എസ്.ഒ.എച്ച്.എസ്. അരീക്കോട്/ക്ലിക്ക് ചെയ്യുക
മാനേജ്മെന്റിനെക്കുറിച്ച്...
'വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലൂടെ യഥാർത്ഥ നന്മയുള്ള, കഴിവുള്ള മനുഷ്യരുടെ വിളവെടുപ്പാണ് നമ്മൾ ലക്ഷ്യമിടുന്നത്...'അരീക്കോട്ട് നവോത്ഥാന ചലനങ്ങൾക്ക് തുടക്കമിട്ട എൻ വി അബ്ദുസ്സലാം മൗലവി എന്ന ധിഷണാശാലിയുടെ വാക്കുകളാണിത്.1944-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജംഇയ്യത്തുൽ മുജാഹിദീൻ സംഘമാണ് സ്കൂളിന്റെ നടത്തിപ്പുകാർ.പ്രഥമ പ്രധാനാധ്യാപകനായിരുന്ന എൻ വി ഇബ്രാഹിം മാസ്റ്റർ എന്ന വിദ്യാഭ്യാസ വിചക്ഷണനാണ് സ്കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘത്തിന് കീഴിൽ ആദ്യകാലത്ത് ആരംഭിച്ചത്. കാർഷികവൃത്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ അറിവിന്റെയും അക്ഷരത്തിന്റെയും പുതിയ കൈത്തിരികളായി പടുത്തുയർത്തിയത് സുല്ലാമുസ്സലാം സ്ഥാപനങ്ങളാണ്. സ്ത്രീ വിദ്യാഭ്യാസത്തിന് ശക്തമായ അടിത്തറ നൽകിക്കൊണ്ട് മലബാറിലെത്തന്നെ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി അരീക്കോട് മാറിയത് ഓറിയന്റൽ സ്കൂളിന്റെ സാനിധ്യമാണ്. സുല്ലമുസ്സലാം സയൻസ് കോളേജ്, അറബിക് കോളേജ്, ബി എഡ് കോളേജ്,പബ്ലിക് സ്കൂൾ,എൽപി സ്കൂൾ, ഐടിഐ തുടങ്ങി നിരവധി സ്ഥാപനങ്ങൾ മാനേജ്മെന്റിന് കീഴിൽ ഉണ്ട്.വിദ്യാർഥി പ്രവേശനത്തിനോ അധ്യാപക നിയമനത്തിനോ പണം മാനദണ്ഡമാക്കുന്നില്ല എന്നതാണ് മാനേജ്മെന്റിനെ വ്യതിരിക്തമാക്കുന്നത്.ഉദ്യോഗർത്ഥികളെ ക്‌ളാസ്സെടുപ്പിച്ചും എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയും റാങ്ക്ലിസ്റ്റ് അനുസരിച്ചാണ് നിയമനം നടത്തുന്നത്. മാനേജ്മെന്റ് സുല്ലമുസ്സലാം സയൻസ് കോളേജിൽ നിയമിച്ച ഡോ. മുഹമ്മദ് ബഷീർ പിന്നീട് കേരള സർവ്വകലാശാലയിൽ രജിസ്ട്രാർ ആയും കോഴിക്കോട് സർവ്വകലാശാലയിൽ വൈസ് ചാൻസലർ ആയും നിയമിതനായത് മാനേജ്മെന്റ് പുലർത്തിപ്പോരുന്ന നയത്തിനുള്ള അംഗീകാരം കൂടിയായി.മലയാളത്തിന്റെ പ്രിയകവി വീരാൻകുട്ടി, ഡോ.നുജ്ഉം തുടങ്ങി നിരവധി പ്രമുഖർ സുല്ലമുസ്സലാം സ്ഥാപനങ്ങളിൽ നിയമിതരായവരാണ്.