സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നെല്ലായ ഗ്രാമത്തിലെ ഹൃദയ ഭാഗത്തായി കാലങ്ങളേറെയായി അക്ഷരമധുരം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശി. സർഗ്ഗധനരായ അധ്യാപകരും, എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാനേജ്മെന്റും. പ്രതിഭകളും വിദ്യാസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകർ പകർന്നു നൽകിയ കൈത്തിരി അണയാതെ കാത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയിലെ അധ്യാപകർ. ചരിത്ര പ്രാധാന്യമുള്ളതും പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളെ വാർത്തെടുത്തതുമായ ഈ വിദ്യാലയ ചരിത്രത്തിലേക്ക്...


ഗോവിന്ദൻ നായരുടെ സ്ഥലത്ത് ചേലക്കാട്ടുതൊടി രാമനെഴുത്തച്ഛനും വില്ലത്ത് നാരായണനെഴുത്തച്ഛനും ചേർന്നാണ് 1904ൽ സ്കൂൾ സ്ഥാപിതമായത്. നിലത്തെഴുത്ത് , ഗണിതം, മണിപ്രവാളം, രാമായണം എന്നിവയാണ് അക്കാലത്ത് പഠിപ്പിച്ചിരുന്നത്. പെൺകുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. അക്കാലത്ത് ശമ്പളം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. അധ്യാപകരുടെ ചിലവ് വഹിച്ചിരുന്നത് കുലീന കുടുംബങ്ങളായിരുന്നു. കുട്ടികൾ ഒറ്റമുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. അക്കാലത്തെ അധ്യാപകരായിരുന്ന കുന്നത്ത് അയ്യപ്പനെഴുത്തച്ഛൻ, മഞ്ഞപ്പറ്റ കണ്ണൻ മാസ്റ്റർ, അത്രാംപറ്റ മുകുന്ദൻ കർത്താ " സ്മൃതി പദങ്ങൾ " എന്ന പുസ്തകം എഴുതിയ എ ആർ നെടുങ്ങാടി അദ്ദേഹത്തിന്റെ പുസ്തകത്തിൽ സ്‌കൂൾ ഗ്രാന്റ് സ്‌കൂളായിരുന്നു എന്നും സൂചിപ്പിക്കുന്നുണ്ട്. ഈ സ്ഥാപനം മദ്രസ ആയും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യത്തെ മാനേജറായ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്‌മെന്റ് സി പി കോയക്കുട്ടി ഉസ്താദിന് കൈമാറി. പിന്നീടദ്ദേഹം മാനേജ്‌മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ ആദ്യ പ്രധാനാധ്യാപകനായിരുന്ന പി സി രാമൻകുട്ടി മാസ്റ്റർക്ക് കൈമാറി. അക്കാലത്താണ്‌ വിദ്യാലയം ഓട് മേഞ്ഞത്. 1958 സ്‌കൂൾ യു പി സ്‌കൂളായി അപ്ഗ്രേഡ് ചെയ്‌തു.


പി സി രാമൻകുട്ടി മാസ്റ്ററുടെ മരണ ശേഷം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ ധർമ്മപത്നി പി എം ജയലക്ഷ്മി ടീച്ചർക്കായി. 2004ൽ ജയലക്ഷ്മി ടീച്ചറുടെ കാലശേഷം മകൻ പി എം സുകുമാരൻ മാനേജ്‌മെന്റ് എറ്റെടുത്തു. അദ്ദേഹത്തിന്റെ അനുജൻ പി എം സുരേഷ്‌കുമാർ, സഹോദരി പി എം ഉഷ എന്നിവരും ചേർന്ന് വിദ്യാലയം നടത്തി വരുന്നു.


1945 കാലഘട്ടത്തിൽ 2 അധ്യാപികമാരും 3 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. ഉണിച്ചിരികുട്ടി ടീച്ചർ, അമ്മു ടീച്ചർ, രാമൻകുട്ടി മാസ്റ്റർ, പാച്ചൻ മാസ്റ്റർ ( കുട്ടൻ എഴുത്തച്ഛൻ ), കോവുണ്ണി മാസ്റ്റർ എന്ന ക്രമത്തിൽ കുട്ടികളെ വീട്ടിൽ പോയി കൊണ്ട് വരാൻ ഒരു തലേ കെട്ടുകാരൻ എഴുത്തച്ഛനും രാവിലെ മുസ്ലിം കുട്ടികളെ എഴുത്തു പഠിപ്പിക്കാൻ നാലു കാലിൽ നടക്കുന്ന ഒരു മൊല്ലാക്കയുമുണ്ടായിരുന്നു. 1957ൽ ഇ എൻ യു പി സ്കൂൾ ആയി ഉയർന്നു. 1959ൽ രാമൻകുട്ടി മാസ്റ്റർ മാനേജർ ആയി. അക്കാലത്ത് കുട്ടികൾ കൂടുതൽ വരാൻ തുടങ്ങുകയും പുതിയ കെട്ടിടങ്ങൾ പണിയുകയും ചെയ്‌തു.


മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്താൽ കായികമായും, ശാസ്‌ത്രീയമായും, അധ്യയനപരമായും, പല പല നേട്ടങ്ങൾ കൈവരിച്ച് ഷൊർണുർ സബ്‌ജില്ലയിലെ മികച്ച വിദ്യാലയമായി മാറി. ക്രാഫ്റ്റ്, ഡ്രിൽ, ഹിന്ദി, സംസ്‌കൃതം, ഉർദു, അറബിക് എന്നീ തസ്തികകളും ഉണ്ടായി. സ്‌തുത്യർഹമായ മാനേജർ, അധ്യാപകർ, പി ടി എ എന്നിവരുടെ കൂട്ടായ്മ സ്‌കൂളിന്റെ സുവർണ്ണകാലം തന്നെയായി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി സ്‌കൂളിന്റെ യശസ്സ് ഉയർത്താനുള്ള ഭാഗ്യം ഉണ്ടായത് പ്രതാപൻ മാസ്റ്റർക്ക് ആണ്.


രാമചന്ദ്രൻ മാസ്റ്റർ പിരിഞ്ഞ ശേഷം ആദ്യമായി വനിതകൾ പ്രധാനാധ്യപകർ ആവാൻ തുടങ്ങി. ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപികയായത് മാലതി ടീച്ചറാണ്.