കല്ലാമല യു പി എസ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ നാടിനെ കുറിച്ച്

കല്ലാമല എന്നാണ് ഞങ്ങളുടെ നാടിന്റെ പേര്. ആ പേര് വന്നതെങ്ങനാണെന്നറിയേണ്ടേ....

നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്. നീതിയും ധർമ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണിൽ പൊന്നു വിളയിച്ചത്. അവർ ഒഴുക്കിയ വിയർപ്പിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇന്നും കല്ലാമലയിൽ കാണാം. വീടുകളുടെയും കിണറുകളുടെയും ക്ഷേത്രങ്ങളുടെയും ശ്മശാനങ്ങളുടെയും ബാക്കിപത്രങ്ങൾ അവരെയാണ് അടയാളപ്പെടുത്തുന്നത്. അവരുടെ നാവിൽ അക്ഷരമെഴുതാൻ നിയോഗം ലഭിച്ചത് കല്ലാമലയിലെ കുഞ്ഞിമന്ദൻ മൂപ്പനായിരുന്നു. ഫ്രഞ്ച് വിദ്യഭ്യാസപ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ആ മഹാത്മാവാണ് ഇന്ന് ചാപ്പയിൽ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് കല്ലാമലയിലെ ആദ്യ എഴുത്ത് പളളിക്കൂടം സ്ഥാപിച്ചത്.