന്തുരുകുന്ന ശരീരവും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമയം ഇഴഞ്ഞുനീങ്ങുന്ന പോലെയാണ് എനിക്ക് തോന്നിയത്. മാടിവിളിച്ചു കൊണ്ടിരുന്ന നിദ്രയെ തോൽപ്പിക്കാൻ എന്നവണ്ണം 15 വർഷം പുറകിലേക്ക് ആ ഓർമ്മകൾ എന്നെയും കൊണ്ട് സഞ്ചരിച്ചു.             നഴ്സറിയിൽ നിന്നും എം എ എം എൽ പി സ്കൂളിലേക്ക് പഠിക്കാൻ പോകുന്നു എന്ന വലിയ സംഭവം ഇന്നും ഒരുമധുര സ്വരമായി നിലകൊള്ളുന്നു. അമ്മയുടെയും അച്ഛനെയും കൈകൾ പിടിച്ച് യൂണിഫോം ധരിച്ച്, വലിയ ബാഗ് ഒക്കെ തോളിലേറ്റി  സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ചപ്പോൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ഓമന ടീച്ചർ സ്നേഹത്തോടെ തലോടി "മിടുക്കി ആയി പഠിക്കണം, നല്ല കുട്ടിയായി വളരണം  " എന്നുപറഞ്ഞ് അനുഗ്രഹിച്ചതും ഒരു യാഥാർത്ഥ്യമായി. നീണ്ട നാല് വർഷത്തെ എൽ പി സ്കൂൾ പഠനം  സത്യത്തിൽ ഇന്നും ഞാൻ ആഗ്രഹിക്കുന്നത് പോലെ തോന്നുന്നു.            അധ്യാപകരുടെ സ്നേഹ സാന്ത്വനത്തിനും, കൊച്ചു സഹപാഠികളുടെ കളിചിരികൾക്കും പകരം ഒന്നുമില്ല തന്നെ. എത്ര എത്ര ദിനങ്ങൾ,പഠനത്തിന്റെ വഴികളിലൂടെ, മത്സരത്തിലെ വഴികളിലൂടെ, പരാജയങ്ങളുടെയും നേട്ടങ്ങളുടെയും അനുഭവങ്ങളിലൂടെ... അങ്ങനെ എത്ര എത്ര നിമിഷങ്ങൾ. എനിക്ക് അസാധ്യമായി ഒന്നുംതന്നെയില്ല എന്ന് പല ആവർത്തി പറഞ്ഞിരുന്ന ഓരോ അധ്യാപകരും എനിക്ക് പ്രിയപ്പെട്ടതായി. അമ്മയുടെ സ്നേഹം നൽകിയാണ് അവർ എനിക്ക് പ്രിയപ്പെട്ടവർ ആയിത്തീർന്നത്. സജിത സിസ്റ്റർ,ലിൻസി സിസ്റ്റർ ,ലിസി ടീച്ചർ, മേഴ്സി ടീച്ചർ,ക്യൂൻസി സിസ്റ്റർ,ധന്യ ടീച്ചർ, നിഷ ടീച്ചർ.. ഇവരുടെ സ്നേഹം  ഒരിക്കലും മായാത്ത ഓർമ്മകളായി.         സ്കൂൾ ലീഡർ ആയിരുന്ന സമയങ്ങളിലൊ ക്കെയും മറ്റു കുട്ടികൾ സംസാരിക്കുമ്പോൾ ലീഡറായ എനിക്കും അടി കിട്ടുമായിരുന്നു, പിന്നീട് കൂടെയുള്ളവരെ നന്നായി നയിക്കുന്നതാണ് ഒരു ലീഡറുടെ ചുമതല എന്ന പാഠമാണ് എന്നെ ഏറെ ആകർഷിച്ചത്. ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഏതൊരു അഗ്നിപരീക്ഷ നേരിടാനുംഎന്നെ പ്രാർത്ഥി ആക്കിയത്, അതിനുള്ള അടിത്തറ ലഭിച്ചത് ഈ അങ്കണത്തിൽ നിന്നായിരുന്നു. ഗാന മത്സരങ്ങൾ, ബുദ്ധി പരീക്ഷകൾ, എക്സിബിഷനുകൾ, കലോൽസവങ്ങൾ, എല്ലാം ഭാവിയുടെ പോഷകഘടകങ്ങൾ ആയിരുന്നു. ഒരിക്കൽ പടിയിറങ്ങിയ പ്പോഴും ദുഃഖം മനസ്സിനെ കീഴടക്കിയിരുന്നു. പക്ഷേ ആ  ഓർമ്മകൾ..      "ഡോക്ടർജി ഒന്ന് ഇവിടേക്ക് വരൂ  ".... സിസ്റ്ററുടെ വിളികേട്ട് ആണ് ഞാൻ ഒരുപാട് ദൂരം സഞ്ചരിച്ചു എന്ന് മനസ്സിലായത്. പഠിച്ചുവളർന്ന വിദ്യാലയവും അവിടുത്തെ ഓർമ്മകളും നിലനിൽക്കുന്നിടത്തോളം കാലം എന്നിലെ പ്രചോദനം അണയാതെ എന്ന് നിലകൊള്ളും.