എസ്. ബി. എസ്. ഓലശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

ഓടിച്ചാടികളിച്ചു നടന്ന ഒരുപാട് ബാല്യങ്ങൾ രണ്ടുവർഷത്തെ ഡിജിറ്റൽ സ്ക്രീനിൽ നിന്ന് തിരികെ  വിദ്യാലയത്തിലേക്ക്..

തിരിച്ചറിവുകളിലൂടെ.....

 കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ട രണ്ടു വർഷക്കാലം കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ഒതുങ്ങി കിടക്കുകയായിരുന്നു. പഠനകാലം കുട്ടികളിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഒളിച്ചു വെക്കാൻ കഴിയാത്ത ഒരു സത്യമാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉള്ള സാഹചര്യം ഒരുക്കി മുന്നോട്ടുപോകാൻ നമ്മുടെ വിദ്യാലയത്തിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും ഈ കാലയളവിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഒരുപാട് തിരിച്ചറിവുകളിലൂടെ ഡിജിറ്റൽ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ ലോകം മെനയുന്നതോടൊപ്പം ചുറ്റുപാടുകളെ അറിഞ്ഞും നിറഞ്ഞും കൊണ്ടുപോകാൻ കുട്ടികൾക്ക് കഴിയണം. അതിനായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂളുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു.

സ്കൂൾ തുറക്കുന്നതോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ ക്കായി 11/10/2021 എസ്. ആർ.ജി യോഗം ചേർന്ന് ചർച്ചകൾ നടന്നു. അവലോകനം നടത്തി തീരുമാനങ്ങളെടുത്തു.

സമ്മാനപ്പൊതി :

സ്കൂളിൽ ഹാജരാകുന്ന എല്ലാ കുട്ടികളിൽ നിന്നും സമ്മതപത്രം വാങ്ങാൻ തീരുമാനിച്ചു. ബാഗും, യൂണിഫോമും, പുസ്തകങ്ങളുമായി കളിചിരിയോടെ വരുന്ന കുരുന്നുകളെ സ്വീകരിക്കുന്നതിനായി ക്ലാസ് മുറികളും തോരണങ്ങൾ കൊണ്ട് വർണാഭമാക്കി. അതോടൊപ്പം ഒന്നാം ക്ലാസിലെ കുട്ടികൾക്ക് യൂണിഫോം,ബുക്ക് പെൻസിൽ, ക്രയോൺസ്.. തുടങ്ങിയ പഠനോപകരണങ്ങളും ഉൾപ്പെട്ട സമ്മാന പൊതി നൽകാനും തീരുമാനിച്ചു.

പോസ്റ്ററുകളും ബാനറുകളും :

സ്കൂളും പരിസരവും ടോയ്‌ലറ്റുകളും സാനിറ്റേഷൻ ചെയ്തു വൃത്തിയാക്കി. എല്ലാ ക്ലാസ്സുകളിലും കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ഒട്ടിച്ചു. രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കും ഉള്ള കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയ നിർദേശങ്ങൾ പതിച്ച ബാനർ സ്കൂളിന് മുൻവശം പ്രദർശിപ്പിച്ചു.

ബോധവൽക്കരണ ക്ലാസുകൾ :

രക്ഷകർത്താക്കൾക്ക് ക്ലാസ് പി.ടി.എ യിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. "പോഷകാഹാരവും ആരോഗ്യസംരക്ഷണവും കുട്ടികളിൽ" എന്ന വിഷയ അടിസ്ഥാനത്തിൽ ശാന്തിഗിരി മെഡിക്കൽ കോളേജിലെ ഡോക്ടർ വിഷ്ണു കെ ആർ സെമിനാർ നടത്തി. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ രണ്ടാം തീയതി ആയുർ സൗഖ്യ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ സ്കൂളിൽ എങ്ങനെ പാലിക്കണം , ബയോ ബബിൾ സംവിധാനം എന്നിവയെക്കുറിച്ച് ക്ലാസ് പി.ടി.എ യിൽ വിശദമായി രക്ഷകർത്താക്കളിൽ എത്തിച്ചു.

ചുമതലകൾ :

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാലയത്തിൽ അധ്യാപകരെ നാലു ഗ്രൂപ്പുകളായി തിരിച്ചു. നാല് ഗ്രൂപ്പുകൾക്കും ഓരോ ചുമതലകൾ ഏർപ്പെടുത്തി. വെൽഫെയർ , റിസപ്ഷൻ, ഹെൽത്ത് ഇൻസ്പെക്ഷൻ, മോണിറ്ററിങ് തുടങ്ങിയ നാല് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അധ്യാപകരും അവരുടെ ജോലികൾ കൃത്യനിഷ്ഠയോടും സമയബന്ധിതമായും ചെയ്തുതീർക്കാൻ തീരുമാനമായി.

ലക്ഷ്യം കുട്ടികളിലെ ആരോഗ്യം :

സ്കൂളിൽ പ്രവേശിക്കുന്ന ഓരോ കുട്ടിയിലും തെർമൽ സ്കാനിങ്ങും  സാനിറ്റെസേഷനും നടത്തി മാത്രം ക്ലാസ് റൂമിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് തീരുമാനിച്ചു. പൾസോ മീറ്റർ സിക്ക് റൂമിൽ തയ്യാറാക്കി.

സ്കൂൾ ഹെൽത്ത് മാനേജ്മെൻറ് കമ്മിറ്റി എപ്പോഴും പ്രവർത്തനസജ്ജമാക്കും. ഓരോ കുട്ടിയുടെയും വിശദമായ വിവരങ്ങൾ ക്ലാസ് അധ്യാപകർ സൂക്ഷിച്ചു വയ്ക്കുകയും അതിൽ കുടുംബാംഗങ്ങളുടെ വാക്സിനേഷൻ .... കൊറോണ വന്നിട്ടുണ്ടോ ... അതിൻറെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി വയ്ക്കുന്നു. ഡിജിറ്റൽ ഗൈഡ് ലൈൻസ് ന് പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. പ്രത്യേക സാഹചര്യം ഉൾക്കൊണ്ട് റെഡിനെസ് ആക്ടിവിറ്റി, ബ്രിഡ്ജിങ് ആക്ടിവിറ്റി എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു.

തിരികെ വിദ്യാലയത്തിലേക്ക് :

ഓരോ ക്ലാസ്സിലെയും കുട്ടികളെ പ്രാദേശിക അടിസ്ഥാനത്തിൽ  രണ്ടു ബാച്ചുകളിലായി തിരിച്ചു.

തിങ്കൾ,ചൊവ്വ,ബുധൻ ദിവസങ്ങളിൽ ഒന്നാം ബാച്ചിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രണ്ടാം ബാച്ചിനും വിദ്യാലയത്തിൽ പ്രവേശിപ്പിക്കാം. ഏകദേശം 70 ശതമാനത്തോളം കുട്ടികൾ വിദ്യാലയത്തിൽ പ്രവേശിക്കുമെന്ന് ധാരണ രക്ഷകർത്താക്കളുമായുള്ള ഇടപെടലുകളിലൂടെ ഓരോ ക്ലാസ് അധ്യാപകർക്കും ലഭിച്ചു. അതുപ്രകാരം ഓഫ്‌ലൈൻ  ക്ലാസിലെ മികച്ച പ്രവർത്തനങ്ങൾ അപ്പപ്പോൾതന്നെ ഓൺലൈൻ ക്ലാസിലെ കുട്ടികൾക്ക് എത്തിക്കാമെന്ന് തീരുമാനത്തിലെത്തി.

വായന വിടരും :

സ്കൂൾ ദിവസങ്ങളുടെ എണ്ണം കുറഞ്ഞത് കൊണ്ട് കുട്ടികളിൽ വിരസത ഒഴിവാക്കാനും വായനയിൽ താൽപര്യം ഉണ്ടാക്കാനും സ്കൂൾ ലൈബ്രറി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുനരാരംഭിക്കാനും  തീരുമാനിച്ചു.

അക്ഷര വൃക്ഷം :

പുത്തൻ ഉണർവോടെ പുതിയ സ്വപ്നങ്ങളുമായി വിദ്യാലയത്തിൽ എത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയ മുറ്റത്തെ വൻ മരത്തിൽ അക്ഷരങ്ങളും മഹത് വചനങ്ങളും എഴുതി അക്ഷരവൃക്ഷം ഒരുക്കി..


ഓടിച്ചാടികളിച്ചു നടന്ന ഒരുപാട് ബാല്യങ്ങൾ രണ്ടുവർഷത്തെ ഡിജിറ്റൽ സ്ക്രീനിൽ കൂപ്പുകുത്തി കിടക്കുകയായിരുന്നു. എങ്കിലും ഓൺലൈൻ വഴിയെങ്കിലും നല്ല വിദ്യാഭ്യാസം കൊടുക്കാൻ സ്കൂളിലെ അധ്യാപകർക്ക് കഴിഞ്ഞുവെന്നത് സംതൃപ്തിയുളവാക്കുന്നു. ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്ത് അകമേ കരുത്തേകാനായി എത്തുന്ന കുരുന്നുകളെ വരവേൽക്കാൻ  ഊർജ്ജസ്വലരായി മുന്നൊരുക്കങ്ങൾ നടത്തി സജ്ജരായി വിദ്യാലയത്തിലെ ഓരോ അധ്യാപകരും. ബഹുമാനപ്പെട്ട AEO വിദ്യാലയത്തിൽ എത്തുകയും സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ഉള്ള മുന്നൊരുക്കങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.