സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു

നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു

നാം പാ‍‍‍ർക്കുന്ന ലോകവും നാം ജീവിക്കുന്ന ലോകവും തമ്മിൽ വലിയ അന്തരമുണ്ട്. ഒരേ നഗരത്തിൽ ഒരേ തെരുവിൽ പാ‍ർക്കുന്ന രണ്ടു വ്യക്തികൾ രണ്ടു വ്യത്യസ്ഥ ലോകങ്ങളിൽ ജീവിക്കുന്നതായി കാണാം. എവിടെ നാം പാർക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവോ, അതാണ് നമ്മുടെ ലോകം ; പരിസരങ്ങളും പാരമ്പര്യങ്ങളുമാണ് ഈ ലോകത്തെ രൂപപ്പെടുത്തുന്നതെന്നാണ് ഇതുവരെ ശാസ്ത്രജ്ഞന്മാർ വാദിച്ചിരുന്നത്. എന്നാൽ ആധുനിക മനശാസ്ത്രം പുതിയൊരു വാദം പുറപ്പെടുവിച്ചിരിക്കുന്നു. പരിസരങ്ങളോ പാരമ്പര്യങ്ങളോ അല്ല, മനസ്സിന്റെ സ്ഥിതിയും പ്രവർത്തനഗതിയുമാണ് ഓരോ മനുഷ്യന്റെയും ലോകത്തെ സൃഷ്ടിക്കുന്നതെന്ന് അവർ വാദിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവരവരുടെ ജീവിത താൽപര്യങ്ങളാണ് ഓരോരുത്തരുടെയും ലോകത്തെയും വാ‍ർത്തെടുക്കുന്നത്. നമ്മുടെ ചിന്തകളും ലക്ഷ്യങ്ങളും വികാരങ്ങളും നാം ജീവിക്കുന്ന ലോകം സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

തന്റേതെന്നു പറയുവാൻ യാതൊന്നുമില്ലാത്ത ലോകരംഗത്തിൽ പ്രവേശിക്കുന്ന ഒരു വ്യക്തിക്കു പോലും അവന്റെ മനോവ്യാപാരങ്ങൾ ശരിയായി നിയന്ത്രിക്കുന്നതായാൽ സുഖമായി ജീവിക്കുന്നതിനുമുള്ള ലോകം സൃഷ്ടിക്കുവാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം . മനസ്സിന് വികാസവും വിശാലതയും കൂടുന്നതിനനുസരിച്ച് താൻ ജീവിക്കുന്ന ലോകത്തെ വികസിപ്പിക്കുവാനും പ്രബുദ്ധമാക്കുവാനും അയാൾക്കു കഴിയും. ലോകനേതാക്കന്മാരുടെയും ലോകാചാര്യന്മാരുടെയും പ്രവാചകന്മാരുടെയും ചരിത്രം പരിശോധിച്ചു നോക്കുക. അവരിൽ പലരും തങ്ങൾ ജനിച്ച ലോകത്തു നിന്ന് ഭിന്നമായ ഒരു ലോകത്തിൽ ജീവിച്ചവരാണ്. തങ്ങളുടെ പരിസരങ്ങളെ അവഗണിച്ച് പാരമ്പര്യവും അന്ധവിശ്വാസവും ഉറപ്പിച്ച മതിൽകെട്ടുകളെ തട്ടിതകർത്തു പുതിയൊരു ലോകം കെട്ടിപ്പെടുത്തവരാണവർ. ഒരു പ്രത്യേക പരിസ്ഥിതിയിൽ നാം പാർക്കേണ്ടി വന്നതിനുള്ള ഉത്തരവാദിത്വം നമ്മുക്കില്ല. എങ്ങനെയോ നാം അവിടെ ജനിച്ചു. അതിന് യാതൊരാളോടും സമാധാനം പറയേണ്ടതില്ല. എന്നാൽ നമ്മുടെ ലക്ഷ്യത്തെയും യാത്രയെയും സംബന്ധിച്ചിടത്തോളം പൂർണമായ ഉത്തരവാദിത്വം നമ്മുക്കുണ്ട്. നാം ജനിച്ചു വളർന്ന പരിസ്ഥിതിയല്ല പ്രാധാന്യമർഹിക്കുന്നത്. ജീവിതത്തിൽ നമ്മുടെ പ്രവ‍ർത്തനരംഗമായി നാം തന്നെ സജ്ജീകരിക്കുന്ന പരിസ്ഥിതിയാണ്.

ഒരാളുടെ ജീവിതത്തെ വ്രണപ്പെടുത്തിയ സംഭവങ്ങൾ മറ്റൊരാളുടെ ജീവിതത്തിന് ഒരു പുതിയ ഉദ്ദേശ്യമുണ്ടാക്കിയെന്നു വരാം.

ഈ ഗ്രന്ഥകാരന് പരിചിതമായിരുന്ന രണ്ടാളുടെ അനുഭവങ്ങൾ ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നു. എത്രയും പ്രിയപ്പെട്ട ഭാര്യ മരിച്ചപ്പോൾ എങ്ങനെയെങ്കിലും ദിവസം കഴിക്കണം എന്നു മാത്രമായിരുന്നു അയാളുടെ വിചാരം. അതേ തരത്തിലുള്ള ആപത്തുതന്നെ മറ്റൊരാളിൽ വിപരീതമായ ഫലമാണുണ്ടാക്കിയത്. അത് ആത്മീയ വിഷയങ്ങളിലേക്ക് അദ്ദേഹത്തിന്റെ മനസ്സിനെ തിരിച്ചു. ഒരു പുതിയ ലോകത്തേക്ക് അദ്ദേഹത്തെ നയിച്ചു.

ഇരുട്ടടഞ്ഞ ലോകത്തിൽ ഒരാൾക്ക് തന്റെ മനപ്രകാശത്തിന്റെ സഹായത്തോടുകൂടി മുന്നോട്ടു പോകുവാൻ സാധിക്കുന്നു. മനസ്സിൽ വെളിച്ചമില്ലാത്ത മറ്റൊരാളാകട്ടെ, പകൽ വെളിച്ചത്തിൽ പോലും വഴി കാണാതെ നട്ടം തിരിയുന്നു.

ശരിയായി ആലോചിച്ചു നോക്കുമ്പോൾ ജീവിതത്തിൽ നമ്മുക്ക് വല്ല നിരാശയ്ക്കും അവകാശമുണ്ടോ. ജീവിതത്തെ തനിക്കും മറ്റുള്ളവർക്കും ഉപയോഗപ്രദമായ മനോഹരരാമമായി മാറ്റുവാൻ കഴിയുമ്പോൾ ഓരോരുത്തരും സ്വന്തം താൽപര്യങ്ങൾക്കും വികാരങ്ങൾക്കും അനുസരിച്ച് ഓരോ ലോകം സൃഷ്ടിക്കുന്നു. നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന ലോകം ഏതോ അതായിരിക്കും നാം ജീവിക്കുന്ന ലോകവും.

ആയിഷത്ത് ജൗഹറ കെ.പി.
8 B സെന്റ് മേരീസ് എച്ച്. എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം