സെന്റ് തോമസ് ടി ടി ഐ പാലാ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭാവി വാഗ്ദാനങ്ങളെ കരുപ്പിടിപ്പിക്കുന്നതിൽ അദ്ധ്യാപകരുടെ പങ്ക് വളരെ വലുതാണ്. അതിനാൽ അദ്ധ്യാപക പരിശീലനത്തിനായി 1954-ൽ റവ. ഫാ. ജോസഫ് വെച്ചിയാനിക്കൽ പാലാ വലിയപള്ളിയുടെ വികാരിയായിരുന്ന കാലത്താണ് ട്രെയിനിംഗ് സ്കൂൾ സ്ഥാപിതമായത്. അന്ന് ഹൈസ്ക്കൂളിന്റെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ, അദ്ധ്യാപക ശ്രേഷ്ഠനും പണ്ഡിതനുമായിരുന്ന ശ്രീ. എ.ഒ. ജോസഫ് എന്നിവരുടെ കൂട്ടായ പരിശ്രമം ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് ഏറെ സഹായിച്ചു. ട്രെയിനിംഗ് സ്ക്കൂളിനോട് ചേർന്ന് ഒരു പ്രൈമറി സ്ക്കൂൾ ആവശ്യമായിരുന്നു. അദ്ധ്യാപക വിദ്യാർത്ഥികളുടെ പരിശീലനത്തിനുവേണ്ടിയായിരുന്നു അത്. ആദ്യത്തെ പ്രൈമറി സ്കൂൾ ഹൈഡ്മാസ്റ്റർ പി.ഒ. ജോൺസാർ ആയിരുന്നു. പിന്നീട് പാലാ ഇടവകക്കാരനായ ശ്രീ. ടി.കെ. തൊമ്മൻ പ്രൈമറി സ്ക്കൂൾ ഹെഡ്മാസ്റ്ററായി. പില്ക്കാലത്ത് ട്രെയിനിംഗ് സ്കൂൾ ഹെഡ്മാസ്റ്റർ തന്നെയാണ് പ്രൈമറി സ്ക്കൂളിന്റെയും ചുമതല വഹിച്ചുപോന്നത്.
എൽ.പി. സ്കൂൾ മാത്രമുണ്ടായിരുന്ന സ്കൂൾ 1982-83 അദ്ധ്യയന വർഷം മുതൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ സ്ക്കൂൾ മാനേജരായിരുന്ന ബഹു: ഫാ. മാത്യു മഠത്തിക്കുന്നേലിന്റെ ശ്രമഫലമായി മന്ത്രിയായിരുന്ന ശ്രീ. കെ.എം. മാണിയുടെ സഹായത്താൽ ആണ് ഇത് സാധ്യമായത്.സെന്റ് തോമസ് ഹൈസ്ക്കൂളിനോടനുബന്ധിച്ച് പുതിയ ഹയർസെക്കൻഡറി അനുവദിച്ചപ്പോൾ ഹയർ സെക്കൻഡറി സ്കൂളിനായി പഴയ കെട്ടിടം വിട്ടുകൊടുക്കുകയും NCTE യുടെ നിയമങ്ങൾക്കനുസൃതമായി കൂടുതൽ ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ സ്കൂൾ പള്ളിയുടെ സമീപത്ത് പണി കഴിപ്പിച്ചു.
1992 മുതൽ 2000 ഫെബ്രുവരിമാസം വരെ നമ്മുടെ സ്കൂളിന്റെ മാനേജരായിരുന്ന ബഹു. ജോർജ് ചൂരക്കാട്ടിന്റെ നേതൃത്വത്തിൽ 45 ലക്ഷത്തോളം രൂപ മുതൽമുടക്കിൽ ഇന്നത്തെ ഈ ബഹുനില മന്ദിരം പണി കഴിപ്പിച്ചു. 2000 ജനുവരി 31-ന് അഭിവന്ദ്യ മാർ ജോസഫ് പളളിക്കാപറമ്പിൽ പിതാവ് പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
നമ്മുടെ സ്കൂൾ വിജയകരമായി എൺപത്തിയൊന്ന് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 2010 ജനുവരി 21 ന് സമാപിച്ചു.
സ്ക്കൂൾ പാർലമെന്റ് വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, റോഡ് സുരക്ഷാ, ഹെൽത്ത് പരി നാടിതി ക്ലബ്ബുകൾ, കെ.സി.എസ്.എൽ എന്നിവ കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.