സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്‌കൂൾ ചരിത്രം

 
സ്‌കൂൾ സ്ഥാപക ദൈവദാസി ഷന്താളമ്മ

1908 ൽ ആരംഭിച്ച ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ മാർ തോമസ് കുര്യാളശ്ശേരിയുടെയും സഹസ്ഥാപകയായ മദർ മേരി ഷന്താളിന്റെയും ദൈവഹിത അന്വേഷണ ഫലമായി രൂപംകൊണ്ട പ്രേഷിത മേഖലയായിരുന്നു വിദ്യാഭ്യാസ പ്രേഷിതത്വം. പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം അവർ പ്രധാനമായി കരുതി. കുടുംബങ്ങളുടെ അഭിവൃദ്ധിക്കും കുട്ടികളുടെ മനഃസംസ്‌കരണത്തിനും സ്ത്രീവിദ്യാഭ്യാസം അവശ്യഘടകമാണെന്ന കുര്യാളശേരി പിതാവിന്റെ ദർശനം സ്വന്തമാക്കിയ ഷന്താളമ്മ പിതാവിനൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവായി. വിദ്യാഭ്യാസത്തിലൂടെ, പ്രത്യേകിച്ചു സ്ത്രീ വിദ്യാഭ്യാസത്തിലൂടെ, ഭവനങ്ങളെയും കരകളെയും ദേശങ്ങളെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യണമെന്ന പിതാവിന്റെ വീക്ഷണം അമ്മ ജീവിതഗന്ധിയാക്കിയപ്പോൾ വിദ്യാലയങ്ങളുടെ അഭാവം കണക്കിലെടുത്ത് മാമ്മൂട് എന്ന കൊച്ചു ഗ്രാമത്തിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിന് മുൻകൈയെടുത്തു ദൈവഭക്തനും പരോപകാരിയും സമൂഹത്തിന്റെ നന്മയിൽ താൽപരനുമായിരുന്ന പാലക്കുന്നേൽ വട്ടമാക്കൽ നൈനാൻ ചെറിയതിന്റെ സ്ഥലത്തു മുളന്താനം കുന്നിൽ ഒരു ഷെഡ് കെട്ടി 29 കുട്ടികളുമായി 1922 (കൊല്ലവർഷം 1097 ഇടവം 9 നു) ഒന്നാം ക്‌ളാസ് ആരംഭിച്ചു. കടന്തോട്ട് അബ്രഹാം ക്‌ളാസ്സുകൾക്കു നേതൃത്വം നൽകി. 1923 ൽ (കൊല്ലവർഷം 1098 ധനു 5 നു) പാലക്കുന്നേൽ വട്ടമാക്കൽ നൈനാൻ ചെറിയത് ഒരു പള്ളിക്കൂടം, മഠം, പള്ളി ഇവ സ്ഥാപിക്കണമെന്നു വ്യവസ്ഥ ചെയ്തു കൊണ്ട് രണ്ടേക്കർ സ്ഥലം ഷന്താളമ്മക്ക് ദാനമായി എഴുതി നൽകി. തുടർന്ന് ആ വർഷം മകരമാസം സ്‌കൂൾ കെട്ടിടം പണി തുടങ്ങുകയും 1924 ൽ പുതിയ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു എങ്കിലും സ്ഥലസൗകര്യത്തിന്റെ പരിമിതി മൂലം പാലാക്കുന്നേൽ വട്ടമാക്കൽ പുത്തൻപുരയിൽ കുഞ്ചെറിയ, അനിയൻ ജോബ് ഇവരുടെ വീടിന്റെ വരാന്തയിലും ക്‌ളാസ്സുകൾ എടുത്തു. 1925 ൽ സ്‌കൂളിന് സർക്കാർ അംഗീകാരം ലഭിക്കുകയും ഗ്രാൻഡ് കിട്ടിത്തുടങ്ങുകയും ചെയ്തു. 1925 ൽ ആറാം ക്‌ളാസും 1928- 29 ൽ ഏഴാം ക്‌ളാസും ആരംഭിച്ചതോടു കൂടി ഒരു പൂർണ്ണ വെർണകുലർ മിഡിൽ സ്‌കൂൾ ആയി. 1966 ജൂൺ മാസം മുതൽ ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 1969 ൽ ആദ്യബാച്ച് SSLC പരീക്ഷ എഴുതിയെങ്കിലും 1974 മുതലാണ് SSLC പരീക്ഷ സെന്ററായി അനുവദിച്ചു കിട്ടിയത്. 1978 ൽ സെന്റ് ഷന്താൾസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂൾ ആരംഭിച്ചു. 2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ് മാസം കേന്ദ്ര സർക്കാർ ഈ സ്‌കൂളിനെ ന്യൂനപക്ഷ സ്ഥാപനമായി അംഗീകരിച്ചു.

സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ

സ്കൂൾ സ്ഥാപിതമായത് 1922 മെയ് 23(1097 ഇടവം 09)
സ്കൂളിന്റെ പുതിയ കെട്ടിടം 1923
സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം ഘട്ടം 1924
സർക്കാരിൽ നിന്നുള്ള അംഗീകാരം 1925
വെർണാക്കുലർ മിഡിൽ സ്കൂളായി 1928
ഹൈസ്കൂളായി ഉയർത്തിയത് 1966
ആദ്യ എസ്എസ്എൽസി ബാച്ച് 1969
സുവർണ ജൂബിലി ആഘോഷം 1972
അംഗീകൃത SSLC പരീക്ഷാ കേന്ദ്രം 1974
ഹൈസ്കൂൾ പുതിയ കെട്ടിടം 1984
റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചത്: 1991
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത് 1995
പ്ലാറ്റിനം ജൂബിലി ആഘോഷം 1997
ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചത് 2004
എഡുസാറ്റ് ബിൽഡിംഗും(3 നിലയുള്ളത്) മിനി സ്റ്റേഡിയവും 2006
പ്രധാന റോഡിലെ എൻട്രൻസ് ആർച്ച് ഗേറ്റ് 2008
മഴവെള്ള സംഭരണ ​​ടാങ്ക് 2008
ന്യൂനപക്ഷ പദവി 2012
നവതി ആഘോഷം 2012
എൽപിക്ക് പുതിയ കെട്ടിടം 2017
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നത് 2018
ശതാബ്ദി ആഘോഷം 2022