ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നെടുമങ്ങാടിന്റെ ഫോൿലോർ

പ്രാദേശിക സംസ്കാരസ്വത്വം അന്വഷിക്കലാണ് ഫോക്ൿലോറിന്റെ( നാടോടിവിജ്ഞാനീയം)ലക്ഷ്യംജനതയുടെ അറിവും ജനതയെ കുറിച്ചുള്ള അറിവും ഇതിലുൾപ്പെടുന്നു.ഇളവള്ളൂർ നാട് എന്നാണ് നെടുമങ്ങാട് മുന്പ് അറിയപ്പെട്ടത്.വേണാട്ടിലെ ഇളയിടത്തു സ്വരൂപ(കൊട്ടാരക്കര ശാഖ)ത്തിന്റെ ഭാഗമായ പേരകത്താവഴിയിലാണിത് ഉൾപ്പെടുന്നത്.ഒരു കൊട്ടാരത്തിന്റെ പെരുമയല്ലാതെ നെടുമങ്ങാടിന് അവകാശപ്പെടാൻ കാര്യമായ ചരിത്രമില്ല.പുലയവംശജയായ കോതറാണി ഭരിച്ചിരുന്ന ഒരു പ്രദേശമാണ് നെടുമങ്ങാടിനടുത്തുള്ള കോക്കോതമംഗലം എന്നു കേട്ടുകേൾവിയുണ്ട്.ഉഴമലയ്ക്കൽ, അര്യനാട് കരകുളം തുടങ്ങിയ സ്ഥലങ്ങളിൽ പ്രാദേശിക പ്രമാണിമാരുടെ ഭരണം നിലനിന്നിരുന്നു എന്നതിനു ചില ഗ്രന്ഥങ്ങൾ തെളിവു തരുന്നു. ചരിത്രപരമായും സാംസ്കാരികമായും ഭാഷാപരമായും ഏറെ സവിശേഷതകൾ നിറഞ്ഞ നെടുമങ്ങാട് പല ജാതിമതവിഭാഗങ്ങളും നാടോടി ഗോത്രസമൂഹവും ഉൾപ്പെടുന്ന ഒരു ഗോത്രമേഖലയാണ്.നാടോടി സംസ്കാരത്തിന്റെ ഖനിയാണിവിടം.നെടുമങ്ങാടിന്റെ ഭൂപ്രകൃതി,ചരിത്രം,സാമൂഹികജീവിതം,ആചാരാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം വ്യതിരിക്തമായ സംസ്കാരം രൂപപ്പെടുന്നതിനു ഇടവരുത്തിയിട്ടുണ്ട്. നെടുമങ്ങാടിന്റെ എഴുത്തുകാരനായ ഉത്തരംകോട് ശശിസാറിന്റെ നാട്ടുമൊഴിവഴക്കങ്ങൾ എന്ന പുസ്തകത്തിൽ നിന്നും നമുക്കു ലഭിച്ച വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

ഗോത്രവർഗ്ഗ സംസ്കാരം

നമ്മുടെ ആദിമസംസ്കാരത്തിന്റെ ചിത്രങ്ങൾ ഇവിടത്തെ കാണിക്കാരിൽ പ്രകടമാണ്. കരിപ്പുകൃഷി നടത്തിയിരുന്ന ഒരു കാർഷിക ഗോത്രവർഗ്ഗമാണ് കാണിക്കാർ.

കാർഷിക സംസ്കാരം

കുടിയേറ്റങ്ങളുടെ ഫലമായി കാർഷിക വിഭവങ്ങളെ കേന്ദ്രീകരിച്ചുണ്ടായ സംസ്കൃതിയെ കാർഷികസംസ്കാരം എന്നു പറയാം.നിലം കൃഷിയും മലങ്കൃഷിയും ഇതിൽ പെടുന്നു.നെല്ല്,മരിച്ചീനി,തെങ്ങ്, തുടങ്ങിയവ കൃ‍ഷിചെയ്ത് രൂപപ്പെട്ട സംസ്കാരമാണിത്.മറ്റുപ്രദേശങ്ങളിലുള്ളതുപോലെ ജന്മിത്വത്തിന്റെ കിരാതമുഖം ഇവിടെ ഒരിക്കലും പ്രകടമായിട്ടില്ല എന്നതു ഒരു പ്രത്യേകതയാണ്.

എസ്റ്റേറ്റ് ഫാക്ടറി സംസ്കാരം(നാണ്യവിളസംസ്കാരം

കാടുകളേയും കൃഷിസ്ഥലങ്ങളേയും എസ്റ്റേറ്റുകളാക്കി മാറ്റിയ സംസ്കാരമാണിത്.ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ ഇത് സംഭവിച്ചുകഴിഞ്ഞിരുന്നു.അയൽസംസ്ഥാനങ്ങളിൽ നിന്നുംമറ്റും കുടുംബങ്ങൾ ഉപജീവനം തേടിയെത്തി, എസ്റ്റേറ്റുകളെ കേന്ദ്രീകരിച്ചു ജീവിച്ചുണ്ടാക്കിയ സംസ്കാരം.

ആധുനിക സംസ്കാരം

ഉപനാഗരികതയിൽ നിന്ന് നാഗരിതയിലേക്കുള്ള ശീഘ്രപരിണാമം കുറിക്കുന്ന സംസ്കാരം,പഴയ സാമൂഹിക ബന്ധങ്ങളും ജീവിതശൈലികളും മൂല്യങ്ങളും മാറിമറിഞ്ഞുണ്ടായ സംസ്കാരം.

വാമൊഴി വഴക്കം

ഒട്ടേറെ ഫോക് ലോർ രൂപങ്ങൽ ഇതിലടങ്ങുന്നു.വാമൊഴി സാഹിത്യവുമായ ബന്ധപ്പെട്ട എല്ലാം ഇതിന്റെ ഭാഗമാകുന്നു.നാടൻഭാഷയാണ് ഇതിന്റെ മുഖ്യാധാരം. ജാതിഭാഷ,തൊഴിൽ ഭാഷ,ഗാർഹിക ഭാഷ,തെറി ഭാഷ, തെരുവുഭാഷ,ആചാര ഭാഷ‌, അനുഷ്ഠാന ഭാഷ, ചന്തഭാഷ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങൽ ഇതിനു കല്പിക്കാം.പഴഞ്ചൊല്ല്, കടങ്കഥ, ശൈലികൾ, എന്നിവയും നാടൻ കലകളുമെല്ലാം വാമൊഴി രൂപത്തിൽ വരുന്നു.കഥ സാർവജനീനമാണെങ്കിലും കഥാരൂപങ്ങൾ പ്രാദേശിക സംസ്കാരത്തിനനുസരിച്ച് മാറും.നിരവധി ഇനങ്ങൾ ഇതിലുമുണ്ട്.ഉല്പത്തികഥകങ്ങൾ,ഐതിഹ്യകഥകൾ, പാറക്കഥകൾ, ജന്തുകഥകൾ,പ്രാദേശിക ദേവതാകഥകൾ,തമ്പുരാൻ കഥകൾ, സ്ഥവനാമകഥകൾ, യക്ഷിക്കഥകൾ,കാണിക്കഥകഥകൾ എന്നിങ്ങനെ.അമ്മൂമ്മ കഥകൾ, അടുക്കളക്കഥകൾ തുടങ്ങിയ ഗാർഹിക കഥകൾ വേറെയും. നാടൻപാട്ടുകളാണ് മറ്റൊരു വക.വാമൊഴിവിഭാഗത്തിൽ ഏറ്റവുമധികം ശേഖരണവും പഠനവും നടന്നിട്ടുള്ളത് ഈ വിഭാഗത്തിലാണ്.നെടുമങ്ങാട്ടുള്ള നാടൻപാട്ടുകളെ വിനോദഗാനങ്ങൾ(വിനോദ സംവാദ രൂപത്തിലുള്ള പാട്ടുകൾ, നാടോടിക്കളിപ്പാട്ടുകൾ,അടുക്കളപ്പാട്ടുകൾ, കുട്ടിപ്പാട്ടുകൾ മുതലായവ)ആചാരപ്പാട്ടുകൾ (തിരണ്ടുപ്പാട്ട് (മണ്ണുനീർപ്പാട്ട്),കല്ല്യാണപ്പാട്ടുകൾ, ഒപ്പാരുപാട്ട്, അമ്മാനപ്പാട്ട് എന്നിവ, അനുഷ്ഠാനപ്പാട്ടുകൾ( ഊട്ടുപാട്ടുകൾ,നന്ദുണിപ്പാട്ടുകൾ,ഉറിയടിപ്പാട്ടുകൾ. ചാറ്റുപാട്ടുകൾ, സർപ്പപ്പാട്ടുകൾ, ഭദ്രകാളിപ്പാട്ടുകൾ,തിരുവാതിരപ്പാട്ടുകൾ,വില്ലടിച്ചാൻപാട്ടുകൾ, മന്ത്രവാദപ്പാട്ടുകൾ തുടങ്ങിയവ)ഒറ്റപ്പാട്ടുകൾ(കൃ‍ഷിപ്പാട്ടുകൾ,ഏലേലം പാട്ട് ,വട്ടിപ്പാട്ട്, ഒാണപ്പാട്ടുകൾ താരാട്ടുപ്പാട്ട് മുതലായവ) എന്നിങ്ങനെ വർഗ്ഗീകരിക്കാവുന്നതാണ്.

ഭൗതിക സംസ്കാരം

മലയാളത്തിൽ വളരെക്കുറച്ചുമാത്രം പഠിക്കപ്പെട്ടിട്ടുള്ള ഒരു ഫോക് ലോർ വിഭാഗമാണ് ഭൗതിക സംസ്കാരവുമായ ബന്ധപ്പെട്ടവ. ഇതിനെ പലതായി വിഭജിക്കാവുന്നതാണ്.

നാടൻവൈദ്യം

ആദിവാസ ചികിത്സ, നാട്ടുചികിത്സ(പാരമ്പര്യചികിത്സ,മർമ്മ ചികിത്സ, ഒറ്റമൂലി, കണ്ണുചികിത്സ, ബാലചികിത്സ, മന്ത്രവാദി ചികിത്സ, മാട്ടുചികിത്സ,എന്നിവയ്ക്ക് പൊതുവിൽ നാട്ടുചികിത്സ എന്ന് പറഞ്ഞുവരുന്നു.) വംശീയവൈദ്യന്മാർ ഇവിടെ കുറവല്ല.

കൈവേല വഴക്കങ്ങൾ(ഗ്രാമീണ സാങ്കേതിക വിദ്യകൾ

ആശാരി, തട്ടാൻ, വാണിയൻ, വേളാൻ, നെയ്ത്തുകാരൻ, തുടങ്ങിയവരുടെ കരകൗശല വിദ്യകളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. പറയൻ,പുലയൻ,കാണിക്കാർ, തുടങ്ങിയവരുടെ പലവിധത്തിലുള്ള കരകൗശലങ്ങളും ഇൗ ഗണത്തിൽ ഉൾപ്പെടുന്നു.

നാടൻ പാർപ്പിട നിർമ്മാണം

ആറുകാൽപ്പുര മുതൽ വലിയ ഒാടിട്ട കെട്ടിടം വരെ കമനീയമായി പണിതിരുന്ന ഒരു കൂട്ടായ്മ ഇവിടെ ഉണ്ടായിരുന്നു.

ഭക്ഷണം

പാചകവസ്തുക്കൾ,പാചകരീതികൾ,ഭക്ഷിക്കുന്ന വിധങ്ങൾ ഇവയെക്കുറിച്ചുള്ള അറിവുകളാണ് ഈ വിഭാഗത്തിൽ വരുന്നവ.വ്യത്യസ്ത ഭക്ഷണങ്ങളും പാചകരീതികളും നെടുമങ്ങാടിനുണ്ടായിരുന്നു.

സാമൂഹികാചാരങ്ങൾ,അനുഷ്ഠാനങ്ങൾ

നെടുമങ്ങാട് കാർഷ‍ിക മേഖലയായതുകൊണ്ട് ഈ വിഭാഗത്തിൽ ധാരാളം ഫോക് ലോർ രൂപങ്ങളുണ്ട്. തിരണ്ടുകുളി,കെട്ടുകല്യാണം, കാതുകുത്ത, നൂലുകെട്ട്, തൃക്കാർത്തിക,പുത്തരിയൂണ്,മന്ത്രവാദം, പാണ്ഡവപൂജ(മലവേടരുടേത്),ക്ഷേത്രാനുഷ്ഠാനങ്ങൾ വാവുബലി,അയ്യപ്പൻകെട്ട്, ചിറപ്പുകൾ, ശ്രീനാരായമ ഗുരു ജയന്തി- സമാധി ആഘോഷങ്ങൾ,എന്നിവ ഇതിൽ ചിലതു മാത്രമാണ്.തൊഴിലാളികളുടെ രാഷ്ട്രീയാനുഷ്ഠാനങ്ങളെയും കൂടി ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.

പ്രകടനപരമായ കലകൾ

സ്പോർട്സ്& ഗെയിംസ് വിഭാഗത്തിൽ പെടുത്താവുന്ന കളികൾ,കാക്കനുള്ളിക്കളി, കൈപ്പത്തിയിടിച്ചുകളി, കൊക്കാമണ്ണിക്കളി, ഒറ്റയും ഇരട്ടയും കളി, വാതകളി, കുറവരുകളി, കല്യാണക്കളി, കയ്യാങ്കളി, കിളിത്തട്ടുകളി, ചൊരയ്ക്കാപിഞ്ചുകളി, സീമന്തികളി, ഗോലികളി, തുടങ്ങി ചീട്ടുകളി വരെ നാടൻകളികളിൽ പെടുന്നു. കമ്പടികളി, തിരുവാതിര,, കുറത്തിയാട്ടം, കാലൻ തുള്ളൽ, വെളിപാടുതുള്ളൽ, തുടങ്ങിയ നൃത്തരൂപങ്ങൾ, കാക്കാരിശ്ശി, കാളിയൂട്ട്, തുടങ്ങിയ നാടോടി നാടകരൂപങ്ങൾ,വില്ലടിച്ചാൻപാട്ട്, തോറ്റംപാട്ട്, ഊട്ടുപാട്ട്, കളരിപ്പയറ്റ്, തുടങ്ങിയവരെല്ലാം പ്രകടനപരമായ കലാരൂപങ്ങൽ കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ മാത്രമല്ല, തെക്കൻകേരളത്തിവലെതന്നെ ഫോക് ലോർ സമ്പന്നമായ ഒരു പ്രദേശമാണ് നെടുമങ്ങാട്.ട്രൈബൽ-റൂറൽ-അർബൻ മേഖലകളിലെല്ലാം ഫോക് ലോർ രൂപങ്ങൾ ഇവിടെ ഗവേഷണം കാത്തുകിടക്കുന്നുണ്ട്.വസ്തുതകൾ ശേഖരിക്കേണ്ട വിധവും സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും നന്നായി മനസ്സിലാക്കിയവരുടെ അഭാവമുണ്ടെങ്കിലും ഗവേഷണം പുരോഗമിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. സർവ്വകലാശാലകളിൽ നിന്ന് സാമൂഹികശാസ്ത്രം,നരവംശ ശാസ്ത്രം, ചരിത്രം, സാഹിത്യം എന്നിവ ഐച്ഛിക വിഷയമായെടുത്ത വിദ്യാർത്ഥികൾ പ്രോജെക്ട്,ഡിസേർട്ടേഷൻ മോണോഗ്രാഫ്, റിസേർച്ച് എന്നിവയ്ക്ക് ഓടിയത്തുന്ന മേഖലയാണിന്ന് നെടുമങ്ങാട്.ഇവിടത്തെ ഗോത്രജീവിതവും കാർഷികസംസ്കാരവും അവരെ ആകർഷിച്ചപകൊണ്ടിരിക്കുന്നു.ചാറ്റിനെയും കൊടുതിയേയും ഗോത്രോത്സവങ്ങളേയും പറ്റി ഇതിനകം പലരം പഠിച്ചകഴിഞ്ഞിരിക്കുന്നു.കാണിക്കാരുടെ ആത്മകഥവരെ വിദ്യാർത്ഥികൾ പഠനവിധേയമാക്കുന്നു.കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡ് ലഭിച്ച ഫോക് ലോർ കലാകാരന്മാർ നെടുമങ്ങാട്ടുണ്ട്.നമ്മുടെ പ്രാദേശിക സംസ്കൃതികളെ ഒരു ബകനെപ്പോലെ തിന്നൊടുക്കുന്ന ആഗോളസംസ്കൃതിയെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ അടിയന്തരകർത്തവ്യമാണ്.അതിന് വികേന്ദ്രീകൃതാസൂത്രണത്തിന്റെ പക്ഷത്തുന്നിന്നുകൊണ്ട് നമ്മുടെ ഗ്രാമങ്ങളിലെ ഫോക് ലോർ വസ്തുതകൾ ശേഖരിക്കകയും പഠിക്കുകയും ചെയ്യാൻ താല്പര്യമുള്ളവർ മുന്നോട്ടുവരട്ടെ.