ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഗ്രന്ഥശാല
ഗ്രന്ഥശാല
എഴുത്തിന്റെയും വായനയുടെയും സങ്കേതങ്ങൾ മാറിക്കൊണ്ടിരിക്കുന്ന അത്യന്താധുനിക യുഗത്തിൽ മാറുന്ന കാലത്തിന്നൊപ്പം വായനശാലയേയും പരിഷ്കരിക്കുകയാണ് പയ്യോളി ഹൈസ്ക്കൂൾ . പയ്യോളി അർബൻ ബാങ്ക് പണി കഴിപ്പിച്ചു തന്ന കെട്ടിടത്തിൽ ഏഴായിരത്തോളം പുസ്തകങ്ങളും ഒരു വായന മുറിയുമായി രൂപപ്പെടുത്തിയ ലൈബ്രറിക്ക് പുത്തൻ മുഖം നൽകാനുള്ള യജ്ഞം ധനുസ് - 2021 എന്ന പേരിൽ ആരംഭിച്ചു കഴിഞ്ഞു. 25000 പുസ്തകങ്ങളടങ്ങിയ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഒരത്യന്താധുനിക സ്കൂൾ ലൈബ്രറിയാണ് ഇവിടെ ഒരുങ്ങുന്നത്. ബുക്ക് ബാങ്ക്, question bank തുടങ്ങിയവയും ഇന്റർനെറ്റ് സൗകര്യവും ഇവിടെ തയ്യാറായിട്ടുണ്ട്. ഭിന്ന ശേഷിക്കാർക്കായി പ്രത്യേക വായനാ സൗകര്യങ്ങളും വിശാലമായ വായന മുറിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.
ലൈബ്രറി ശാക്തീകരണ പരിപാടിയായ ധനുസ് വിഭിന്നങ്ങളായ ഒട്ടനവധി പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഡിസം. 10 നു നടന്ന വിളംബര ജാഥയിൽ SPC , NCC, Guides അംഗങ്ങളോടൊപ്പം അധ്യാപക രക്ഷാകർതൃ അംഗങ്ങളും പ്രാദേശിക സാഹിത്യകാരന്മാരും പങ്കെടുത്തു. ഡിസം 15, 16, 17, 18, 20 തിയതികളിൽ വിദ്യാലയത്തിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ പ്രസാധകരെല്ലാം സ്റ്റാളുകളൊരുക്കി. മൂന്നു ദിവസവും സാംസ്കാരിക സായാഹ്നം നടത്തി. കല്പറ്റ , യു.കെ കുമാരൻ, വി ആർ സുധീഷ് , സോമൻകടലൂർ, ചന്ദ്രശേഖരൻ തുടങ്ങിയവർ സഹിത്യ കുതുകികളുമായി സംവദിച്ചു. യു ഏ ഖാദർ അനുസ്മരണ സദസ്സ് പ്രൗഢ ഗംഭീരമായി... സിസം. 19 ന് 2500 വീടുകളിലായി പുസ്തക സമാഹരണവുമായി ബന്ധപ്പെട്ട പുസ്തകപ്പയറ്റ് സംഘടിപ്പിച്ചു. പൂർവ വിദ്യാർഥികളും പൂർവാധ്യാപകരും വിദ്യാർഥികളും . അധ്യാപകരും അഭ്യുദയകാംക്ഷികളായ ഒട്ടേറെ നാട്ടുകാരും ഈ പുസ്തക സമാഹരണയജ്ഞത്തിൽ പങ്കെടുത്തു. 12000 ഓളം പുസ്തകങ്ങളാണ് ഇതുവരെ സമാഹരിക്കാനായത്. പൂർവ വിദ്യാർഥികൾ വാഗ്ദത്തം ചെയ്ത 5000 പുസ്തകങ്ങൾ അടുത്ത ദിവസം എത്തുന്നതോടെ 25000 പുസ്തകം എന്ന ലക്ഷ്യം പൂർത്തീകരിക്കാനാവും.
വിശാലമായ മുറിയിൽ അത്യന്താധുനികമായി രൂപകല്പന ചെയ്ത ഓപ്പൺ ഷെൽഫ് സമ്പ്രദായത്തിലാണ് ലൈബ്രറി ഒരുങ്ങുന്നത്. 50 പേർക്ക് ഇരുന്ന് ചർച്ച ചെയ്യാനും വായിക്കാനും ആവുന്ന വായന മുറി, 3 ലാപ്ടോപ്, പുസ്തകങ്ങൾ കേടുപാടു കൂടാതെ സംരക്ഷിക്കാനായി AC , ഭിന്നശേഷി ക്കാർക്കുള്ള പ്രത്യേക സജ്ജീകരണങ്ങൾ എന്നിവയുള്ള ഈ വായനശാലയിലെ പുസ്തകങ്ങൾ KOHA Software ഉപയോഗിച്ച് വർഗീകരിച്ചിരിക്കുന്നു. ഫറൂഖ് കോളേജ് ലൈബ്രറി സയൻസ് വിഭാഗം ഇക്കാര്യത്തിൽ ഞങ്ങളോട് ചെയ്ത സഹകരണം എടുത്തു പറയേണ്ടുന്നതാണ്. ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് 5 ദിവസം നീണ്ടു നിൽക്കുന്ന അഖില കേരള നാടകോത്സവം ഫിബ്രവരി 8 മുതൽ 12 വരെ നടക്കും. ലൈബ്രറിയുടെ പ്രവർത്തന സമയം, മുഴുവൻ സമയ ലൈബ്രേറിയനെ ഉപയോഗപ്പെടുത്തി രാവിലെ 9 മണി മുതൽ 7.30 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. ഏതർഥത്തിലും കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച ഒരു ലൈബ്രറി തന്നെയായിരിക്കും ഇത്.