ജി.എം.എൽ.പി.എസ് പാറപ്പുറം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു നാടിനു മുഴുവൻ അക്ഷരങ്ങളുടെ അത്താണിയായി വർത്തിച്ച പതിറ്റാണ്ടുകളുടെ ചരിത്രമാണ് പാറപ്പുറം ജി.എം.എൽ.പി സ്കൂൾ എന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് പറയാനുള്ളത്.മലബാറിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും പോലെ ഒരു ഓത്തുപള്ളിക്കൂടത്തിൽ നിന്നു തന്നെയാണ് ഈ സ്കൂളിൻെറയും പിറവി.
1920 കളുടെ തുടക്കത്തിൽ ഇരുമ്പിൾ മൊല്ല എന്ന വ്യക്തി ആരംഭിച്ച ഓത്തുപള്ളിക്കൂടം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോട്ടു നിന്നിരുന്ന പാറപ്പുറം ദേശത്തിനാകെ ഉണർവ്വ് നൽകി.നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതികൾക്ക് പുതായൊരു ദിശാബോധം നൽകിക്കൊണ്ട് 1926 ൽ പ്രസ്തുത ഓത്തുപള്ളിക്കൂടം "ബോർഡ് മാപ്പിള സ്കൂൾ പാറപ്പുറം" എന്ന പേരിൽ ഒരു സർക്കാർ വിദ്യാലയമായി ഉയർത്തപ്പെട്ടു. ജാതി മത വർണ വർഗ്ഗ വ്യത്യാസമില്ലാതെ ഒരു ജനതയെ മുഴുവൻ അജ്ഞതയുടെ പടുകുണ്ടിൽ നിന്ന് കൈ പിടിച്ചു കയറ്റുന്ന ഒരു കൈത്തിരിയായി മാറാൻ ഈ സ്കൂളിന് അധിക സമയം വേണ്ടി വന്നില്ല. കേരള സംസ്ഥാനം രൂപം കൊണ്ടിട്ടില്ലാത്ത ആ കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
വിദ്യാഭ്യാസ മേഖലയിൽ അക്കാഡമികവും ഭൗതികവുമായ ഒരു പാട് മുന്നേറ്റങ്ങൾക്ക് തുടർ വർഷങ്ങളിൽ കേരളം സാക്ഷ്യം വഹിച്ചു.അക്കാഡമിക പ്രവർത്തനങ്ങളിൽ മുഖ്യധാരയ്ക്കൊപ്പം സഞ്ചരിച്ചെങ്കിലും ഭൗതിക സൗകര്യങ്ങൾ വേണ്ടത്ര വികസിപ്പിച്ചെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞില്ല.മാറി മാറി വന്ന പി.ടി.എ യും അധ്യാപകരും, സ്കൂളിന് സ്വന്തമായി കെട്ടിടം എന്ന ലക്ഷ്യം നേടുന്നതിനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരുന്നു.