Schoolwiki സംരംഭത്തിൽ നിന്ന്
രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ പരിഭാഷപ്പെടുത്തുന്നു
1921 ലെ മലബാർ ലഹള നടക്കുന്ന കാലം. ലഹള അടിച്ചമർത്താൻ കരുവാരകുണ്ടിലെത്തിയ ഹിച്ച് കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കേമ്പിൻകുന്നിലെ തൃക്കടീരി മനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാരക്ക് പണിതത്.വാടക നിശ്ചയിച്ചാണ് ഈ ഭൂമി അവർ കൈവശം വെച്ചിരുന്നത്.ലഹള ഒതുങ്ങിയതോടെ1936 ൽ,വാസുദേവൻ നമ്പൂതിരിക്ക് ഭൂമി തിരികെ നൽകി.പട്ടാളക്യാമ്പ് കുളപ്പറമ്പിലേക്ക് മാറ്റി.പിന്നീട് വർഷങ്ങളോളം ഈ പ്രദേശം നിശ്ശബ്ദമായി കിടന്നു.1928 ൽ പുന്നക്കാട് മില്ലുംപടിയിൽ തുടങ്ങിയ ഇപ്പോഴത്തെ കരുവാരകുണ്ട് ഗവ.എൽ.പി സ്കൂളിൽ 1959 ൽ യു.പി വിഭാഗവും വന്നിരുന്നു.അതിനെ ഹൈസ്‌കൂളാക്കി ഉയർത്താനുള്ള ആലോചന പ്രദേശത്തെ വിദ്യാ സ്നേഹികളായ സുമനസ്സുകൾക്കിടയിൽ സജീവമായി.തെക്കേതിൽ ഇപ്പു ഹാജി,പോക്കാവിൽ കുട്ടി മുസ്‌ലിയാർ,അച്യുതൻ നായർ,വി.വി ഭാസ്‌കരൻ നായർ എന്നിവരായിരുന്നു ഇവരിൽ ചിലർ.ഐക്യകേരളം പിറന്നതോടെ ആലോചന ശക്തമായി.ഇവർ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മർകോയയിൽ സമ്മർദം ചെലുത്തി.ഇതിന്റെ ഫലമായാണ് 1961 ൽ ഹൈസ്‌കൂൾ അനുവദിച്ച് ഉത്തരവിറങ്ങിയത്.സ്ഥലപരിമിതിയി പുന്നക്കാട് സ്കൂളിൽ തന്നെ എട്ടാം ക്ലാസ് ആരംഭിച്ചു.എന്നാൽ അധികകാലം അവിടെ മുന്നോട്ടുപോകാനായില്ല.ഇതോടെയാണ് ഹൈസ്‌കൂൾ വിഭാഗം മാറ്റുകയും ചെയ്തു.ചിറ്റൂരിലെ കൃഷ്ണ അയ്യരായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.34 പേർ ആദ്യ എസ്എസ്എൽസി പരീക്ഷയെഴുതി.64 ശതമാനമായിരുന്നു വിജയം.സ്കൂളിനായി പരിശ്രമിച്ച മേൽപറഞ്ഞ വ്യക്തികൾക്ക് പുറമെ അക്കാലത്ത് കരുവാരകുണ്ടിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ സി.എൻ അഹമ്മദ് മൗലവി, വീട്ടിച്ചോല ഇട്ടിരാച്ചൻ,റൈറ്റർ നാരായണൻ നായർ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, മമ്മു കുരിക്കൾ, ഉണ്ണീനുപ്പ ഹാജി,എൻ യു.കെ മൗലവി തുടങ്ങിയവരടങ്ങുന്ന വെൽഫെയർ കമ്മിറ്റിയാണ് സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചത്.
പി.ടി.എ നിലവിൽവന്നതോടെ ടി.കെ ഹംസ ഹാജി,പി.നാണിപ്പ ഹാജി,സി.അലവി,എം.മുഹമ്മദ് മാസ്റ്റർ, ഒ.പി ഇസ്മായീൽ,എ.ടി അലവി കുരിക്കൾ,പി.എസ് മുഹമ്മദ് സാദിഖ് എന്നിവർ വിവിധ കാലങ്ങളിൽ പ്രസിഡന്റുമാരായി.ഇട്ടിരാച്ച(കെ.ടി എബ്രഹാം)ന്റെ ഓർമയ്ക്കായി കുടുംബം സ്റ്റേജ് കം ക്ലാസ് മുറി നിർമിച്ചു.ഫുട്‌ബോൾ മേളകൾ നടത്തി പി.ടി.എ ഫണ്ടുണ്ടാക്കി1996 ൽ മൂന്ന് ക്ലാസ് മുറികൾ പണിതു.കുടിവെള്ള പദ്ധതി വന്നു.1997 ൽ നാലു ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം ജില്ലാ പഞ്ചായത്ത് അനുവദിച്ചു. തുടർന്ന് എം.പി,എം.എൽ.എ,ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ എന്നിവയുടെ ഫണ്ടുകൾ തുടർച്ചയായി ലഭിച്ചതോടെ സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി.കുമാർ കിണി,മെഹറുന്നീസ,ശക്തിധരൻ,അബ്ദുൽ അസീസ് തുടങ്ങിയ പ്രധാനാധ്യാപകർ ഇതിന് ചുക്കാൻ പിടിച്ചു.
വിദ്യാർഥികളുടെ എണ്ണം നാലായിരം കവിഞ്ഞതോടെ 1976 മുതൽ തന്നെ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു.1997 മുതൽ 2004 വരെയുള്ള കാലയളവിൽ 40 ക്ലാസ് മുറികൾ വന്നു.എം.പിമാരായ ഇ അഹമ്മദ്, അബ്ദുസ്സമദ് സമദാനി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം ഉമ്മർ എന്നിവരുടെ സഹായത്തോടെയായിരുന്നു ഇത്.2005 ജൂൺ ഒന്നിന് ഷിഫ്റ്റ് മാറ്റം നിലവിൽവന്നു.2010 ൽ ഹയർ സെക്കൻഡറി വിഭാഗത്തിന് സ്വന്തമായി കെട്ടിടമുയർന്നതോടെയാണ് ഷിഫ്റ്റ് പൂർണമായും മാറിയത്.ജില്ലാ പഞ്ചായത്ത് നിർമിച്ച ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദാണ്.
സ്കൂൾ ഒരു ആകാശ ദൃശ്യം
സംസ്ഥാനത്ത് മികവിന്റെ കേന്ദ്ര(Centre of Excellence) ങ്ങളായി ആറ് വിദ്യാലയങ്ങളെ വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തതിൽ ഒന്ന് ഈ സ്കൂളായിരുന്നു.2010 ജൂൺ14ന് മന്ത്രി എം.എ ബേബിയാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്.2011 ൽ സംസ്ഥാനത്തെ അഞ്ച് സ്മാർട്ട് സ്കൂളുകളിൽ ഒന്നായും ഈ വിദ്യാലയം മാറി.സ്പീക്കർ കെ.രാധാകൃഷ്ണനാണ് പ്രഖ്യാപനത്തിനെത്തിയത്.35 ക്ലാസ് മുറികളിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളുമെത്തി.മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ടായി.കുട്ടികൾക്കായി നൂറിലധികം നെറ്റ്ബുക്കുകളും ലഭിച്ചു.സ്ഥലം എം.എൽ.എ എ.പി അനിൽകുമാർ, പൂർവ വിദ്യാർഥിയും കൈറ്റ് സി.ഇ.ഒ മായ കെ.അൻവർ സാദത്ത് എന്നിവരുടെ പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് നിദാനം.എ.കെ ഹംസക്കുട്ടിയായിരുന്നു ഈ കാലയളവിൽ പി.ടി.എ പ്രസിഡന്റ്.എ.എം സത്യൻ,ലാലി സക്കറിയ,കെ.സുഹറാബി തുടങ്ങിയവർ പ്രധാനാധ്യാപകരായിരുന്നു.
2016 ൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ പണിത 18 ക്ലാസ് മുറികളുള്ള കെട്ടിടം തുറന്നു.ഇതോടെ ഭൗതിക സൗകര്യങ്ങളിൽ കുതിച്ചുചാട്ടമുണ്ടായി.പൂർവ വിദ്യാർഥികളടക്കമുള്ള ജനകീയ കൂട്ടായ്മയിൽ 46 ക്ലാസ് മുറികൾ ഹൈടെക്കാക്കി വിപ്ളവം സൃഷ്ടിക്കാൻ 2018 ഫെബ്രുവരിയിൽ പി.ടി.എ ക്ക് സാധിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്.ഭിന്നശേഷി വിദ്യാർഥികളുടെ ക്ലാസ് മുറിയെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയിലെ ആദ്യ ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക് 2018 ഒക്ടോബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ ഇതേവർഷം ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡും വാങ്ങി.ഇ.ബി ഗോപാലകൃഷ്ണനായിരുന്നു ഈ കാലയളവിൽ പി.ടി.എയുടെ അമരത്ത്. ടി.രാജേന്ദ്രൻ പ്രധാനാധ്യാപകനുമായിരുന്നു.
എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അരക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്.പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്തതോടെ സ്കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്തു.സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ മൂന്നുകോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള 16ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം നിർമിച്ചു.ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട് ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചു. ഇ- ടോയ്‌ലറ്റ്,ശുദ്ധജല പദ്ധതി,ജൈവ വൈവിധ്യ,ഔഷധ ഉദ്യാനങ്ങൾ,വനശ്രീ ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയവയുമുണ്ട്.
ഹൈസ്‌കൂൾ വിഭാഗത്തിൽ 3080പേരും ഹയർ സെക്കൻഡറിയിൽ756പേരും അടക്കം 3836 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ തന്നെ വലിയ പൊതുവിദ്യാലയങ്ങളിലൊന്നാണിത്.രണ്ടു വിഭാഗങ്ങളിലുമായി 130 അധ്യാപക-അനധ്യാപക ജീവനക്കാരുമുണ്ട്.അക്കാദമിക- ഇതര മേഖലകളിലെല്ലാം സ്കൂൾ മികച്ചു നിൽക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്,ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്,വിദ്യാരംഗം സാഹിത്യ വേദി തുടങ്ങിയവയും മറ്റു ക്ലബുകളും പ്രവർത്തിക്കുന്നു.സ്കൂൾ കലോത്സവങ്ങളിലും അറബിക് മേളകളിലും സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടായി.ഉപജില്ലാ അറബിക് കലോത്സവങ്ങളിൽ 16 തവണ തുടർച്ചയായി ചാമ്പ്യൻമാരാണ്.ശാസ്ത്രോൽസവം, കായിക മേള,ഗെയിംസ് ഇനങ്ങളിൽ മികച്ച പ്രകടനം നടത്തുന്നു.
2001 ലാണ് സ്കൂളിന് ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചത്.പ്രധാനാധ്യാപികയായിരുന്ന മെഹറുന്നീസ ഹൈസ്‌കൂളിലെ സീനിയർ അധ്യാപകൻ തോമസ് ജോസഫിന് പ്ലസ് ടു വിന്റെ ചുമതല നൽകി.തുടക്കത്തിൽ സയൻസ്,കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് ഓരോ ബാച്ചുകളാണുണ്ടായിരുന്നത്.പത്തു വർഷക്കാലം ഹൈസ്‌കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2010 ലാണ് നബാർഡ് സഹായത്തോടെ ജില്ലാ പഞ്ചായത്ത് നിർമിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.പിന്നീട് അരക്കോടി രൂപ എം.എൽ.എ ഫണ്ടിലും കെട്ടിടമുയർന്നു.2019 ഓടെ സയൻസിന് മാത്രം മൂന്ന് ബാച്ചുകളുണ്ടായി.2005 മുതൽ 2011 വരെ പ്രിൻസിപ്പൽ ചുമതല വഹിച്ച തോമസ് ജോസഫ് നൂറു ശതമാനം വിജയംവരിക്കുന്ന തരത്തിൽ സ്ഥാപനത്തെ മാറ്റിയെടുത്തതിൽ പ്രധാന പങ്കുവഹിച്ചു.പിന്നീട് പ്രിൻസിപ്പലായ സി.സുമതിയുടെ കാലത്തും സ്കൂളിന് നിലവാരം നിലനിർത്താനായി.