സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/എന്റെ ഗ്രാമം
കേരള സംസ്ഥാനത്തു എറണാകുളം ജില്ലയിൽ എറണാകുളം നഗരത്തിൽ നിന്നും 31 km തെക്കുകിഴക്കായും കോട്ടയം നഗരത്തിൽ നിന്നും 40 km വടക്കായും സ്ഥിതി ചെയ്യുന്ന മുൻസിപ്പാലിറ്റിയാണ് പിറവം. പിറവം നഗരസഭാ പരിധിയിലാണ് വിദ്യാലയം. ചരിത്രപരവും ഐതിഹ്യപരവുമായ നാടാണിത്. പാഴൂർ തൃക്കോവിലും ശിവക്ഷേത്രവും പിറവം പള്ളിയും ചരിത്രപ്രസിദ്ധമാണ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പിറവത്തു സ്ഥിതി ചെയ്യുന്ന പാഴൂർ പടിപ്പുരയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യ ക്രിസ്തീയ ദേവാലയമെന്നു വിശേഷിക്കപ്പെട്ട പിറവം വലിയ പള്ളി നഗരത്തിന്റെ ഓരം പറ്റി ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ കിഴക്കേ കരയിലുള്ള കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു. സ്വച്ഛശീതളമാർന്ന പുഴയും വശ്യസുന്ദരങ്ങളായ മലകളും പാടങ്ങളും പിറവത്തിന്റെ ദൃശ്യഭംഗിക്ക് ചാരുതയേകുന്നു.
ബത്‌ലഹേമിലെത്തി ഉണ്ണിയേശുവിന് പൊന്നും മീറയും കുന്തിരിക്കവും കാഴ്ച്ചവച്ച മൂന്ന് രാജാക്കന്മാരിൽ ഒരാൾ പിറവം ദേശക്കാരനായിരുന്നെന്നും അദ്ദേഹത്തോടൊപ്പം മറ്റു രണ്ട് രാജാക്കന്മാരും കേരളക്കരയിലെത്തി പിറവത്തു വന്നിറങ്ങിയെന്നും അവരുടെ രീതിപ്രകാരം, അവർ കണ്ട ഉണ്ണിയേശുവെന്ന രാജകുമാരനെ ആരാധിച്ചു തുടങ്ങിയെന്നുമാണ് പാരമ്പര്യം. യേശുവിന്റെ പിറവി കണ്ട രാജാക്കന്മാരുടെ നാടായതിനാലാണ് കരയ്ക്ക് 'പിറവം' എന്ന പേര് ലഭിച്ചത്. പിറവത്തു പള്ളിരാജാക്കൾ വിളിച്ചാൽ വിളി കേൾക്കുന്ന വിശുദ്ധരാണെന്നു നാനാജാതി മതസ്ഥർ സാക്ഷിക്കുന്നു. അതുകൊണ്ട് തന്നെ പിറവം പള്ളി പെരുന്നാൾ ഈ നാടിന്റെ തന്നെ ഉത്സവമാണ്. കേരള സംസ്ഥാനത്തിൽ ലയിപ്പിച്ച തിരുവിതാംകൂർ രാജ്യം, വടക്കുംകൂർ രാജ്യം പിടിച്ചെടുക്കുന്നതിനു മുൻപ് പിറവം വടക്കുംകൂർ രാജ്യത്തിൽ ഉൾപ്പെട്ടതായിരുന്നു.