ജി യു പി എസ് കണ്ണമംഗലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36278kannamangalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുംഭഭരണി മഹോത്സവം ഉത്സവം എന്നു കേൾക്കുമ്പോൾ ചെട്ടികുളങ്ങരക്കാരുടെ മനസ്സിൽ ആദ്യമെത്തുന്നത് കുംഭഭരണിയാണ്‌. എല്ലാ വർഷവും കുംഭമാസത്തിലെ ഭരണി നാളിലാണ് ഈ ഉത്സവം നടക്കുന്നത്. ജാതി മതഭേദമന്യേ എല്ലാവരും ഒരുങ്ങുന്ന ഒരു ഉത്സവമാണിത്. ചെട്ടികുളങ്ങരയിലെ 13 കരക്കാർ ഒരുമിച്ചു ചേർന്നാണ് ഇതു നടത്തുന്നത്. കുത്തിയോട്ടവും ,കെട്ടുകാഴ്ച്ചയുമാണ് ഈ ഉത്സവത്തിൻ്റെ പ്രത്യേകതകൾ.

കുത്തിയോട്ടം

ഇത് ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ ഒരു അനുഷ്ഠാന കലയാണ്.കുംഭഭരണിക്ക് ഏഴുനാൾ മുൻപ് തന്നെ അനുഷ്ഠാനങ്ങൾ ആരംഭിക്കും. ആദ്യമായി പന്തലിട്ട് ദേവീസ്ഥാനമൊരുക്കും. പന്തൽ ആലില ,മാവില, കവുങ്ങിൻ പൂക്കുല, കുരുത്തോല ഇവ കൊണ്ടലങ്കരിക്കും. ഈ പന്തലിൽ വെച്ച് കുത്തിയോട്ടത്തിനൊരുങ്ങുന്ന കുട്ടികളെ നൃത്തച്ചുവടുകൾ അഭ്യസിപ്പിക്കും. ദേവീസ്ഥാനങ്ങളിൽ ദിവസവും ദീപാരാധനയും, പാട്ടും, ഭക്ഷണവുമുണ്ടാകും. ചൂരൽ കുത്തൽ ചടങ്ങാണ് കുത്തിയോട്ടത്തിൽ പ്രധാനം.കുത്തിയോട്ട ദിവസം ദേവി സ്ഥാനത്തിനു മുൻപിൽ വെച്ച് ചൂരൽ കുത്തുന്നു. ചൂരൽ കുത്തിയ കുട്ടികളെ ഘോഷയാത്രയായി വാദ്യങ്ങളുടെ അകമ്പടിയോടെ നൃത്തം ചെയ്ത് ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും.പ്രദക്ഷിണത്തിനു ശേഷം ദേവിയുടെ മുൻപിൽ ചൂരൽ സമർപ്പിക്കുന്നു.

കെട്ടുകാഴ്ച്ച

ഓണാട്ടുകരക്ക് അഭിമാനമായി ചെട്ടികുളങ്ങര കുംഭഭരണിയിലെ കെട്ടുകാഴ്ച്ച യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 90 മുതൽ 120 അടി വരെ ഉയരമുള്ള കെട്ടുകാഴ്ചകളാണ് ഇവിടെ ഒരുക്കുന്നത് .നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഈ കെട്ടുകാഴ്ച്ചക്ക്.ഭരണി നാളിൽ ഉച്ചകഴിഞ്ഞാണിത്. ക്ഷേത്രത്തിനു ചുറ്റുമുള്ള 13 കരകളുടെ പങ്കാളിത്തത്തോടെയാണീ കെട്ടുകാഴ്ച്ച നടക്കുന്നത്.ഭീമാകാരമായി അലങ്കരിച്ച എടുപ്പുകുതിരകൾ, തേരുകൾ, ഇതിഹാസ കഥാപാത്രങ്ങളായ ഹനുമാൻ, ഭീമൻ, പാഞ്ചാലി തുടങ്ങിയവയും, രൂപങ്ങളും വൻ ജനാവലിയോടെ ക്ഷേത്രത്തിനു കിഴക്കുവശത്തെ വയലിലെത്തിക്കുന്നു. ഓരോ കരയുടേയും ക്രമമനുസരിച്ചാണ് കെട്ടുകാഴ്ച്ച എഴുന്നള്ളത്ത് വയലിലെത്തിക്കുക.

കൊഞ്ചും മാങ്ങ

കുംഭഭരണി നാളിൽ ഓണാട്ടുകരയിലെ എല്ലാ വീടുകളിലും സദ്യയുടെ കൂടെ ഒരുക്കുന്ന ഒരു വിഭവമാണ് കൊഞ്ചും മാങ്ങ .കുത്തിയോട്ടം കാണാൻ പോയ ഒരമ്മ അടുപ്പിലിരുന്ന തൻ്റെ കൊഞ്ചും മാങ്ങ കരിയരുതേ എന്നു ദേവിയെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോയി അടുപ്പിൽ കൃത്യം പാകത്തിനുള്ള കൊഞ്ചും മാങ്ങ. ഇതാണ് ചെട്ടികുളങ്ങരക്കാർ കുംഭഭരണി നാളിൽ കൊഞ്ചും മാങ്ങ ഉണ്ടാക്കുന്നതിൻ്റെ ഐതീഹ്യം.