സിസ്റ്റർ അൽഫോൻസ യു പി എസ് ചേന്നാമറ്റം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദൈവാനുഗ്രഹത്താലും പരിശുദ്ധ മാതാവിന്റെ പ്രത്യേക മധ്യസ്ഥതയാലും 1941- ൽ സ്ഥാപിതമായ ചേപ്പുംപാറ സെന്റ് മേരീസ് ദേവാലയം, പരിമിതമായ സൗകര്യങ്ങൾ പോലും സ്വരൂപിക്കാതെ കഴിഞ്ഞുപോന്ന 1947 കാലഘട്ടത്തിൽ ഇന്നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങി.1947 ജൂലൈ 6 തിയതി ചേർന്ന പള്ളിപൊതുയോഗം ഒരു ഇംഗ്ലീഷ് പള്ളിക്കൂടം ആരംഭിക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനത്തെ അന്നത്തെ ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജെയിംസ് കാളാശേരിൽ അംഗീകരിക്കുകയും അതനുസരിച്ചു ബഹു. വികാരി റവ : ഫാ. യാക്കോബ് കാര്യപ്പുറത്ത് 22-7-1947 ൽ ഗവണ്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
മുളയ്ക്കൻകുന്നിന്റെ തെക്കേ ചെരിവിലായ് സ്കൂളിനുവേണ്ടി 2 ഏക്കർ 16 സെന്റ് സ്ഥലം സംഭാവന ചെയ്തത് പരേതരായ വടക്കേതോപ്പിൽ ശ്രീ. ഉലഹന്നാൻ ഉലഹന്നാനും (1 ഏക്കർ 66 സെന്റ് ) അപ്പച്ചേരിൽ ശ്രീ. മത്തായി മത്തായിയും (50 സെന്റ് ) ആണ്.
1947 നവംബർ 1 ന് പാലാ സെൻട്രൽ ബാങ്ക് മാനേജിങ് ഡയറക്ടറായിരുന്ന ശ്രീ. ജോസഫ് അഗസ്തി കയ്യാലയ്ക്കകം അവർകൾ സ്കൂളിന്റെ ശിലാസ്ഥാപനകർമ്മം നടത്തി. സ്കൂൾ സ്ഥാപനത്തിനുള്ള അനുവാദം 1948ജനുവരി 31 ന് ലഭിച്ചു. സിസ്റ്റർ അൽഫോൻസാമ്മയുടെ നാമത്തിൽ ചേന്നാമറ്റത്തെ ഇംഗ്ലീഷ് സ്കൂൾ 1948 മെയ് 17 - ന് ആരംഭിച്ചു. ശ്രീ. പി. റ്റി ജോസഫ് പുത്തൻപുരയ്‌ക്കൽ ഹെഡ്മാസ്റ്റർ ആയും ശ്രീ. വി. റ്റി തോമസ് വയലുങ്കൽ അസിസ്റ്റന്റ് ആയും നിയമിക്കപെട്ടു. ഒരു മാസത്തിനു ശേഷം ശ്രീ. എം. എ എബ്രഹാം മറ്റപ്പള്ളിയും, ശ്രീമതി കെ. സി ത്രേസ്യാമ്മ കിഴക്കേക്കരയും അധ്യാപകരായി നിയമിക്കപ്പെട്ടു.
ഒന്നും രണ്ടും ഫോറങ്ങളോടെ ആരംഭിച്ച സ്കൂളിൽ ആദ്യ വർഷം ചേർന്നത് 104 കുട്ടികളാണ്.