ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്


ആമുഖം

സ്കൂൾ നിൽക്കുന്ന പ്രദേശത്തെ ചരിത്രം, കല, സംസ്കാരം, സാഹിത്യം എന്നിവ ഒരു നാടിന്റെ സംസ്കാരിക മുഖമുദ്രകളാണെന്നിരിക്കെ, സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക 'ഭാഷാപ്രോജക്ട്' പ്രവർത്തനമാണ് "നാടോടി വിജ്ഞാന കോശ" നിർമ്മാണം.

കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളി

തിരുനാളാഘോഷം

കോട്ടയം അതിരൂപതയിൽ വി.ആഗസ്തിനോസ്സിന്റെ നാമധേയത്തിലുള്ള ഏകദേവാലയമാണ് കരിങ്കുന്നം സെന്റ് ആഗസ്റ്റിൻസ് പള്ളി. കൃഷിയിടങ്ങൾ തേടി വർഷങ്ങൾക്കു മുമ്പ് പൈങ്ങളം, വാകത്താനം, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും കരിങ്കുന്നത്ത് കുടിയേറി പാർത്ത ക്നാനായക്കാർ ആദ്യകാലത്ത് തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് രാമപുരം പള്ളിയിലാണ് പോയിരുന്നത്. കരിങ്കുന്നത്ത് ഒരു ദേവാലയം പണിയാൻ മുൻകൈയെടുത്തതും 1873-ൽ പണി പൂർത്തിയാക്കിയ ആദ്യ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ നടത്തിയിരുന്നതും രാമപുരത്തു നിന്നുള്ള വൈദികർ ആയിരുന്നു. അതുകൊണ്ടുതന്നെയാണ് രാമപുരം പള്ളിയുടെ മദ്ധ്യസ്ഥനായ വി. ആഗസ്തിനോസ്സിന്റെ നാമധേയത്തിൽത്തന്നെ കരിങ്കുന്നത്തും ദേവാലയം നിർമ്മിക്കപ്പെട്ടത്. പിന്നീടാണ് ചുങ്കം പള്ളിയുമായി ബന്ധപ്പെടുകയും ചുങ്കം ഫെറോനായുടെ കീഴിലുള്ള ഇടവകയായി തീരുകയും ചെയ്തത്.
മലയോര ജില്ലയായ ഇടുക്കിയിലെ തൊടുപുഴ താലൂക്കിൽ കോട്ടയം ജില്ലയിൽ അതിരിട്ടുനിൽക്കുന്ന നെല്ലാപ്പാറ കുന്നുകൾക്കും ഇല്ലിയാരി കുന്നുകൾക്കും മദ്ധ്യത്തിൽ തൊടുപുഴ-പാലാ റോഡിന്റെ ഇരുവശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്കുന്നം ഇടവകയിൽ ഇപ്പോൾ 24 കൂടാരയോഗ ങ്ങളിലായി 675 കുടുംബങ്ങളും 3500 ഇടവകാംഗങ്ങളും ഉണ്ട്. എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാനത്ത ശനിയാഴ്ചയും ഞായറാഴ്ചയുമായി വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷപൂർവ്വം നടത്തി വരുന്നു. പുതുഞായറാഴ്ചയ്ക്കു ശേഷമുള്ള ഞായറാഴ്ച വിശുദ്ധ ഗീവർഗീസ്സിന്റെ തിരുനാളും ആഘോഷിച്ചു വരുന്നു. ആഗസ്റ്റ് 27,28 തീയതികളിൽ ഇടവക മദ്ധ്യസ്ഥന്റെ തിരുനാൾ 12 മണിക്കൂർ ആരാധനയോടു കൂടിയാണ് ആചരിക്കുന്നത്. സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച നെല്ലാപ്പാറ കുരിശുപള്ളിയിൽ വി. പത്താം പീയുസ്സിന്റെ തിരുനാളും ആഘോഷിക്കുന്നുണ്ട്.

ക്നാനായർ

കേരളത്തിലെ ഒരു ക്രിസ്തീയ സമുദായമാണ് ക്നാനായർ. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ ക്നായി എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ എന്നു ഇവരുടെ ഐതിഹ്യം പറയുന്നു. ഭാഷ പണ്ഡിതർ ക്നായി എന്ന വാക്കിന്റെ അർഥം തെറ്റായ അനുമാനം ആണെന്നും ക്സായിൽ എന്ന് പറഞ്ഞാൽ വ്യാപാരി എന്ന അർഥം ആണ് നില നിന്നത് എന്നും വാദിക്കുന്നു. ഹിപ്പോളിറ്റസിന്റെ എഴുതുകളിൽ അരാമ്യക്കാരനായ ഒരു തൊമ്മൻ വ്യാപാരി 400 പേർ അടങ്ങുന്ന 7 ഗോത്രത്തിൽ നിന്നുള്ള 72 ക്രിസ്തീയ കുടുംബങ്ങൾ എടെസ്സയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ടു എന്ന് രേഖപെടുത്തിയിട്ടുണ്ട്. പോർച്ചുഗീസ് ചരിത്രകാരൻ ദിയഗോ ദോ ക്യൂഓട്ടോ ഇത് AD 811ൽ സംഭവിച്ചു എന്ന് തിട്ടപ്പെടുത്തുന്നു. ഇവർ വംശീയ ശുചിത്വത്തിന്റെ പേരിൽ വിവാഹം തങ്ങളുടെ സമുദായത്തിൽ നിന്നുള്ളിൽ മാത്രമേ നടത്താറുള്ളു.
വിശേഷാവസരങ്ങളിൽ പ്രത്യേകിച്ച് വിവാഹത്തോടനുബന്ധമായി ധാരാളം ആചാരാനുഷ്ഠാനങ്ങൾ ക്നാനായക്കാരുടെ ഇടയിൽ നിലവിലുണ്ട്. ഇവരെ മറ്റു ക്രിസ്ത്യാനി സമുദായങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതും ഇവ ആണ്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈലാഞ്ചിയിടീൽ, ചന്തം ചാർത്തൽ, നെല്ലും നീരും കൊടുക്കൽ, വാഴൂപിടിത്തം, പാലും പഴവും കൊടുക്കൽ, കച്ച തഴുകൽ, അടച്ചു തുറ, എണ്ണ തേപ്പ് തുടങ്ങിയ കൗതുകകരമായ ചടങ്ങുകൾ ഒട്ടേറെയുണ്ട്.

കുറിഞ്ഞിക്കാവ് മുനിയറ

കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു (മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു. കേരളം പരശുരാമൻ ബ്രാഹ്മണന്മാർക്ക് ദാനമായി നൽകി. കേരളത്തിൽ 64 ഗ്രാമങ്ങൾ നിർമ്മിച്ചു. ഇവയിൽ 32 എണ്ണം പെരുംപുഴക്കും ഗോകർണ്ണത്തിനും ഇടയിലായിരുന്നു. ഇവിടത്തെ സംസാരഭാഷ തുളു ആയിരുന്നു. ബാക്കി 32 എണ്ണം പെരുംപുഴക്കും കന്യാകുമാരിക്കും ഇടയിൽ മലയാളം സംസാരിക്കുന്ന ഭാഗത്തായിരുന്നു.

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ്കൃതം ദൂരെ നീങ്ങുവാൻ
ദു:ഖം പോക്കേണമെൻ പോറ്റി ദുർഗ്ഗാദേവീ നമോസ്തുതേ

കുറിഞ്ഞിയിലെ വനദുർഗ്ഗാദേവിക്ഷേത്രമാണ് കുറിഞ്ഞിക്കാവ്. മൂന്ന് ഏക്കറോളം വിസ്താരമുള്ള ഈ കാവിൽ ചെടികളും വള്ളികളും മരങ്ങളും ഔഷധച്ചെടികളും പാമ്പും തേനീച്ചയും കടന്നലും അടങ്ങുന്ന അനേകം ജീവജാലങ്ങളും സ്വച്ഛന്ദം ഇവിടെ കഴിയുന്നു. വനദുർഗ്ഗയുടെ ഈ പ്രകൃതിയെ ആരും കടന്നാക്രമിക്കുന്നില്ല. കാവിലെ വനദുർഗ്ഗയ്ക്ക് തുറന്ന ശ്രീകോവിൽ പണിതിരിക്കുന്നു. ശ്രീകോവിലിനടുത്തായി ഒരു മുനിയറ ഉണ്ട്, ഇത്തരം പന്ത്രണ്ട് മുനിയറകൾ ഇവിടെയുണ്ടത്രെ. അയ്യായിരത്തോളം വർഷം പഴക്കം ഈ മുനിയറകൾക്കുണ്ടത്രെ.

കേരളത്തിൽ ചെങ്കൽപാറപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മഹാശിലാസ്മാരകമാണ് മുനിയറ എന്നും മുനിമടകൾ എന്നും അറിയപ്പെടുന്ന ചെങ്കൽ ഗുഹകൾ. ബുദ്ധസന്യാസിമാർ നിർവാണമടഞ്ഞ ഗുഹകളായിരിക്കണം ഇവയിൽ പലതുമെന്ന് അഭിപ്രായമുണ്ട്. ബി.സി. രണ്ടോ മൂന്നോ നൂറ്റാണ്ടുകളായിരിക്കണം ഇവയുടെ കാലമെന്ന് കരുതുന്നു. ദക്ഷിണേന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം പല ഗുഹകളും ബൗദ്ധ-ജൈന സന്യാസിമാരുടെ വാസസ്ഥലങ്ങളായിരുന്നുവെന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്.

ആദിമ വനവാസികളുടെ ശവക്കല്ലറകളാണ് ഇത്തരം മുനിയറകളെന്നും പ്രചാരമുണ്ട്.കാവിലെ ഏറ്റവും പ്രധാനപ്പെട്ട തുറന്ന മുനിയരയ്ക്ക് മുന്നിലാണ് തുറന്ന ശ്രീകോവിൽ. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗലയങ്ങളിൽ ഒന്നാണത്രെ കുറിഞ്ഞിക്കാവ്.കേരളത്തിലെ പതിവ് ക്ഷേത്രചാരങ്ങളിൽ നിന്നും വ്യത്യസ്തമായി വ്രതമെടുത്തു പുരുഷന്മാർ താലമേന്തുന്ന കൗതുകകരമായ കാഴ്ചയും ഈ കാവിന് സ്വന്തം.ശ്രീകോവിലിനെ പ്രദക്ഷിണം വച്ച് താലങ്ങളുമേന്തി മൈതാനത്തു സ്ഥാപിച്ചിട്ടുള്ള പിണ്ടിവിളക്കിന് മുന്നിലെത്തി താലം മറിച്ച് താലം തുള്ളൽ തുടങ്ങുന്നു.ഓരോ വശത്തേക്കും മാറി മാറി താലം കൈമാറി താലം തുള്ളുന്ന കാഴ്ച രസകരമാണ്.കാവിൽ മറ്റൊരിടത്തായി ഇതേ സമയം 'തലയാട്ടം കളി' നടക്കുന്നു. പുലയ സമുദായത്തിൽപ്പെട്ട സ്ത്രീകളാണ് ഈ കളിയിൽ ഏർപ്പെടുന്നത്.ഇതാകട്ടെ അടുത്തകാലത്ത് തുടങ്ങിയതും. താലം തുള്ളൽ കാവിലെ അനുഷ്ഠാന കലാരൂപമാണ്.