എസ് എസ് എൽ പി എസ് പോരൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15419 (സംവാദം | സംഭാവനകൾ) (എസ് എസ് എൽ പി എസ് പോരൂർ/എന്റെ ഗ്രാമം എന്ന പേജിൽ തിരുത്തലുകൾ വരുത്തി)
             വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ, തൊണ്ടർനാട്, എടവക, മാനന്തവാടി, കൊട്ടിയൂർ പഞ്ചായത്തുകൾക്കിടയിലായി മഞ്ഞണിഞ്ഞ മാമലകളാൽ ചുറ്റപ്പെട്ട് പോരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നു.
          മാനന്തവാടി ടൗണിൽ നിന്നും 18 കിലോമീറ്റർ വടക്കായി, മാനന്തവാടി-വാളാട് റൂട്ടിലൂടെയും(43 മൈൽ വഴി), തവിഞ്ഞാൽ-യവനാർകുളം റൂട്ടിലൂടെയും പോരൂരിൽ എത്തിച്ചേരാൻ കഴിയും. നിലവിൽ സ്കൂൾ ഇരിക്കുന്ന സ്ഥലം 'കാട്ടിമൂല' എന്ന് അറിയപ്പെടുന്നു. പ്രസ്തുത പേര് ഏ സ്ഥലത്തെ പ്രധാന ഗോത്രവർഗത്തിന്റെ കുടുംബ പേരായിരുന്നു.
              ലോകമഹായുദ്ധങ്ങളുടെ ഫലമായി സംജാതമായ സാമൂഹികക്രമവും, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ബാലാരിഷ്ടതകളും, സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികളും, സമ്പൽസമൃദ്ധമായ പ്രദേശങ്ങൾ തേടി പുത്തൻ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക്‌ ആദ്യകാല കുടിയേറ്റക്കാരെ പ്രേരിപ്പിച്ചു. നാഗരികതയുടെ പുറംമോടികളിൽ നിന്ന്‌ ഹരിതാഭമായ വയനാട്ടിലേയ്ക്ക്‌ 1940-കളിൽ ആരംഭിച്ച കുടിയേറ്റം 1950 എത്തിയപ്പോഴേയ്ക്കും പോരൂരിൽ ധാരാളം കുടുംബങ്ങളെ എത്തിചേർത്തു. കാടും കാട്ടുമൃഗങ്ങളും മരം കോച്ചുന്ന തണുപ്പും മാറാവ്യാധികളും അകമ്പടിയായി കാവൽ നിന്നിരുന്ന കാലമായിരുന്നു അത്.

ഇന്ന് എന്റെ ഗ്രാമം പുരോഗതിയുടെ പാതയിലാണ് കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന തലമുറകളിൽ നിന്നും വെള്ള കോളർ ജോലികളിലേക്ക് തലമുറ മാറിക്കൊണ്ടിരിക്കുന്നു. മികച്ച റോഡുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ നാടിന്റെ വികസനത്തിന്‌ ഊർജം പകരുന്നു. നമ്മുടെ ഗ്രാമത്തിന്റെ വികസനത്തിൽ ഒരു പങ്ക് നമ്മുടെ സ്കൂളിനും തീർച്ചയായും അവകാശപ്പെടുവാൻ കഴിയും.