ഗവ. എൽ. പി. എസ്. മച്ചേൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്‌വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തിന്റെ തുടക്കത്തിൽ മച്ചേൽ, മണപ്പുറം പറയാട്ട് സരസ്വതി മന്ദിരത്തിൽ ശ്രീ ചെല്ലപ്പൻ നായരുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ ഓല മേഞ്ഞു തട്ടികൾ കൊണ്ട് ക്ലാസ്സ് മുറികൾ തിരിച്ച കെട്ടിടത്തിലായിരുന്നു തുടക്കം. മൂന്നാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ച സ്കൂളിലെ ആദ്യ പ്രഥമധ്യാപകൻ വസ്തു ഉടമ കൂടിയായ ശ്രീ. ചെല്ലപ്പൻ നായർ ആയിരുന്നു. മച്ചേൽ കരിക്കകം വീട്ടിൽ രുദ്രായണിയമ്മയും, കുറുങ്കഴ വീട്ടിൽ കുട്ടൻപിള്ളയുമായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ഇപ്പോൾ നാലാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകളാണ് ഉള്ളത്.
1933-ലെ പ്രകൃതിക്ഷോഭത്തിൽ സ്കൂൾ കെട്ടിടം തകർന്നുപോയി. പ്രഥമധ്യാപകനും നാട്ടുകാരും ചേർന്ന് ഇതേ സ്ഥലത്തു നിർമിച്ച ഷെഡിൽ രണ്ടുവർഷത്തോളം സ്കൂൾ പ്രവർത്തിച്ചു. സാമ്പത്തികവും അല്ലാതെയുമുള്ള പ്രശ്നങ്ങൾ തടസ്സമായപ്പോൾ സ്കൂൾ, പട്ടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷണറിമാർക്ക് കൈമാറാൻ സ്കൂൾ അധികാരികൾ നിർബന്ധിതരായി. മൂന്നു കൊല്ലത്തോളം സ്കൂളിന്റെ നിയന്ത്രണം ഈ മിഷണറിമാർക്കായിരുന്നു. പിന്നീട് ബുദ്ധിമുട്ടുകൾ ഏറിയപ്പോൾ മിഷണറിമാർ സ്കൂളിന്റെ ചുമതല ഒഴിയുകയും നടത്തിപ്പ് വീണ്ടും ശ്രീ ചെല്ലപ്പൻനായരെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിൽ നാലും അഞ്ചും സ്റ്റാൻഡേർഡുകൾ കൂടി ആരംഭിച്ചു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയുടെ ഭരണകാലത്തു, സ്കൂളുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി സർ സി. പി. രാമസ്വാമിഅയ്യർ മച്ചേൽ സ്കൂളിന് അംഗീകാരം നൽകി ഏറ്റെടുക്കുകയും അധ്യാപകർക്കു ശമ്പളവും, അറ്റകുറ്റ പണികൾക്ക് വാർഷിക ഗ്രാന്റും അനുവദിക്കുകയും ചെയ്തു. പ്രഥമധ്യാപകന് അഞ്ചര രൂപയും, അധ്യാപകർക്കു അഞ്ചു രൂപ വീതവുമായിരുന്നു ശമ്പളം. മൂന്നു രൂപയായിരുന്നു വാർഷിക ഗ്രാന്റ്. സ്വാതന്ത്ര്യനാന്തര 1958-ൽ സ്കൂളിന് ഓട് മേഞ്ഞ കെട്ടിടം നിർമിച്ചു. നാൽപതു വർഷത്തെ സേവനത്തിനു ശേഷം 1966-ൽ ശ്രീ. ചെല്ലപ്പൻ നായർ സർവീസിൽ നിന്ന് വിരമിച്ചു.1998 മുതൽ 2003വരെ പ്രഥമധ്യാപകനായ ശ്രീ വിക്രമൻ നായർ പ്രഥമ കെട്ടിടത്തിൽ അഞ്ചു മുറികൾ കെട്ടി ഡിവിഷൻ തിരിക്കുകയും രണ്ടാമത്തെ കെട്ടിടം പുതുക്കി പണിയുകയും ചെയ്തു. 1962-ലുണ്ടായ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവർ പ്രൈമറി എന്നത് നാലാം സ്റ്റാൻഡേർഡ് വരെ നിജപ്പെടുത്തിയപ്പോൾ ഇവിടെ നിലവിലുണ്ടായിരുന്ന അഞ്ചാം സ്റ്റാൻഡേർഡ് നിർത്തലാക്കി. സ്കൂൾ കോമ്പൗണ്ടിൽ 1988-ൽ പ്രീപ്രൈമറി വിഭാഗത്തിനായി രണ്ട് കെട്ടിടം പണികഴിപ്പിക്കുകയും പ്രീപ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുകയും ചെയ്യുന്നു. നിലവിൽ സ്കൂളിന് 52സെന്റ് വസ്തുവാണു.ള്ളത്.