സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ കാർമ്മലൈറ്റ്സ് തെരേസ്യൻ സിസ്റ്റേഴ്സ് കൂനമ്മാവിൽ ഒരു പെൺപള്ളിക്കൂടവും ബോർഡിങും സ്ഥാപിച്ചു. പിന്നീട് ഉണ്ടായ റീത്ത് വിഭജനത്തേയും പ്രതിസന്ധികളേയും തുടർന്ന് 1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാർക്കായി ഒരു ഭവനം സ്ഥാപിച്ചു. അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ തെരേസ്യൻ  കാർമ്മലൈറ്റ്‌സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യത്തെ വിദ്യാലയമാണ് വരാപ്പുഴ സെൻ്റ് ജോസഫ്‍സ് ഹൈസ്കൂൾ. ഈ സന്യാസിനി സമൂഹത്തിൻെറ നേതൃത്വത്തിൽ ഇന്ന് 16 സ്ക്കൂളുകളും ഒരു വനിതാ കോളേജും പ്രവർത്തിക്കുന്നു.

1922 ൽ ഇത് ഒരു മിഡിൽസ്ക്കൂളായി ഉയർന്നു.1931 ൽ ഒരു ഹൈസ്ക്കൂൾ ആയി രൂപം പ്രാപിച്ചു.സെന്റ് ജോസഫ്‍സ് ഹൈസ്‍കൂൾ വരാപ്പുഴയിലെ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു.ഹൈസ്‍കൂൾ വിഭാഗത്തിൽ പെൺകുട്ടികൾക്ക് മാത്രമാണ് നിലവിൽ പ്രവേശനമുളളത്. സ്ത്രീയാണ് ഒരു കുടുംബത്തിന്റെ വിളക്ക്. സ്ത്രീകൾ വിദ്യാസമ്പന്നരായാൽ കുടുംബങ്ങൾ സംസ്കാരസമ്പന്നമാകും.അതിലൂടെ സമൂഹവും ഔന്നത്യത്തിലേക്ക് കുതിക്കും.ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് പത്തൊൻപതാം  നൂറ്റാണ്ടിൽ സി ടി സി സഭ പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത്.പുതിയ കാലഘട്ടത്തിൻെറ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാനായി ഹൈസ്‍കൂൾ വിഭാഗം കൂടി മിക്സഡ് ആക്കുന്നതിനുളള ശ്രമങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

മാനേജ്‍മെന്റിന്റേയും അധ്യാപകരുടേയും പി ടി എ യുടേയും നിരന്തര ശ്രമഫലമായി 2023-24 അധ്യയന വർഷത്തിൽ സെന്റ് ജോസഫ്‍സ് ഹൈസ്‍കൂൾ വരാപ്പുഴ ഒരു മിക്സഡ് സ്‍കൂൾ ആയി ഉയർത്തപ്പെട്ടു.ഹൈസ്‍കൂൾ ക്ലാസ്സുകളിൽ 42 ആൺകുട്ടികൾ പ്രവേശനം നേടി.

കുട്ടികളുടെ സമഗ്രമായ വളർച്ചയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം..ആധുനിക വിദ്യാഭ്യാസത്തിന് പലപ്പോഴും കൈമോശം വന്നുപോകുന്ന മൂല്യങ്ങൾക്കും ആചാരമര്യാദകൾക്കും പ്രാധാന്യം നൽകികൊണ്ടാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

ദൂര സ്ഥലങ്ങളിൽനിന്നു വരുന്ന വിദ്യാർത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോർഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു.അതിനാൽ കേരളത്തിന്റെ നാനാഭാഗങ്ങളിലുളള കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്ന് വിദ്യ നേടിയിട്ടുണ്ട്.സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന അനേകം പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവൽ,വോളീബോൾ തുടങ്ങിയവയിലൂടെ കുട്ടികളുടെ കലാപരവും,കായികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നു.സ്പോർട്സിൽ സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാൻ ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക എന്നനിലയിൽ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകൾ നല്കിയ റവ.മദർ പൗളിന്റെ അനുസ്മരണാർത്ഥം എല്ലാ വർഷവും ഈ സ്ക്കൂളിൽ വച്ച് ഇന്റർ സ്ക്കൂൾ ഗേള്സ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു.