എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/തലക്കുടക്കാലം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തലക്കുടക്കാലം / തോട്ടത്തിൽ മൂസ്സ

1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ പിടികപ്പുറായിൽ കോയാമു സാഹിബ് മാനേജരായിരുന്ന, പതിമംഗലം വളവിൽ അന്നുണ്ടായിരുന്ന എയ്ഡഡ് സ്കൂളിൽ ഞാൻ മൂന്നാം ക്ലാസ്സിലായിരുന്നു. അധികാരി കുഞ്ഞിരാമൻ നായരുടെ ഭാര്യ മാധവി ടീച്ചർ, ഇണിചിര ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുന്ദമംഗലത്തേക്ക് നാട്ടുകാർ നടത്തിയ സ്വാതന്ത്ര്യ ഘോഷയാത്ര ഇന്നും ഓർമയുണ്ട്. പിന്നീട് ഞാൻ ടി സി വാങ്ങി ചൂലാംവയൽ സ്കൂളിൽ ചേർന്നു. നെടുംകണ്ടത്തിൽ ചന്തുമാസ്റ്ററായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ,

പഴയകാല ഓർമ്മകൾ നിങ്ങളുമായി പങ്കുവെക്കുന്നതിൽ സന്തോഷമേയുള്ളു. ചെരുപ്പില്ലാതെയാണ് വിദ്യാർത്ഥികൾ അക്കാലത്ത് സ്കൂളിലേക്ക് വന്നിരുന്നത്. ബാഗും യൂണിഫോമും ഇല്ല. മഴക്കാലത്ത് ചിലർ പനയോല കൊണ്ട് നിർമ്മിച്ച തലക്കുട ഉപയോഗിച്ച് വരും. ചുരുക്കം ചിലർ വാഴയിലയും. സ്കൂളിലെത്തിയാൽ സ്ലേറ്റിൽ പെൻസിൽ ഉപയോഗിച്ചാണ് എഴുത്ത്. അക്ഷരമുറയ്ക്കാൻ ക്ലാസിന്റെ മൂലയിൽ മണലിൽ എഴുതിപ്പഠിക്കുമായിരുന്നു. മഞ്ചാടിക്കുരു ഉപയോഗിച്ചായിരുന്നു എണ്ണം പഠിച്ചിരുന്നത്. വാഴപ്പോള ഉപയോഗിച്ച് പന്തുണ്ടാക്കി കളിക്കും. വെട്ടുകളി എന്നായിരുന്നു ഈ കളിയുടെ പേര്. പെൺകുട്ടികൾ അന്ന് വളരെ കുറച്ച് പേർ മാത്രമേ സ്കൂളിൽ വന്നിരുന്നുളളൂ. പഠിക്കാത്തവർ തോറ്റ് ഒരു വർഷം അധികം അതേ ക്ലാസിൽ പഠിക്കണം.

ഇന്ന് കാണുന്ന റോഡ് അന്ന് ടാർ ചെയ്തിട്ടില്ലായിരുന്നു. റോഡിലൂടെ കാളവണ്ടിയും കുതിരവണ്ടിയും മാത്രം. പണക്കാർ കുതിരവണ്ടിയിലായിരുന്നു യാത്ര. വട്ടംപാറക്കൽ കോയസ്സൻ കുട്ടി, മേക്കോത്ത് ഹുസ്സൈൻകുട്ടി, ഒളോങ്ങൽ ഹുസൈൻ തുടങ്ങിയവർക്ക് കാളവണ്ടികൾ ഉണ്ടായിരുന്നു. കോഴിക്കോട്ടേക്ക് കൊപ്രയും മറ്റു കാർഷിക ഉൽപ്പന്നങ്ങളും തിരിച്ചിങ്ങോട്ട് അരി, മുളക്, മല്ലി, മണ്ണെണ്ണ, ശർക്കര, പഞ്ചസാര ഉപ്പ്, പച്ചക്കറികൾ തുടങ്ങിയ സാധനങ്ങളും കാളവണ്ടിയിലായിരുന്നു കൊണ്ടുവന്നിരുന്നത്.

അക്കാലത്ത് നമ്മുടെ നാട്ടിൽ കല്യാണങ്ങൾ കൂടുതലായും നടന്നിരുന്നത് രാത്രി കാലങ്ങളിലായിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ വെളിച്ചത്തിന് പൊട്രോമാക്സ് ഉപയോഗിക്കും. ഇശാഇന് (രാത്രി നമസ്കാരം) ശേഷം പുതിയാപ്പിള പെണ്ണിന്റെ വീട്ടിലേക്ക് പോകും. കൂടെ അമ്പതോളം പേരുണ്ടാവും. പെട്രോമാക്സ് വെളിച്ചത്തിൽ നടന്നാണ് യാത്ര. പ്രധാന വിഭവം മഞ്ഞച്ചോറും കോഴിക്കറിയുമായിരുന്നു. ഇന്നത്തെപ്പോലെ ബ്രോയിലർ കോഴി സമ്പ്രദായം അന്നില്ല. വെറ്റിലയും പുകയിലയും അടക്കയും ഭാര്യാവീട്ടിലേക്ക് കൊണ്ടുപോയിരുന്ന ഒരു പ്രധാന വിഭവമായിരുന്നു. ഇത് ചുമക്കാൻ പ്രത്യേകമായി ഒരാളെ ഏർപ്പാടാക്കുമായിരുന്നു. നിക്കാഹ് കഴിഞ്ഞ ശേഷം മാത്രമേ വെറ്റിലയും പുകയിലയും അടങ്ങിയ വലിയ കെട്ട് വീട്ടിനുള്ളിലേക്ക് എത്തിക്കുകയുള്ളൂ. കല്യാണപ്പിറ്റേന്ന് ഭാര്യാവീട്ടുകാർ ഇവ വീതിച്ച് എല്ലാ ബന്ധുമിത്രാദികൾക്കും അയൽവീട്ടുകാർക്കും നൽകണം. അഥവാ ആർക്കെങ്കിലും നൽകാൻ വിട്ടുപോയാൽ അവർക്ക് പിന്നെ പരിഭവവും പിണക്കവുമായിരിക്കും. പുതിയാപ്പിളക്കും പണക്കാരായ അപൂർവ്വം ചിലർക്കും മാത്രമേ അന്ന് ചെരുപ്പ് ഉണ്ടായിരുന്നു. ആയതിനാൽ തന്നെ പുതിയാപ്പിളയുടെ ചെരുപ്പ് നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കുമായിരുന്നു.

കൃഷി ആയിരുന്നു അന്നത്തെ പ്രധാന തൊഴിൽ. കുരുമുളക് വിറ്റിട്ടാണ് ‍ഞാൻ 100 രൂപയുടെ നോട്ട് ആദ്യമായി കാണുന്നത്. കോയട്ടിക്കയുടെ ചായപീടികയിൽ നിന്ന് ഒരണക്ക് ഒരു പ്ലേറ്റ് കപ്പ കിട്ടും. നടപ്പുദീനം(കോളറ) ബാധിച്ച് നമ്മുടെ പ്രദേശത്തു നിന്ന് ഒരുപാടു പേർ മരിച്ചത് ഇന്നും ഓർമ്മയിലുണ്ട്.

അന്നത്തെ സ്കൂൾ വാർഷികത്തിൽ മൈക്ക് സെറ്റും സംവിധാനങ്ങളുമില്ലാതെ പരിപാടികൾ അവതരിപ്പിച്ചിരുന്നു. തൊണ്ണൂറാം വാർഷികം ആഘോഷിക്കുന്ന മാക്കൂട്ടം സ്കൂളിന് എന്റെ എല്ലാ ആശംസകളും നേരുന്നു.