ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം/പ്രശസ്ത വ്യക്തികൾ

11:12, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രശസ്ത വ്യക്തികൾ

ഭാഷാ പിതാവായ എഴുത്തച്ഛന്റെ സമാധി സ്ഥിതി ചെയ്യുന്ന ചിറ്റൂരിന്റെ പ്രശസ്തി എപ്പോഴും ഉയർന്നു നിൽക്കുന്നു. മാത്രമല്ല ചിറ്റൂരിൽ ഒട്ടനവധി പ്രശസ്ത വ്യക്തികൾ ജനിച്ചതും വളർന്നതുമായ ഒരു പാരമ്പര്യം തന്നെ ചിറ്റൂരിനുണ്ട്. അത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടാം


ഡോ. അമ്പാട്ട് രാവുണ്ണി മേനോൻ

 
ഡോ. അമ്പാട്ട് രാവുണ്ണി മേനോൻ

1886 ഏപ്രിൽ 6 ന് ജനനം. ചിറ്റൂർ അമ്പാട്ട് തറവാട്ടിലെ കുടുംബാംഗമാണ് ഇദ്ദേഹം. പ്രമുഖ ഡോക്ടറും സാമൂഹ്യ പ്രവർത്തകനും തൃശൂർ, പാലക്കാട് മുൻസിപ്പാലിറ്റി ചെയർമാനും ആയിരുന്നു ഡോ. അമ്പാട്ട് രാവുണ്ണി മേനോൻ. ആദ്യ കേരള മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായിരുന്നു ഇദ്ദേഹം . തൊഴിലുകൊണ്ട് ഒരു ഡോക്ടറായിരുന്നെങ്കിലും അദ്ദേഹം പൊതു പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. രണ്ട് തവണ കേരള നിയമസഭയിലും ഇരുപത് വർഷത്തോളം കൊച്ചി നിയമസഭയിലും ഒരു തവണ തിരുക്കൊച്ചി നിയമസഭയിലും രാവുണ്ണിമേനോൻ അംഗമായിരുന്നു. 1960 ഒക്ടോബർ 9 ന് ഇദ്ദേഹം അന്തരിച്ചു.






ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ

 
ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ

മലയാള സാഹിത്യ ചരിത്രത്തിലെ ഭാഷാ കവി എന്നറിയപ്പെടുന്ന മഹാനാണ് ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ. ചരിത്രപ്പഴമയുള്ള ചിറ്റൂരിലെ ചമ്പത്ത് തറവാട്ടിൽ 1857 മാർച്ച് 17നാണ് അദ്ദേഹം ജനിച്ചത്. പ്രസിദ്ധീകരിച്ച മൂന്നു ഗ്രന്ഥങ്ങളുടെ പേരിലാണ് ഈ പ്രതിഭാധനൻ മലയാള സാഹിത്യത്തിൽ ഇടം നേടിയത്. ഭവഭൂതിയുടെ ഉത്തരരാമചരിതം പരിഭാഷ , രാമഭദ്രദീക്ഷിതരുടെ ജാനകീ പരിണയം പരിഭാഷ, ഹാലാസ്യമാഹാത്മ്യം പരിഭാഷ തുടങ്ങിയവയാണ് അവ. ആദ്യത്തെ രണ്ടെണ്ണം നാടകവും മൂന്നാമത്തേത് മഹാകാവ്യവുമാണ്. ചിറ്റൂരിനെ സംബന്ധിച്ചിടത്തോളം അഭിമാനിയ്ക്കാൻ വകയുള്ള പേരാണ് ചാത്തുക്കുട്ടി മന്നാടിയാർ.







അമ്പാട്ട് ശിവരാമമേനോൻ

 
ഡോ. അമ്പാട്ട് ശിവരാമമേനോൻ

1878 ൽ ചിറ്റൂരിൽ ജനനം. ചിറ്റൂർ അമ്പാട്ട് തറവാട് അംഗമാണ് ഇദ്ദേഹം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ സഹകരണ സ്ഥാപനമായ ചെന്നൈയിലെ ട്രിപ്ലിക്കെയ്ൻ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു അമ്പാട്ട് ശിവരാമമേനോൻ . കൊച്ചി സംസ്ഥാനത്തിൽ 1938 ൽ ഇദ്ദേഹം മന്ത്രിയായി. 1939 ഓഗസ്റ്റ് 30 ന് തന്റെ ജന്മനാടായ ചിറ്റൂരിൽ ഔദ്യോഗിക സന്ദർശനത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.








ഭക്തിഗാനപ്രിയ.പി.ലീല

 
ഭക്തിഗാനപ്രിയ.പി.ലീല

1934 മെയ് 19ന് ചിറ്റൂരിലെ പുറയത്ത് തറവാട്ടിൽ ജനനം. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് സ്കൂളിലാണ് പഠിച്ചത്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത പിന്നണി ഗായികയായിരുന്നു. ഭക്തിഗാനപ്രിയ എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 5000 ൽ അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ ലളിതഗാനത്തിലും ഭക്തി ഗാനത്തിലും പ്രശസ്തി നേടിയ ലീല മലയാളത്തിന്റെ പൂങ്കുയിൽ എന്ന പേരിലും അറിയപ്പെടുന്നു. കേരള സംസ്ഥാന അവാർഡ്, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്ക്കാരം, 2006 ൽ ഭാരത സർക്കാരിന്റെ പത്ഭൂഷൺ (മരണാനന്തര ബഹുമതി) അവാർഡും പി.ലീലയ്ക്ക് ലഭിച്ചിട്ടുണ്ട്. 2005 ഒക്ടോബർ 31ന് പി.ലീല അന്തരിച്ചു.






ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)

 
ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)

1943 ഓഗസ്റ്റ് 12 ന് ജനനം. ബാല്യകാലം ചെലവഴിച്ചത് ചിറ്റൂരിലായിരുന്നു. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് സ്കൂളിലാണ് പഠിച്ചത്. ഇന്ത്യയിലെ പ്രശസ്തരായ ഭരതനാട്യം കലാകാരിലൊരാളാണ് ശാന്താ ധനഞ്ജയൻ. ഇവരുടെ ഭർത്താവ് വി.പി ധനഞ്ജയനും പ്രശസ്ത ഭരതനാട്യം നർത്തകനാണ്. ധനഞ്ജയൻസ് എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. 1955-68 കാലഘട്ടത്തിൽ കലാക്ഷേത്രത്തിലെ പ്രശസ്ത നർത്തകിയായിരുന്നു ശാന്താ ധനഞ്ജയൻ . 1968-ൽ മദ്രാസിൽ ഭാരത കലാഞ്ജലി എന്ന പേരിൽ ഒരു നൃത്ത അക്കാദമി സ്ഥാപിച്ചു. ഒട്ടനവധി ദേശീയ അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 2009-ൽ രാജ്യം പത്മഭൂഷൺ നൽകി ഇവരെ ആദരിച്ചു.





രാധാലക്ഷ്മി പത്മരാജൻ

 
രാധാലക്ഷ്മി പത്മരാജൻ

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ പത്മരാജന്റെ ഭാര്യയാണ് രാധാലക്ഷ്മി പത്മരാജൻ. 1943-ൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനനം. അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ് ഇവർ. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് സ്ക്കൂളിലാണ് പഠനം നടത്തിയത്. പത്മരാജന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകളാണ് രാധാലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. പത്മരാജൻ എന്റെ ഗന്ധർവൻ, ഓർമകളിൽ തൂവാനമായി പത്മരാജൻ, കാലത്തിന്റെ വക്ഷസ്സിൽൽ ഒരോർമത്തുരുത്ത്, ഓർമകളുടെ തൂവാനത്തുമ്പികൾ എന്നിങ്ങനെ നാല് ഓർമ്മ ഗ്രന്ഥങ്ങൾ പത്മരാജനെക്കുറിച്ച് രാധാലക്ഷ്മി എഴുതിയിട്ടുണ്ട്. തണലിടം എന്ന നോവലും രചിച്ചിട്ടുണ്ട്.




മധു അമ്പാട്ട്

 
മധു അമ്പാട്ട്

1949 മാർച്ച് 6 ന് ജനനം. ചിറ്റൂർ അമ്പാട്ട് തറവാട്ടിലെ അംഗമാണ്. പ്രമുഖ ഇന്ത്യൻ മാന്ത്രികൻ കെ. ഭാഗ്യനാഥാണ് അച്ഛൻ. അന്താരാഷ്ട്ര പ്രശസ്തി നേടിയ ഇന്ത്യൻ ഛായാഗ്രാഹകനാണ് മധു അമ്പാട്ട്. വൈവിധ്യമാർന്ന പല ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുള്ള മധു അമ്പാട്ട് 3 തവണ മികച്ച ഛായാഗ്രാഹകനുള്ള പുരസ്ക്കാരം നേടിയിട്ടുണ്ട്. ഒട്ടനവധി ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത അഭിനേത്രി വിധുബാല സഹോദരിയാണ്.




വിധുബാല

 
വിധുബാല

1953 മെയ് 22 ന് ജനിച്ചു.ചിറ്റൂർ അമ്പാട്ട് തറവാട്ടിലെ അംഗമാണ് വിധുബാല. പ്രമുഖ ഇന്ത്യൻ മാന്ത്രികൻ കെ.ഭാഗ്യനാഥന്റെ മകളാണ് വിധുബാല. മലയാള ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത അഭിനേത്രിയാണ് വിധുബാല. 1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ ഏറ്റവും മികച്ച സമയത്ത് 1981 ൽ സിനിമാ രംഗത്ത് നിന്നും വിരമിക്കുകയായിരുന്നു. നൂറിലധികം സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ചാനൽ അവതാരകയായും ഡബ്ബിങ്ങ് ആർട്ടിസ്റ്റായും ഇവർ പ്രവർത്തിച്ചുവരുന്നു. പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ മധുഅമ്പാട്ട് മൂത്ത സഹോദരനാണ്.




സ്വർണ്ണലത

 
സ്വർണ്ണലത

1973 ഏപ്രിൽ 29 ന് ചിറ്റൂരിലെ അത്തിക്കോട് എന്ന സ്ഥലത്ത് ജനിച്ചു. പ്രശസ്ത ഹാർമോണിസ്റ്റായ കെ.സി ചെറുകുട്ടിയുടെ മകളാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പിന്നണി ഗായകരിലൊരാളാണ് സ്വർണ്ണലത. ഇന്ത്യയിലെ വിവിധ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ ഒട്ടേറെ ഗാനങ്ങൾ ഇവരുടേതായിട്ടുണ്ട്. 1989 മുതൽ പിന്നണിഗാനരംഗത്ത് ഇവർ സജീവമായിരുന്നു. ദേശീയ, സംസ്ഥാന അവാർഡുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. 2010 സെപ്തംബർ 12 ന് സ്വർണ്ണലത അന്തരിച്ചു.




ഷഡാനനൻ ആനിക്കത്ത്

 
ഷഡാനനൻ ആനിക്കത്ത്

ചിറ്റൂരിലെ തത്തമംഗലത്ത് ജനനം. കുട്ടേട്ടൻ എന്ന പേരിലാണ് പ്രശസ്തി നേടിയിട്ടുള്ളത്. ചിത്രകാരനും ശില്പിയും പാലക്കാടൻ സംസ്കൃതിയുടെ പ്രചാരകനുമായിരുന്നു ഷഡാനനൻ ആനിക്കത്ത്. ചിത്രകലാ രംഗത്ത് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. പാലക്കാട് ചിത്രകലാ പരിഷത്തിന്റെ സ്ഥാപകാംഗം, കേരള ഫോക്‌ലോർ അക്കാദമി മുൻ ഭരണ സമിതിയംഗം, ലളിതകലാ അക്കാദമി ഭരണ സമിതിയംഗം, കേരള സംഗീതനാടക അക്കാദമി, നാടോടി നാടക സംഘം എന്നിവയിൽ അംഗമായിരുന്നു.