കുറുവങ്ങാട് സെൻട്രൽ യു പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ
1919 ൽ ശ്രീ വാഴയിൽ ഒണക്കൻ വൈദ്യർ, ശ്രീ വായനാരി രാരിച്ചൻ വൈദ്യർ എന്നീ മഹാത്മാക്കൾ ചേർന്നു സ്ഥാപിച്ച കുറുവങ്ങാട് ഗേൾസ് എലിമെന്ററി സ്കൂൾ ആണ് പില്ക്കാലത്ത് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ആയി മാറിയത്.ആദ്യ വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും 1920 മുതൽ ആൺകുട്ടികളെയും വിദ്യാലയത്തിൽ പ്രവേശിപ്പിച്ചതായി അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 1920-21 വർഷത്തിൽ 52 പെൺകുട്ടികളും , 16 ആൺകുട്ടികളുമടക്കം 68 കുട്ടികളാണുണ്ടായിരുന്നത്.ഇതിൽ നിന്നും ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ,പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ പ്രദേശം മുൻപന്തിയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.
സ്കൂൾ മാനേജർക്ക് പ്രാധാന്യമുള്ള കാലമായതു കൊണ്ടാവാം, 1928 വരെയുളള സ്കൂൾ രേഖകളിലൊന്നും ഹെഡ് മാസ്റ്ററുടെ പേരോ ,ഒപ്പോ കാണുന്നില്ല. 1928 മുതൽ ഹെഡ് മാസ്റ്ററുടെ ഒപ്പ് രേഖപ്പെടുത്തിയിരുന്നതായി കാണുന്നുണ്ട്. 1932 മുതൽ ശ്രീ കുഞ്ഞിരാമകുറുപ്പ്, 1936 മുതൽ ശ്രീ പി .കണാരൻ മാസ്റ്റർ എന്നിവർ ഹെഡ് മാസ്റ്റർമാരായി. 1938ൽ ശ്രീ എം ചാത്തുകുട്ടി മാസ്റ്ററുടെ ഭാര്യ ശ്രീമതി ഇ കുഞ്ഞമ്മ ടീച്ചർ, 1939 മുതൽ ശ്രീഎം ചാത്തുകുട്ടി മാസ്റ്റർ എന്നിവർ ഹെഡ് മാസ്റ്റർമാരായി.
യുപി സ്കൂൾ ആയതിനു ശേഷം യഥാക്രമം ശ്രീമതി രാജമ്മാൾ ടീച്ചർ, ശ്രീ എം കെ കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ കെ എം ശങ്കരൻ മാസ്റ്റർ, ശ്രീ കുറ്റിയിൽ ബാലൻ മാസ്റ്റർ, ശ്രീ ഇ കെ പത്മനാഭൻ മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരരായി സേവനമനുഷ്ടിച്ചു. വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ ആർ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ്.
വിദ്യാലയസ്ഥാപകനായ ശ്രീ ഒണക്കൻ വൈദ്യർ ഉടമസ്ഥാവകാശം,ആദ്യകാലത്തു തന്നെ , മരുമകനായ ശ്രീ ചാത്തുക്കുട്ടി മാസ്റ്റർക്ക് കൈമാറിയിരുന്നു. ചാത്തുക്കുട്ടി മാസ്റ്റർക്കു ശേഷം ശ്രീ നരിക്കുനി എടമന വിഷ്ണുനമ്പൂതിരി യായിരുന്നു മാനേജർ.ശ്രീ എൻ ഇ മോഹനൻ നമ്പൂതിരിയാണ് . വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ .
ഈ വിദ്യാലയത്തിലെ അധ്യാപകരും, വിദ്യാർത്ഥികളുമായിരുന്ന നിരവധി മഹാത്മാക്കൾ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികളായിരുന്നു എന്ന കാര്യം പ്രത്യേക പരാമർശമർഹിക്കുന്നു. 2019 -20 വർഷത്തിൽ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു