ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/തിരികെ വിദ്യാലയത്തിലേക്ക് 21
ഇരുപത് മാസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ വിദ്യാർത്ഥി സമൂഹം വിദ്യാലയ അങ്കണത്തിലേക്കെത്തിച്ചേർന്നപ്പോൾ വാളാട് സ്ക്കൂളും ആ അസുലഭ നിമിഷത്തിന് വേദിയായി.വർണ്ണാഭമായ സ്ക്കൂൾ അങ്കണത്തിലേക്ക് ഓരോ കുരുന്നും കാലെടുത്തുവച്ചത് ആഹ്ലാദത്തോടെയും അത്ഭുതത്തോടെയുമാിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും കൈയടികളോടെ വിദ്യാലയത്തിലേക്ക് പ്രവേശിച്ചതിന് സാക്ഷ്യം വഹിക്കാൻ, പഞ്ചായത്ത് പ്രസിഡണ്ട്,വാർഡ് മെമ്പർ,പി.ടി.എ.പ്രസിഡണ്ട്,എസ്.എം.സി ചെയർമാൻ തുടങ്ങിയവരും ഉണ്ടായിരുന്നത് പ്രവേശനോത്സവത്തിന് നിറമേകി.
വർണ്ണക്കടലാസുകൾ കൊണ്ടലങ്കരിച്ച ക്ലാസ്സുമുറിയിൽ വച്ച് ലഭിച്ച സമ്മാനപ്പൊതികളിലെ നോട്ടുപുസ്തകവും ക്രയോൺസുകളും കുട്ടികളിലെ സന്കോഷത്തെ ഇരട്ടിയാക്കുന്നതു കാണാമായിരുന്നു.വിദ്യാർത്ഥികൾ പ്രാർത്ഥനക്കുശേഷം പ്രതിജ്ഞ ഏറ്റുചൊല്ലി കോവിഡിനെതിരെ പോരാടാൻ സജ്ജരായപ്പോൾ ആ നിമിഷം അഭിമാനമുഹൂർത്തമായി.കുട്ടികളിലെ ആശങ്കകളെ നുള്ളിക്കളയാൻ പാട്ടുകളിലൂടെയും,കഥകളിലൂടെയും,കളികളിലൂടെയും അധ്യാപകർ മുന്നിട്ടിറങ്ങിയത് കുട്ടികളെ ഉത്സാഹഭരിതരാക്കി. ഈ സന്തോഷത്തെ നുണഞ്ഞിറക്കാൻ നൽകിയ മധുരം കുട്ടികളുടെ വയറിനേയും മനസ്സിനേയും ഒന്നുകൂടി സന്തോഷിപ്പിച്ചു.എല്ലാ ബാച്ചുകളുടേയും പ്രവേശനോത്സവം വിദ്യാലയമുറ്റത്തെ ഉത്സവപ്പറമ്പാക്കിയപ്പോഴും അകന്നിരുന്ന് ഒരുമയോടെ കുരുന്നുകൾ വീണ്ടും വരുമെന്ന് മനസ്സുകൊണ്ട് തീരുമാനിക്കുന്നുണ്ടായിരുന്നു. തിരികെ വീണ്ടും ഞങ്ങൾ.............