ആത്മബന്ധം
   ഞാൻ കൃഷ്ണപുരം സ്കൂൾ മുറ്റത്തെ ഒരു തണൽ വൃക്ഷമാണ്. ഈ സ്കൂളിന്റ ആദ്യകാലം മുതൽ ഞാൻ ഇവിടെ ഉണ്ട്. അറിവ് എന്ന അമൂല്യമായ ധനം കുട്ടികൾക്ക് പകർന്നുനൽകുന്ന ഒരു ക്ഷേത്രമാണ് ഈ വിദ്യാലയം. എനിക്ക് ഈ സ്കൂളുമായി വളരെ നല്ല ആത്മബന്ധമുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒത്തിരി അനുഭവങ്ങൾ എനിക്ക് ഈ സ്കൂളിൽ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ രണ്ടു വർഷങ്ങൾക്കു മുൻപ് എനിക്കുണ്ടായ ഒരു അനുഭവം അല്ലെങ്കിൽ ഞാൻ കണ്ടു മനസ്സിലാക്കിയ സ്നേഹം  പറയാം. എന്നാൽ ഞാൻ പറയട്ടെ... 

ഇടവപ്പാതി കഴിഞ്ഞു,
രണ്ടുമാസത്തെ നീണ്ട വേനലവധിക്കു ശേഷം കുരുന്നുകൾ വിദ്യ അഭ്യസിക്കുന്നതിനുവേണ്ടി സ്കൂൾ മുറ്റത്തേക്ക് വരികയാണ്. പുതിയ ഒരു അധ്യയന വർഷം തുടങ്ങുകയാണ്. മുൻപ് ഇവിടെ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചിരുന്ന ആറ് കൂട്ടുകാർ അന്നും വന്നിരുന്നു.
രണ്ടുമാസത്തിനുശേഷം ഒരുമിച്ച് കണ്ടതിലുള്ള സന്തോഷം അവർ പരസ്പരം പങ്കുവെച്ചു. ഞാൻ ഇതെല്ലാം മുറ്റത്തുനിന്ന് കാണുന്നുണ്ടായിരുന്നു. ആഘോഷം ഒക്കെ കഴിഞ്ഞു .എല്ലാവരും അവരവരുടെ ക്ലാസുകളിലേക്ക് പോയി. പുതിയ അധ്യാപകരെ പരിചയപ്പെട്ടു. സ്കൂളിൽ പുതുതായി വന്നതീനാൽ അധ്യാപകൻ എല്ലാവരേയും പരിചയപ്പെട്ടു .പിന്നെ കളികളും പാട്ടുമൊക്കെയായി ആ ദിവസം വൈകുന്നേരം അവർ പിരിഞ്ഞു. രണ്ടാമത്തെ ദിവസവും രാവിലെ അവർ ക്ലാസ്സിൽ എത്തി. അധ്യാപകനും എത്തി. അവരുടെ അധ്യാപകൻ നല്ല പാട്ടുകാരനായിരുന്നു. എല്ലാ കുട്ടികളോടും സംസാരിച്ചും കളി പറഞ്ഞും ഒക്കെ അധ്യാപകൻ കൂട്ടായി. കുട്ടികൾക്കും അവരുടെ സാറിനെ ഒത്തിരി ഇഷ്ടമായി. അവരുടെ കളിയും തമാശയും സംസാരവും ഒക്കെ കേൾക്കാൻ നല്ല രസമാണ്. എനിക്ക് ആ കുട്ടികളെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് ഒരു മരം എന്ന നിലയ്ക്ക് ഞാനവർക്ക് തണലും കാറ്റും ഒക്കെ കൊടുക്കും.
കുറച്ചു നാളുകൾക്കു ശേഷം,
ഇപ്പോളാ കൂട്ടുകാരുടെ സംസാരവിഷയം തന്നെ അവരുടെ സാറിനെ പറ്റിയാണ്. ഒരു മരം എന്ന നിലയ്ക്ക് അവർ പറയുന്നത് വെച്ച് എനിക്കും ആ സാറിനെ ഇഷ്ടപ്പെട്ടു. ആറ് കൂട്ടുകാരുടെ സുഹൃത്ത് ബന്ധവും ആ അധ്യാപകനും തമ്മിലുള്ള സ്നേഹബന്ധവും വളർന്ന് പന്തലിച്ചു. അവരുടെ സ്നേഹത്തിൽ ലയിച്ചിരുന്നു നാളുകൾ കടന്നു പോയതറിഞ്ഞില്ല. വർഷാവസാന പരീക്ഷ എത്താറായി. ഒരു ദിവസം, ഉച്ചയ്ക്ക് എന്നും വരാറുണ്ടായിരുന്നു അവർ വന്നില്ല. "അവരെ കാണുന്നില്ലല്ലോ , എന്തു പറ്റി?"എന്റെ കണ്ണുകൾ എല്ലായിടത്തും അവരെ അന്വേഷിച്ചു. പക്ഷേ കണ്ടില്ല. ഉച്ചയ്ക്ക് ശേഷം ക്ലാസ് ആരംഭിച്ചപ്പോൾ ഞാൻ ക്ലാസിലേക്ക് എത്തിനോക്കി. അപ്പോൾ ഞാൻ അവരെ കണ്ടു. അവരുടെ അദ്ധ്യാപകൻ അവരെ ആറുപേരെയും എഴുന്നേൽപ്പിച്ചു നിർത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം അവർ പുറത്തിറങ്ങി എന്റെ ചുവട്ടിൽ വന്നു. എന്നിട്ട് അവർ ഇന്നത്തെ ദിവസം ഉണ്ടായ സംഭവങ്ങൾ പരസ്പരം പറഞ്ഞു. എന്തായിരുന്നു എന്നോ അവർ ആറു പേരും തമ്മിൽ പിണങ്ങി. കാര്യം മറ്റുകുട്ടികൾ സാറിനെ അറിയിച്ചു. പിണങ്ങാൻ ഉള്ള കാരണം സാർ കുട്ടികളോട് ചോദിച്ചു. കാര്യമറിഞ്ഞപ്പോൾ അത് ഒരു ചെറിയ പ്രശ്നം ആയിരുന്നു. ശേഷം സാർ കുട്ടികളോട് സുഹൃത്ത് ബന്ധത്തിന്റെ മഹത്വത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കി. അപ്പോൾ ആ കൂട്ടുകാർക്ക് തങ്ങൾ ചെയ്ത തെറ്റ് മനസ്സിലായി. എന്നിട്ട് സാർ കുട്ടികളെ കൊണ്ട് പറയിപ്പിച്ചു, " ഇനി ഒരിക്കലും തമ്മിൽ പിണങ്ങില്ല എന്ന്". പിന്നെ ആ കൂട്ടുകാർ ഒരിക്കലും പിണങ്ങിയിട്ടില്ല. അതിന് പ്രധാന പങ്കുവഹിച്ചത് അവരുടെ സാറായിരുന്നു. അതുമല്ല ഈ സംഭവത്തിൽ നിന്നും കുട്ടികൾക്ക് അവരുടെ അധ്യാപകരോടുള്ള സ്നേഹവും വ്യക്തമാണ്.
നാളുകൾ കടന്നുപോയി. വർഷാവസാന പരീക്ഷയുടെഅവസാന ദിവസമായി. ആറു കൂട്ടുകാരുടെയും മുഖത്ത് സങ്കടം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. കാരണം ഇന്ന് അവരുടെ രണ്ടു മാസത്തെ അവധികാലം ആരംഭിക്കുകയാണ്. രണ്ടു മാസത്തേക്ക് അവരുടെ സാറിനെ അവർക്ക് കാണാൻ കഴിയില്ല. പരീക്ഷ കഴിഞ്ഞു. അവർ സാറിനെ കണ്ടു. സാറിനെ കണ്ടതും കുട്ടികളുടെ കണ്ണുനിറഞ്ഞു. അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി. ഇതു കണ്ടപ്പോൾ സാറിന്റെ കണ്ണുനിറഞ്ഞു. ശേഷം സാർ കുട്ടികളെ സമാധാനിപ്പിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു, " നിങ്ങൾ ആരും വിഷമിക്കേണ്ട എന്റെ സ്നേഹവും പ്രാർത്ഥനയും എന്നും നിങ്ങളോടൊപ്പം തന്നെ ഉണ്ടാകും. എന്നെ വിളിക്കണം എന്ന് തോന്നുമ്പോൾ നിങ്ങൾക്ക് എന്നെ വിളിക്കാം. നിങ്ങളുടെ ഓരോരുത്തരുടെ മനസ്സിലും ഞാൻ എന്നും ഉണ്ടാകും. നിങ്ങൾ കണ്ണടച്ചു നോക്കുമ്പോൾ എന്റെ മുഖം നിങ്ങളുടെ മനസ്സിൽ കാണാൻ കഴിയും". ഇത്രയും പറഞ്ഞ ശേഷം അവർ പിരിഞ്ഞു.
സഹിക്കാൻ കഴിയാത്ത വേദനയോടെയാണെങ്കിലും അധ്യാപകനും വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ പടിയിറങ്ങി പിരിഞ്ഞുപോയി. ഈ സംഭവം എന്റെ കരൾ അലിയിപ്പിച്ചു. ഇതായിരുന്നു എനിക്ക് ഈ സ്കൂളിൽ നിന്നും ഉണ്ടായ അവിസ്മരണീയമായ അനുഭവം. ഈ അനുഭവം എന്നെ ഒരുപാട് വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. വേദന എന്തെന്നാൽ ആ കൂട്ടുകാരും സാറും തമ്മിൽ പിരിഞ്ഞ് അതിനാലാണ്. എന്നാൽ സന്തോഷം ആ കുട്ടികൾ തങ്ങളുടെ അധ്യാപകനിൽ നിന്നും വിദ്യയോടൊപ്പം യഥാർത്ഥ സ്നേഹം എന്താണെന്ന് മനസ്സിലാക്കി എന്നതിലാണ്. ഒരു മരം എന്ന നിലയ്ക്ക് ഞാൻ മനസ്സിലാക്കിയിടത്തോളം ഓരോ വിദ്യാലയത്തിലും അറിവ് മാത്രമല്ല നല്ല പെരുമാറ്റം ശീലവും സദ്ഗുണങ്ങളും പിന്നെ യഥാർത്ഥ സ്നേഹവും അഭ്യസിപ്പിക്കുന്നു.
വരുംതലമുറയെ നല്ല രീതിയിൽ വാർത്തെടുക്കുന്ന ശില്പികൾ ആണ് അധ്യാപകർ. അധ്യാപകർ വിദ്യാർത്ഥികളുടെ കൺകണ്ട ദൈവം ആണ്. എപ്പോഴും നമുക്ക് അമൂല്യമായ ദാനമാണ് സ്നേഹവും വിദ്യയും. ഇവയ്ക്ക് ഒരിക്കലും വില കൽപ്പിക്കാൻ ആകില്ല. എത്ര കിട്ടിയാലും എത്രതന്നെ നൽകിയാലും മതി വരാത്തവയാണ് സ്നേഹവും വിദ്യയും. ഇവ ആകാശവും കടലും പോലെ അന്തമില്ലാതെ വ്യാപിച്ചു കിടക്കുകയാണ്.

ആര്യനന്ദ. എസ്. പി
8 എ ഗവൺമെൻറ് എം.റ്റി. എച്ച്.എസ്സ്. ഊരൂട്ടുകാല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ