സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ കാക്കാം, ഭൂമിയുടെ തുടിപ്പുകൾ

കാക്കാം, ഭൂമിയുടെ തുടിപ്പുകൾ


നമ്മുടെ നല്ല ഭാവിക്ക് ഏറ്റവും ആവശ്യം എന്താണെന്നു അറിയാമോ? ഭൂമിയുടെ നിലനിൽപ്പുതന്നെ. വൈവിദ്ധ്യമാർന്ന ജീവജാലങ്ങൾ വസിക്കുന്ന ഭൂമി എത്ര നിർമലമാണ്. ഭൂമിയുടെ ആയുസ്സ് കണക്കാക്കുന്നവർ നമ്മൾ തന്നെയാണ്. നമ്മുടെ പ്രവർത്തികൾ ഭൂമിയുടെ ആയുസ്സ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പ്രകൃതിസംരക്ഷണം ഭൂമിയുടെ നിലനിൽപ്പിന് അനിവാര്യമാണ് എന്നറിയില്ലേ? പ്രകൃതിയിലാണ് നമ്മൾ ജീവിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടാൽ നമ്മുടെ ജീവിതത്തിന്റെ താളക്രമം തന്നെ തെറ്റും.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനങ്ങളും മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളുമൊക്കെ തുടരുമ്പോൾ പ്രകൃതിക്കും രക്ഷയില്ല. മനുഷ്യചെയ്തികൾ പ്രകൃതിയെ ശ്വാസംമുട്ടിക്കുകയാണ്. ചൂടുള്ള ദിവസങ്ങളുടെ എണ്ണം കൂടുകയും തണുപ്പുള്ള ദിവസങ്ങളുടെ കുറയുകയും ചെയ്യുകയാണിപ്പോൾ. പ്രവചനാതീതമായ രീതിയിൽ കാലാവസ്ഥ തകിടം മറിയുമ്പോൾ ഒരു നിമിഷമെങ്കിലും ഓർക്കാറുണ്ടോ ഇതൊക്കെ നമ്മുടെ തന്നെ ചെയ്തികളുടെ ഫലമാണെന്ന്? ഇങ്ങനെ ഒട്ടനവധി മാറ്റങ്ങൾ പ്രകൃതിയിൽ നടന്നുകൊണ്ടിരിക്കുന്നു. വാഹനങ്ങളിലെ പുകയും വനനശീകരണവും വ്യവസായശാലകളിലെ മലിനജലവും പുകയും പ്രകൃതിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. പ്രകൃതിയെ കീറിമുറിക്കുന്നതും നമ്മളാണ്. പ്രകൃതിയുടെ മുറിവുകൾ തുന്നി ചികിത്സിക്കേണ്ട ഡോക്ടർമാർ നമ്മൾ തന്നെയാണ്. മലയും കുന്നുമിടിച്ച്, തണ്ണീർതടങ്ങൾ നികത്തി പ്രകൃതിയുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കുമ്പോൾ പ്രകൃതിക്ക് അരിശം വരുന്നു. പലതരം ദുരന്തങ്ങളിലൂടെയും രോഗങ്ങളിലൂടെയും പ്രകൃതി നമ്മെ ഓർമപ്പെടുത്തുകയാണ്, വരും തലമുറക്കും ഈ മണ്ണിൽ ജീവിക്കണമെന്ന്.
മരങ്ങൾ നട്ടുവളർത്തിയും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെയും, ജലം പാഴാക്കാതെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തും, തണ്ണീർതടങ്ങൾ സംരക്ഷിച്ചും പ്രകൃതിയെ നമുക്ക് സ്നേഹിക്കാം.എന്നാൽ മാനവനിവിടെ സസന്തോഷം വാഴാം. കാടും വെള്ളവും കാലാവസ്ഥയുമില്ലെങ്കിൽ നമ്മുടെ പ്രകൃതിയെ എന്തിന് കൊള്ളാം, അല്ലേ! അതുകൊണ്ട് പ്രകൃതിയെ സന്തോഷിപ്പിച്ചു നല്ല നാളേക്കായി നന്മകൾ ചെയ്യാം.
നമ്മുടെ പ്രകൃതിയെ ചരമാവസ്ഥയിലേക്ക് എത്തിക്കുന്നവരെ, വരും തലമുറയ്ക്കും ജീവിക്കാൻ വായുവും വെള്ളവും അനിവാര്യമാണ്.

ഫാത്തിമ ഫിദ
10 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം