സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം
മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്ററി സ്കൂള്‍ കുന്നംകുളം ഉപജില്ല തുറമുഖ കേന്ദ്രീകൃത വിനിമയങ്ങളുടേയും മത-സംസ്കാര സംഗമങ്ങളുടേയും ചരിത്രമുറങ്ങുന്ന മണ്ണില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ആശ്രയമായ വിദ്യാകേന്ദ്രം
കുന്നുകള്‍,താഴ്വരകള്‍,തടങ്ങള്‍,വയലുകള്‍. തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം ഇങ്ങനെയാണ്. കുന്നകളില്‍ ചെങ്കല്ലും കരിങ്കല്ലും ഉണ്ട്; വയലുകളില്‍ കളിമണ്ണും. കാലങ്ങള്‍ക്ക് മുമ്പ് ഈ കുന്നുകള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഉയരമുണ്ടായിരുന്നു. തടങ്ങളും വയലുകളും ജലാശയങ്ങളായിരുന്നു. ജലാശയങ്ങള്‍ പരസ്പരബന്ധിതമാണ്. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി തീരദേശത്തിന്റെ സ്വഭാവം കാണിക്കുന്ന പൂഴി പ്രദേശമാണ് . കടലില്‍ നിന്ന് പത്തേമാരികളും നൗകകളും ജലാശയങ്ങളിലൂടെ കുന്നുകള്‍ ചുറ്റി ഈ ദേശങ്ങളിലെ തുറൈകളില്‍ (തുറമുഖങ്ങളില്‍) എത്തിച്ചേര്‍ന്നു. താഴ്വരകളില്‍ വിളഞ്ഞ മലഞ്ചരക്കുകളും കാതല്‍ നിറഞ്ഞ മര ഉരുപ്പിടികളും വിദേശരാജ്യങ്ങളില്‍ പ്രിയം നേടി. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ കേന്ദ്ര പ്രദേശമായ മറ്റം കാലങ്ങള്‍ക്ക് മുമ്പേ വാണിജ്യകേന്ദ്രം, സാംസ്കാരികകേന്ദ്രം എന്നീ നിലകളില്‍ പുകഴ്പ്പെറ്റ നാടായിരുന്നു. മറ്റത്തിന്റെ തെക്ക് ഭാഗത്ത് ഇന്ന് വാക എന്ന പേരില്‍ അറിയപ്പെടുന്ന കര സംഘകാല കൃതികളില്‍ പരാമര്‍ശ്ശിക്കപ്പെടുന്ന, മുസിരസിന് 300 സ്റ്റേഡിയ അകലെയുള്ള വാകൈപെരുന്തുറൈ എന്ന കേഴ്വിക്കേട്ട തുറമുഖമാണെന്ന് മധ്യകാല കേരളചരിത്രത്തില്‍ പഠനം നടത്തിയ പ്രൊഫ. പി. നാരായണമേനോന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് . കണ്ടാണശ്ശേരിയിലെ തുറങ്കരയും നമ്പഴിക്കാടും പേരില്‍തന്നെ ഒരു തുറമുഖത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിയ്ക്കുന്ന സ്ഥലങ്ങളാണ്
സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കിയ അന്വേഷണം
സ്ഥലനാമങ്ങളെ ഭാഷാപരമായി സമീപിച്ചാല്‍ ഈവസ്തുതകളെ സാധൂകരിയ്ക്കാവുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം .
മറ്റത്തിന്റെ കിഴക്കാണ് ആളൂര്‍ എന്ന സ്ഥലം . ആല് എന്ന വാക്കിന് പ്രാചീന മലയാളത്തില്‍ ജലം എന്നാണര്‍ത്ഥം . ആല്+ഊര്=ആളൂര് . ജലാശയം തൂര്‍ന്നു വന്നതാകാം