ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2021-2022 അധ്യയന വർഷ പ്രവർത്തനങ്ങൾ
- സ്കൂൾ തല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നടന്നു. ഹെഡ്മിസ്ട്രസ് സബിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങ് ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും കരോക്കേ ഗാനമേളയും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു.
- ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് വടകര എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ ശ്രീ രാമകൃഷ്ണൻ സി ,സ്കൂളിലെ യൂട്യൂബ് ചാനൽ വഴി ലഹരി ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി നൽകി.
- നമ്മുടെ സ്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടെ ഓഗസ്റ്റ് 28ന് ആഘോഷിച്ചു. ഗണിതപൂക്കളം, ഓണക്വിസ്, ഓർമയിലെ ഓണം, ഓണപ്പാട്ടുകൾ എന്നീ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. അതിഥികൾക്കൊപ്പം ഓൺലൈൻ എന്ന പരിപാടിയിൽ ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രശസ്ത ഗായകയരായ ശ്രീമതി കൃഷ്ണ കണ്ണൂർ, നജ്മ കോഴിക്കോട്, വിനീഷ് പാറക്കടവ് എന്നിവരും ടെലിവിഷൻ താരമായ സുധൻ കൈവേലിയും പരിപാടികൾ അവതരിപ്പിച്ച് കുട്ടികളുമായി സംവദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും കൂടി ഓണപ്പാട്ടുകൾ സ്കൂൾ യൂട്യൂബ് ചാനലിൽ വീഡിയോ ആയി അവതരിപ്പിച്ചു.
- കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ "ഉജ്ജ്വല കൗമാരം -കൗമാരക്കാർക്കൊപ്പം ഒരു സ്നേഹ സംവാദം"എന്ന പരിപാടി സെപ്റ്റംബർ 12ന് സ്കൂളിൽ സംഘടിപ്പിച്ചു. ടോപ് സിംഗർ ഫെയിം കൗശിക് വിനോദ് പരിപാടി ഗൂഗിൾ മീറ്റിൽ ഉദ്ഘാടനം ചെയ്തു. മടപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശ്രീമതി സവിത പികെ ക്ലാസ് കൈകാര്യം ചെയ്തു.
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഒരു കോടി രൂപയുടെ കെട്ടിടനിർമ്മാണത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 14 ചൊവ്വാഴ്ച 3 മണിക്ക് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു.സ്കൂൾ തല ഉദ്ഘാടനം, ശിലാഫലക അനാച്ഛാദനം, എന്നിവ ബഹുമാനപ്പെട്ട വടകര എം എൽ എ കെ കെ രമ നിർവഹിച്ചു. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കുകൊണ്ടു.
- എൻ എം എം എസ് പരീക്ഷയുടെ പരിശീലനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 ബുധനാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റിൽ നടത്തി. റിട്ടേർഡ് DEOയും നമ്മുടെ സ്കൂളിലെ ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ കെ ടി മോഹൻദാസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു കുട്ടികളുമായി സംസാരിച്ചു.
- കോവിഡ് കാലത്ത് കുട്ടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ദൂരീകരിക്കാൻ ഡോക്ടർ ഓൺ ലൈവ് എന്ന ക്ലാസ് ഒക്ടോബർ 11ന് സംഘടിപ്പിച്ചു. ഡോക്ടർ രാജേഷ് (എംഡി ആയുർവേദ സൈക്യാട്രി) ക്ലാസ് കൈകാര്യം ചെയ്ത് കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തു. "ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങളും കുട്ടികളുടെ ഭക്ഷണക്രമവും" എന്നതായിരുന്നു വിഷയം.
- എസ് എസ് എൽ സിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുത്തു.ഒക്ടോബര് ഇരുപതാം തീയതി സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് മൊമെന്റോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രതിനിധി എൻ എം വിമല മുഖ്യാതിഥി ആയി.
-
പ്രവേശനോത്സവം നോട്ടീസ്
-
ഗൂഗിൾ മീറ്റ്
-
ലഹരി ബോധവൽക്കരണ ക്ലാസ്