ഗവ. എച്ച് എസ് പനങ്കണ്ടി/ചരിത്രം
ഗവ ഹയർ സെക്കണ്ടറി സ്കൂൾ പനങ്കണ്ടി
മുഖമൊഴി - വാമൊഴികളും , വരമൊഴികളും ഭൂതകാലത്തെ രേഖപ്പെടുത്തുമ്പോൾ ചരിത്രം രചിക്കപ്പെടുന്നു. വാക്കുകളിലൂടെ, വരകളിലൂടെ, കോറിയിടുന്ന പഴമയുടെ പുതുമണംതലമുറകൾ കൈമാറി വരുന്നത് നിയോഗം. ഇവിടെ ഞങ്ങളൊരു ചരിത്രം കുറിക്കുകയാണ്. ധന്യമായ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം.
.ഭൂമിശാസ്ത്രം :-
വയനാട് ജില്ലയിൽ മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പനങ്കണ്ടി എന്ന ചെറിയ ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പനങ്കണ്ടി ശ്രീ കരിയാത്തൻ ക്ഷേത്രത്തിന്റെ തണലിലായതിനാലോ പനകളുടെ നാടായതിനാലോ ആവാം ഈ നാട് പനങ്കണ്ടി എന്ന പേരിൽ അറിയപ്പെടുന്നത്.
പനങ്കണ്ടിപ്പുഴയുടെ തെക്ക് വശത്ത് കണിയാമ്പറ്റ പഞ്ചായത്തിന്റെ അതിർത്തി പങ്കിട്ടുകൊണ്ടാണ് ഞങ്ങളുടെ സ്കൂളിന്റെ സ്ഥാനം .ആധുനികതയുടെ കടന്നുകയറ്റം ബാധിക്കാത്ത ശുദ്ധമായ പ്രകൃതിയും, ഗ്രാമഭംഗിയും ഇവിടുത്തെ പ്രത്യേകതയാണ്. വയനാടൻ കാർഷിക വിഭവങ്ങളായ കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, വാഴ, മഞ്ഞൾ പച്ചക്കറികൾ എന്നിവ ഇവിടെ സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്നു. ഐശ്വര്യദായിനിയായ പനങ്കണ്ടിപ്പുഴയുടെ ഓരങ്ങളിൽ പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങളും പറ്റം ചേർന്നു മേയുന്ന കന്നുകാലികളും, വിവിധങ്ങളായ പക്ഷികളും പുഴയിൽ തിമിർക്കുന്ന തിരുതയും ചെമ്പല്ലിയും ഗ്രാമീണതയുടെ തനിമയോടെ ഇന്നും നിലനിൽക്കുന്നു.
പുരാതന സംസ്കൃതികളുടെ ഉടമകളായ ഗോത്ര വിഭാഗങ്ങളോടൊപ്പം പനങ്കക്ഷിയിലെ നായർ തറവാടുകൾക്ക് വീര പഴശ്ശിയുടെ പടയോടുള്ള ബന്ധം ചരിത്രമാണ്. ക്ഷേത്രകലകളുടെ കേന്ദ്രമായ പനങ്കണ്ടി ശ്രീ കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം ചരിത്ര പ്രധാനമാണ്. ഇതിന്റെ ചൈതന്യം പ്രദേശവാസികളിൽ നിഴലിക്കുന്നതിനാൽ കലാ രംഗങ്ങളാൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരാണ് ഈ പ്രദേശത്തുകാർ.
സാംസ്കാരികം :-
ഗോത്രവിഭാഗക്കാരായ ആളുകളും പിന്നോക്കവിഭാഗക്കാരും കുടിയേറ്റക്കാരും പരസ്പര സഹകരണത്തോടെ ജീവിക്കുന്ന ഈ ഗ്രാമത്തിൽ 1956-ലാണ് പനങ്കണ്ടി കേന്ദ്രമായി വിദ്യാലയം സ്ഥാപിതമായത്. പ്രദേശത്ത് ആകെയുണ്ടായിരുന്ന വിദ്യാ കേന്ദ്രം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലുള്ള കാര്യമ്പാടി എൽ പി സ്കൂൾ മാത്രമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസ കാര്യത്തിൽ പനങ്കണ്ടിയിലും ഒരു വിദ്യാലയം എന്ന ആവശ്യം ഉയർന്നുവന്നു. ഇക്കാലത്ത് പനങ്കണ്ടിയിലെ അധികാരിയായിരുന്ന യശ:ശരീരനായ ശ്രീ ചുണ്ടപ്പൻ നായർ സൗജന്യമായി നൽകിയ ഭൂമിയിൽ 1956-ൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായി.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |