ഹൃദയനൊമ്പരം
ഞാനിന്നൊരു മഹായജ്ഞശാല
എന്നുള്ളമതിനുള്ളിലഗ്നികുണ്ഡം
എന്നിലെ സ്നേഹവും മോഹവുമെല്ലാമെ
വെന്തുവെണ്ണീറായി തീർന്നുവിന്ന്
സ്നേഹിപ്പതെന്തിനു വേർപിരിയാൻ
മോഹിപ്പതെന്തിനു വ്യർഥമാകിൽ
ഇന്നു നാം കാൺമതു നാളെയോ കാണില്ല
എങ്കിലും എന്നുള്ളം നീറിടുന്നു.
പുല്ലിനും പൂവിനും ജീവജാലങ്ങൾക്കും
എന്തിനു നല്കി നീ ജന്മമീശ?
പൊട്ടിമുളച്ചു വളരുന്നതിൻ മുമ്പേ
തട്ടിയെടുക്കുവാൻ വേണ്ടിയല്ലോ?
ജീവൻകൊടുത്തു രസിക്കുകയും
ജീവനെടുത്തതിൻ മാറ്റുകൂട്ടുകയും
എന്നുള്ളമെന്തിനു നിന്നെ വിളിക്കുന്നു
ഇന്നു നിൻ പേരു മറന്നുപോയ് ഞാൻ
ഈ ലോക മിന്നുനിൻ നാടകശാലയാ-
മാലോകരെല്ലാം നടീനടന്മാർ
ഈ നടനശാലയിലെന്തിനു നൽകി നീ
കോമാളി തൻ വേഷമിന്നെനിക്ക്
എന്റെയീ വേഷമഴിച്ചെടുക്കാൻ
എന്നു നീയെത്തുമീ വേദിയിൽ
ഇനിയെത്ര ഞാനിനി നീറിടേണം
ഇനിയെത്ര ഞാൻ നടനമാടിടേണം.
|