സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:33, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prempallithody (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ബേഡൽ പൗവ്വൽ എന്ന പട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബേഡൽ പൗവ്വൽ എന്ന പട്ടാള ഉദ്യോഗസ്ഥൻ 1907 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച സ്കൗട്ടിങ്ങ് ഇന്ന് 180 ൽ പരം ലോകരാഷ്ട്രങ്ങളിലായി മനുഷ്യമനസ്സുകളെ കോർത്തിണക്കുന്ന വിശ്വ സാഹോദര്യ പ്രസ്ഥാനമായി വളർന്നിരിക്കുന്നു. ഇന്ത്യയിൽ ഈ പ്രസ്ഥാനം 1909 ൽ ആരംഭിച്ചു. 1913 ൽ തന്നെ കേരളത്തിലെ ആദ്യത്തെ കോളജും ഇന്നത്തെ സി.എസ്.ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്ന കോട്ടയം സി.എം.എസ് കോളജ് ഹൈസ്ക്കൂളിൽ ഒരു സ്കൗട്ട് ട്രൂപ്പ് പ്രവർത്തിച്ചിരുന്നു.

1930 ൽ സ്തൗട്ട് കമ്മീഷണർ മിസ്റ്റർ. എ.എൻ.ഡി.ലാബ് സി.എം.എസ് സ്കൂളിലെ ഇൻവെസ്റ്റീച്ചർ സെറിമണി (ചിഹ്നദാന ചടങ്ങ്) നടത്തിയപ്പോൾ ഇവിടുത്തെ സ്കൗട്ടുകൾ ചെയ്ത പ്രവർത്തനങ്ങളിൽ അളവറ്റ മതിപ്പ് രേഖപ്പെടുത്തിയെന്നും ഇംഗ്ലണ്ടിലെ ക്രോയ്ഡൻ ട്രൂപ്പുമായി നമ്മുടെ സ്കൗട്ട് ട്രൂപ്പ് ബന്ധപ്പെട്ടിരുന്നുവെന്നും ചരിത്രമുണ്ട്.

1968 മുതൽ 1977 വരെ സ്ക്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ. എൻ.എ. വെങ്കിടേശ്വരൻ മാസ്റ്റർ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ തൃശൂർ ജില്ലയുടെ കമ്മീഷണർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലത്താണ് സി.എം.എസ് സ്ക്കൂൾ അതിന്റെ പ്രശസ്തി വീണ്ടെടുത്തത്.

ഈ വിദ്യാലയത്തിലെ രസതന്ത്ര അദ്ധ്യാപകനായ ശ്രീ.കെ.വി.എറിക് കൃസ്റ്റഫർ മാസ്റ്റർ ഒരു സ്കൗട്ട് മാസ്റ്ററും കൂടാതെ ജില്ലയുടെ സെക്രട്ടറിയുടെ ചുമതലയും കൂടി നിറവേറ്റിയിരുന്നു. അദ്ദേഹത്തിന്റെ മികച്ച നേതൃത്വത്തിൽ കേരള ഭാരത‍് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടനയ്ക്ക് സ്വന്തമായി തൃശൂർ മോഡൽ ഗേള്സ് സ്കൂളിനോട് ചേർന്ന് സ്കൗട്ട്സിന്റെ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ശ്രീ.എറിക് കൃസ്റ്റഫർ മാസ്റ്ററിനു ശേഷം ശ്രീ.കെ.ഡി.ബാബു മാസ്റ്റർ സ്കൗട്ട് മാസ്റ്ററായി ചുമതല ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ട് സ്കൗട്ട് ട്രൂപ്പിന്റെ എണ്ണം ഒന്നിൽ നിന്നും അഞ്ചായി ഉയർന്നു. ഈ അവസരത്തിൽ ശ്രീ.പി.വി.ജോൺസൺ മാസ്റ്റർ, ശ്രീ.സാമുവൽ തോമസ് മാസ്റ്റർ, ശ്രീ.വി.എസ്.ഗിരീഷ് മാസ്റ്റർ എന്നിവർ സ്കൗട്ടിന്റെ ട്രെയിനിങ്ങ് കഴിഞ്ഞ് സ്കൗട്ട് മാസ്റ്റർമാരായി ചുമതലയേറ്റു.

തുടർന്നുള്ള വർഷങ്ങളിൽ ശ്രീ.ഷിജോ ഡേവിഡ് മാസ്റ്റർ, ശ്രീ.പി.കെ.ജയപ്രകാശ് മാസ്റ്റർ, ശ്രീമതി.ടെസി പി.തോമസ് ടീച്ചർ, ശ്രീമതി.സ്മിത ടീച്ചർ, ശ്രീ.ആൽഫ്രഡ് സോളമൻ മാസ്റ്റർ, ശ്രീമതി.ജാനറ്റ് ജോർജ്ജ് ടീച്ചർ എന്നിവർ സ്കൗട്ട് അദ്ധ്യാപകരുടെ ചുമതലകൾ നിർവ്വഹിച്ചു വരുന്നു.

ത‍ൃശൂർ സി.എം.എസ്. വിദ്യാലയത്തിലെ സ്കൗട്ട് പ്രസ്ഥാനം തുടക്കം മുതൽ തന്നെ സ്കൂൾ, ജില്ല, സ്റ്റേറ്റ്, ദേശീയ ജാംബോരികളിലും ക്യാമ്പുകളിലും നിരന്തരമായി പങ്കെടുത്തു കൊണ്ടിരിക്കുന്നു. ജില്ലാ റിപ്പബ്ലിക് ഡേ പരേഡുകളിൽ തുടർച്ചയായി ഒന്നാം സ്ഥാനം ലഭിക്കാറുള്ളത് ഈ വിദ്യാലയത്തിനാണ്.