ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം
പഴയകാല കൊടുവായൂർ (ഇന്നത്തെ അബ്ദുറഹിമാൻ നഗർ ) അംശത്തിലെയും കൊളപ്പുറം ദേശത്തെയും പരിസരപ്രദേശങ്ങളിലെയും മുസ്ലീങ്ങൾക്ക് മത-ഭൗതിക വിദ്യാഭ്യാസരംഗത്ത് നേതൃത്വം നൽകിയിരുന്നത് തികച്ചും യാഥാസ്ഥിതിക കുടുംബത്തിലെ വെട്ടിയാട്ടിൽ കുഞ്ഞാലി മൊല്ല ആയിരുന്നു.അന്ന് ഓത്തുപള്ളിയിൽ വെച്ചായിരുന്നു അദ്ദേഹം വിദ്യപകർന്നു നൽകിയിരുന്നത്.കുഞ്ഞാലി മൊല്ലയുടെ മരണശേഷം മക്കളായ മൊയ്തീൻകുട്ടി മൊല്ല,കമ്മദ് കുട്ടി മൊല്ല , അഹമ്മദ് കുട്ടി മൊല്ല എന്ന വി എ ആസാദ് എന്നിവർ ഇത് ഏറ്റെടുക്കുകയും ചെയ്തു.ഭൗതിക വിദ്യാഭ്യാസത്തിൽ വളരെ പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ കുറേക്കൂടി ഉന്നതിയിലേക്ക് എത്തിക്കണം എന്ന ആഗ്രഹം ഇവരിൽ ഉടലെടുക്കുകയും ഏറ്റവും ഇളയ സഹോദരനായ അഹമ്മദ് കുട്ടി എന്ന ആസാദ് സാഹിബിന്റെ നേതൃത്വത്തിൽ മത പഠനത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും നൽകി തുടങ്ങി .1914-15 കാലഘട്ടത്തിലാണ് ഇതിന് തുടക്കം കുറിച്ചത് എന്ന് പറയപ്പെടുന്നു.
-
വി എ ആസാദ് സാഹിബ്
1924 ആയപ്പോഴേക്കും ഈ രീതിയിൽ കുറേ ഏറെ മാറ്റങ്ങൾ ഉണ്ടായി.എന്നാൽ തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തിച്ചിരുന്നത്.കമ്മദ് കുട്ടി മൊല്ല മാനേജരും ഹെഡ്മാസ്റ്ററുമായി ചുമതല ഏറ്റെടുത്തു .
1928 വരെ മൂന്നു ക്ലാസുകൾ ഉള്ള ഒരു ഓല ഷെഡ്ഡിലാണ് ആയിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്.ഈ സമയമായപ്പോഴേക്കും മാനേജ്മെൻറ് കാടേങ്ങൽ ബീരാൻ കുട്ടി സാഹിബ് ഏറ്റെടുക്കുകയും ഓടിട്ട കെട്ടിടം ആയി പുനർ നവീകരിക്കുകയും ചെയ്തു.കൂടുതലായി നാല് അധ്യാപകരെ കൂടി നിയമിച്ചുകൊണ്ട് മദിരാശി സംസ്ഥാന വിദ്യാഭ്യാസ നിയമ പ്രകാരം പഠനം തുടരുകയും ചെയ്തു.അധികം താമസിയാതെ തൊട്ടടുത്ത പ്രദേശമായ കോട്ടയ്ക്കലുള്ള ശ്രീ.ബാലകൃഷ്ണൻ നെടുങ്ങാടി എന്ന ആൾ വിദ്യാലയം ഏറ്റെടുക്കുകയും അദ്ദേഹത്തിൻെറ സഹോദരനെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.ഈ കാലഘട്ടത്തിൽ തന്നെ ഈ സ്ഥാപനം ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കൊടുവായൂർ നോർത്ത് എ എം എൽ പി സ്കൂൾ ആയി ഉയർന്നു.
1960 ആയപ്പോഴേക്കും സ്കൂൾ കൊളപ്പുറം സ്വദേശിയായ ജനാബ് വള്ളിക്കാടൻ മുഹമ്മദ് ഹാജി ഏറ്റെടുക്കുകയും പുതുതായി മൂന്നു കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു.1954 സ്കൂൾ കൊടുവായൂർ നോർത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
1970 - 71 ആയപ്പോഴേക്കും സ്കൂളിൻെറ അഞ്ചാമത്തെ മാനേജരായി ശ്രീ. പി പി മുഹമ്മദ് എന്ന ബാപ്പുട്ടി സാഹിബ് ചുമതല ഏറ്റെടുത്തു.ബഹുമാനപ്പെട്ട ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോൾ പ്രസ്തുത സ്കൂൾ ഹൈസ്കൂളായി ഉയർന്നു (1976 കാലഘട്ടത്തിൽ).ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും സ്വപ്നം പൂവണിഞ്ഞ നിമിഷം ആയിരുന്നു അത്.ഈ സ്ഥാപനത്തെ ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് എത്തിക്കാൻ പ്രയത്നിച്ച മഹത് വ്യക്തികളിൽ ഒരാളായിരുന്നു സ്വാതന്ത്ര്യസമരസേനാനിയും കേരള മദ്യവർജ്ജന സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും വിശിഷ്യ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ശിൽപിയും പ്രസിഡണ്ടുമായിരുന്ന ശ്രീ വി എ ആസാദ് സാഹിബ്.അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായാണ് അബ്ദുറഹ്മാൻ സാഹിബിന്റെ പാവന സ്മരണാർത്ഥം ഈ സരസ്വതി ക്ഷേത്രത്തിന് അബ്ദുറഹ്മാൻ നഗർ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തത്.മാനേജർ ബാപ്പുട്ടി സാഹിബിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ശ്രീ .പി പി മുഹമ്മദാലി സ്ഥാപനത്തിന്റെ ആറാമത്തെ മാനേജറായി ചുമതല ഏൽക്കുന്നത്.ഇദ്ദേഹത്തിന്റെ കാലത്താണ് കൂടുതൽ ഭൗതികസൗകര്യങ്ങളോടുകൂടി സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത്. പ്രമാണം:19070-z1.odp
-
ശ്രീ. പി പി മുഹമ്മദ്
2005 -2006 പ്രസ്തുത വിദ്യാലയം കുരിക്കൾ എജുക്കേഷൻ ഗ്രൂപ്പിന് കൈമാറി.അഡ്വക്കേറ്റ് ഒ വി ഉസ്മാൻ കുരിക്കൾ വിദ്യാലയത്തിന്റെ മാനേജരായി .സ്കൂളിന്റെ അഭിവൃദ്ധിക്കായി എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തിവരുന്നു.മാനേജ്മെന്റിന്റെയും പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം 2010-ൽ പ്ലസ്ടു അനുവദിച്ചതോടെ ഈ സ്ഥാപനം അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയരുകയും ചെയ്തു. കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ എയ്ഡഡ് മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു.
-
അഡ്വ. ഒ വി ഉസ്മാൻ കുരിക്കൾ മാനേജർ