എം ഐ യു പി എസ് കുറ്റ്യാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16472-hm (സംവാദം | സംഭാവനകൾ) (created history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വർണ്ണ താക്കോലിൽ തുറന്ന വിജ്ഞാന കേന്ദ്രം

എം ഐ യു പി സ്കൂൾ കുറ്റ്യാടി

    ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭകാലത്ത് വിശ്വാസ ജീർണ്ണതയുടേയും നിരക്ഷരതയുടേയും മൂടുപടത്തിൽ എല്ലാം മറന്ന് ഇറങ്ങിക്കിടന്നിരുന്ന ഒരു ജനതയെ അക്ഷര ജ്ഞാനത്തിൻ്റെ വെള്ളിടി മുഴക്കി ഉണർത്തുകയും ഉയർത്തുകയും ചെയ്ത ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് അൽ മദ്രസത്തുൽ ഇസ്ലാമിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എം ഐ യു പി സ്കൂൾ കുര്യാ ടി.

       1925-ൽ മരക്കച്ചവടത്തിനായി കോഴിക്കോട്ടു നിന്നും കുറ്റ്യാടിയിലെത്തിയ ഒറ്റയിൽ അബ്ദുല്ലക്കോയ ഹാജി, നാലകത്ത് ആലിക്കോയ എന്നിവരും ,നാട്ടു മൂപ്പൻ മുക്കത്ത് കൊല്ലാണ്ടി മൊയ്തീൻ ഹാജിയും, ഖിലാഫത്ത് പ്രസ്ഥാനത്തിന് നായകത്വം നൽകിയതിന് ബ്രിട്ടീഷുകാരാൽ നാടുകടത്തപ്പെട്ട് കുറ്റ്യാടിയിലെത്തുകയും ഈ നാടിൻ്റെ നവോത്ഥാന നായകനാവുകയും ചെയ്ത ഹാജി എം അബ്ദുല്ല കുട്ടി മൗലവിയും നാട്ടിലെ മറ്റ് പ്രമുഖരും രൂപം കൊടുത്ത സലാഹുൽ ഇസ്ലാം സഭയാണ്   

ഓത്തിനും എഴുത്തിനുമായി ഒരു മദ്രസ്സ സ്ഥാപിച്ചത്. നവോത്ഥാനത്തിൻ്റെ വിളക്ക് തുടക്കത്തിൽ തന്നെ ഈ നാടും കാതോർത്തു  .

    നരിതൂക്കുമല ചുരത്തിലെ തീർത്ഥ പ്രവാഹമായി കുറ്റ്യാടിയെ ജീവിപ്പിച്ച പുഴയോരത്തു തന്നെ അക്ഷരത്തിനും സംസ്കാരത്തിനും അടിക്കല്ലിടാൻ നേരത്തെ പറഞ്ഞ മഹാരഥൻമാർ തീരുമാനിച്ചപ്പോൾ, ഇന്നത്തെ പുഴക്കൽ സ്രാമ്പിക്കടുത്ത് അൽ മദ്രസത്തിൽ ഇസ്ലാമിയ യാഥാർത്ഥ്യമായി.തങ്ങളുടെ നാടിൻ്റെ പുരോഗതിക്ക് മതപഠനത്തിനു പുറമെ ദൗതിക വിദ്യാഭ്യാസം കൂടി ആവശ്യമാണെന്ന് ബോധ്യ പ്പെട്ടതോടെ, 1927 -ൽ കുറ്റ്യാടി ടൗണിൻ്റെ വിരിമാറിൽ ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മദ്രസ്സത്തുൽ ഇസ്ലാമിയ ഹയർ എലിമെൻ്ററി (M l H E ) ആരംഭിച്ചു. അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് കലക്റ്ററായിരുന്ന എച്ച്  . ആർ. ഫെയ്ത്ത് എന്ന ബ്രിട്ടീഷ് സായിപ്പാണ് ഈ വിദ്യാകേന്ദ്രത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം സ്വർണ്ണ താക്കോൽ കൊണ് തുറന്ന് നിർവ്വഹിച്ചത് .

     ജനാബ് മുക്കത്ത് മൊയ്തീൻ ഹാജി ആയിരുന്നു ആദ്യത്തെ മാനേജർ. ഹാജി എം.അബ്ദുല്ലക്കുട്ടി മൗലവിയും, ശ്രി പി. കുഞ്ഞിക്കണ്ണക്കുറുപ്പും പ്രധാനധ്യാപകരായി ഇതിനെ നയിച്ചപ്പോൾ സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത മുത്തൊരുക്കുന്ന ചിപ്പിയായി ഇത് വളരുകയായിരുന്നു. തുടർന്ന് സ്കൂളിൽ ഒരു പാട് ഉയർച്ചകളും താഴ്ച്ചകളും പിന്നിട്ടു.

     കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം മദ്രസ്സ മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടുകയും മദ്രസ്സത്തുൽ ഇസ്ലാമിയ അപ്പർ പ്രൈമറി സ്കൂൾ (MIUP S) യാഥാർത്ഥ്യമാവുകയും ചെയ്തു.അതോടെ സ്ഥാപനം പൂർണ്ണമായും ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായി മാറുകയും ചെയ്തു.

      1958-ൽ മുക്കത്ത് മൊയ്തീൻ ഹാജിയുടെ മരണാനന്തരം ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയും മുക്കത്ത് ആലി കുട്ടി സാഹിബ് മാനേജ്മെൻ്റ് ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാലും ഡിപ്പാർട്ടുമെൻ്റ് ഹെഡ്മാസ്റ്റർക്ക് കറസ്പോണ്ടൻസ്ഷിപ്പ് അധികാരം നൽകിയാണ് കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്.

       1956-ലെ രാഷ്ട്രപതി ഭരണകാലത്ത് ഈ സ്ഥാപനത്തിൻ്റെ അംഗീകാരം പിൻവലിക്കപ്പെട്ടു. 1967-ൽ ജനാധിപത്യ കേരളം വിദ്യാഭ്യാസ മന്ത്രി സ്ഥാനം നൽകപ്പെട്ട ജനാബ് സി.എച്ച്.മുഹമ്മദ് കോയ തൻ്റെ മന്ത്രി പേന ആദ്യമായി ചലിപ്പിച്ചത് ഈ സ്ഥാപനത്തിൻ്റെ അംഗീകാരം പുനസ്ഥാപിച്ച് ഒപ്പിട്ടു കൊണ്ടായിരുന്നു.

       1968-ൽ ആലിക്കുട്ടി സാഹിബിൻ്റെ മരണാനന്തരം അധ്യാപകരും നാട്ടുകാരും നിർബന്ധിച്ചതിൻ്റെ ഫലമായി മുക്കത്ത് കുഞ്ഞബ്ദുല്ല ഹാജി മാനേജ് മെൻ്റ് ഏറ്റെടുത്തു. ആയിരങ്ങളനവധി വിദ്യ നുകർന്ന് പടിയിറങ്ങിപ്പോയ ഈ സ്ഥാപനത്തിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ 1800 ലേറെ കുട്ടികളുo 60 ഓളം അധ്യാപകരും ഉണ്ടായിരുന്നു.പടിയിറങ്ങിപ്പോയവരിൽ പലരും ഉയർച്ചയുടെ ഒട്ടേറെ പടവുകൾ ചവിട്ടിക്കയറി ജീവിതം തീർത്തും വിജയിപ്പിച്ചവരാണ്. ഡോ. മൊയ്തു, ഡോ.അലി, കുറ്റ്യാടിയുടെ ചരിത്രകാരൻ പി. സൂപ്പി,പ്രൊഫ.കെ പാപ്പൂട്ടി, കസ്റ്റംസ് കലക്ടർ കെ.കെ.മാധവൻ, ശാസ്ത്രജ്ഞനായ ഡോ.കെ.പി.സുധീർ എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരുമാത്രം.........

       സ്കൂൾ വാർഷികങ്ങൾ ഗ്രാമോത്സവങ്ങളാക്കുന്നതിൻ്റെ നല്ല സൂചനകൾ നൽകിക്കൊണ്ട് 1978-ൽ സ്ഥാപനമാഘോഷിച്ച സുവർണ്ണ ജൂബിലി ചരിത്രത്തിലെ രജതരേഖയായി നില നിൽക്കുന്നു. അക്കാലത്തെ ഹെഡ്മാസ്റ്ററായിരുന്ന ജനാബ് എം.സൈനുദ്ദീൻ മാസ്റ്ററുടെ വിദ്യാ ഭ്യാസ കാഴ്ച്ചപ്പാടിൻ്റെ നിദർശനങ്ങളായി ഇത് വിലയിരുത്താം.

       ചരിത്രത്തിൻ്റെ ഒട്ടേറെ ഇടവപ്പാതികളിൽ കൂലം കുത്തിയ മലവെള്ളപ്പാച്ചിലുകൾ കുറ്റ്യാടിയുടെ ജീവിതത്തെ അലോസരപ്പെടുത്തിയപ്പോഴൊക്കെ അക്ഷര കേന്ദ്രം അഭയകേന്ദ്രമായും മാറിയിട്ടുണ്ട്. ഒന്നിലേറെ തവണ തീപിടുത്തമുണ്ടായപ്പോഴെല്ലാം ആളപായമില്ലാതെ രക്ഷപ്പെട്ട ഈ സ്ഥാപനം തൻ്റെ അരുമകളുടെ നേരെ വിധി കാണിച്ച ക്രൂരതയിൽ കരഞ്ഞു പോയിട്ടുണ്ട്. വിദ്യാർത്ഥികളായിരുന്ന സുഹ്റ, ശൈലജ, ഗോപി ,സുഹൈൽ, റിയാസ്, റസിയ, ............ അധ്യാപകരായിരുന്ന ടി.കെ.അബൂബക്കർ ,കെ . പി .കെ .ഇസ്ലാഹി, പി.പുഷ്പലത  ഇവരുടെയൊക്കെ വേർപാടുകൾ ഇതിനെ കരയിച്ചു കളഞ്ഞിട്ടുണ്ട്.

       കഴിഞ്ഞു പോയ ഇന്നലെകളെ നേതൃപാടവത്താൽ ധന്യമാക്കിയ പ്രധാനാധ്യാപകർ ഈ നാടിൻ്റെ കൂടി നേതൃത്വമായിരുന്നു. ഈ സ്കൂളിന് ഒരു മറുനാമമായി മാറിയ ജനാബ് എം.അബ്ദുല്ല കുട്ടി മൗലവി, പി കുഞ്ഞിക്കണ്ണ കുറുപ്പ് ,കുട്ട്യാമു സാഹിബ്, വി.അച്ചുതൻ നായർ ,ചാത്തുക്കുറുപ്പ് ,ഹാജി കെ.പി.മൊയ്തു, എം.സൈനുദ്ദീൻ, കെ.പി.മൊയ്തു, പി.പി.വാസു, സി.വി.മൊയ്തു, ആർ.ഓമന, സി.വി കുഞ്ഞബ്ദുല്ല, പി.പി. ജയപ്രകാശൻ എന്നിവരാണ് കഴിഞ്ഞ കാലങ്ങളിൽ ഈ സ്ഥാപനത്തെ നയിച്ചത്.

     അയ്യോത്ത് കണ്ടി അബ്ദുല്ല ഹാജിയെ തുടർന്ന് മകൻ സലിം മാനേജരായി.തുടർന്ന് കെ.കെ.അബൂബക്കർ ഹാജിയാണ് സ്ഥാപനത്തിൻ്റെ ഇപ്പോഴത്തെ മാനേജർ.

       ശ്രീ. ഇ.അഷറഫ് മാസ്റ്ററാണ് ഇപ്പോഴത്തെ ഈ വിദ്യാലയത്തിൻ്റെ പ്രധാനാധ്യാപകൻ .

       44 ഓളം അധ്യാപകരും 1300-ൽ കൂടുതൽ വിദ്യാർത്ഥികളും ഇപ്പോൾ ഈ സ്ഥാപനത്തിലുണ്ട്. മുമ്പത്തെ അപേക്ഷിച്ച് ഇന്ന് സ്കൂളിൽ പലവിധ സൗകര്യങ്ങളുമുണ്ട്. മലയാളത്തോടൊപ്പം അറബി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളും ഇവിടെ പഠിപ്പിക്കുന്നു. മികച്ച ഒരു കമ്പ്യൂട്ടർ ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങളുള്ള .' കലാം അക്ഷര വീട് ' എന്ന ലൈബ്രറി, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്ന് ബസുകൾ, വിശാലമായ കളിസ്ഥലം എന്നിവ ഇവയിൽ ചിലതു മാത്രം.അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പ്രയത്നത്തിലൂടെ പാഠ്യ രംഗത്തും കലാകായിക രംഗത്തും മികച്ച നേട്ടം സ്കൂൾ കൈവരിച്ചുകൊണ്ടിരിക്കുകയാണ്... .......