ജി എൽ പി ജി എസ് വർക്കല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം - നാളിതുവരെ

നാരദമുനി തന്റെ വൽക്കലം (മേൽവസ്ത്രം) ഉരിഞ്ഞിട്ട സ്ഥലമാണ് 'വർക്കല' എന്നും വക്കിൽ (അരികിൽ) അല വന്നടിക്കുന്ന കടൽത്തീരം എന്നതിനാൽ 'വർക്കല' എന്നും സ്ഥലനാമഐതിഹ്യം പറയുന്നു. പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം. പില്ക്കാലത്ത് തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതി ഭായിയുടെ ഭരണകാലത്ത് സർക്കാർ വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാൻ തീരുമാനിച്ചു. മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി. ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാൻ തുടങ്ങി. ധർമ്മശാല മഠത്തിൽ ആത്മീയത പകർന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാൻ തുടങ്ങി.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന അക്കാലത്തു, ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം, 1904-ൽ സർക്കാർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. തുടർന്ന് പ്രാഥമികവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ പെൺകുട്ടികൾക്കായുള്ള വിദ്യാലയം സ്ഥാപിതമായി. സ്കൂളിനോട് ചേർന്ന് തന്നെ ശ്രീ. കെ. സി. പദ്‌മനാഭപിള്ളയുടെ ഉടമസ്ഥതയിൽ ആൺകുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കുകയും, 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യുകയും ചെയ്തു . തുടർന്ന്  1959-60 കാലഘട്ടത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. അന്നുമുതൽ ഗവ.ജി.എൽ.പി.ജി.എസ് എന്നറിയപ്പെടുന്നു. ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തിന്റെ ഭൂരിഭാഗവും സംഭാവന നൽകിയത്  ശ്രീമതി. സീതമ്മ ടീച്ചർ ആയിരുന്നു. സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആരെന്നോ ആദ്യവിദ്യാർത്ഥി ആരെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കടപ്പാട് : ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല