" ഈ ഭൂമിയിൽ ആവശ്യത്തിന് വേണ്ടത്ര വിഭവങ്ങളുണ്ട്. ആർത്തിക്ക് വേണ്ടത്ര ഇല്ലതാനും"
- ഗാന്ധിജി
കോടാനുകോടി പഴക്കമുള്ള നമ്മുടെ ഭൂമിയിൽ പ്രകൃതി പ്രതിഭാസങ്ങളുടെ ഫലമായി ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റം വന്നുകൊണ്ടേയിരുന്നു. പ്രപഞ്ചത്തിന്റെ പരിണാമത്താൽ ഭൂമിയിൽ ജീവകണം നാമ്പെടുത്തു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഭൂമി ഇന്നുകാണുന്ന വൈവിധ്യങ്ങളുടെ കലവറയായി മാറി മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛന്ദ സുന്ദരമാക്കി തീർത്തു. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം.
ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്.
ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതു തന്നെ ഇതിനു കാരണം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആധുനികമനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ ഏറെ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.
അന്തരീക്ഷ മലിനീകരണം
വായു, ആഹാരം, ഭക്ഷണം, പാർപ്പിടം എന്നിവയാണല്ലോ മനുഷ്യൻറെ പ്രാഥമിക ആവശ്യങ്ങൾ. ഇവയിൽ ഏറ്റവും പ്രധാനം വായു തന്നെ. കാരണം, മറ്റെന്തില്ലെങ്കിലും വായു ഇല്ലെങ്കിൽ നമുക്ക് ഏറെ നേരം പിടിച്ചു നിൽക്കാനാവില്ല. ഇതറിഞ്ഞിട്ടും മനുഷ്യൻ ഇന്നേറ്റവും കൂടുതൽ മലിനമാക്കുന്നത് വായു അഥവാ അന്തരീക്ഷം തന്നെയാണ് .
പല രീതിയിൽ മനുഷ്യൻ അന്തരീക്ഷത്തെ മലിനമാക്കുന്നു. നിരത്തുകളിലേക്ക് വലിച്ചെറിയുന്ന ചീഞ്ഞ മാലിന്യങ്ങൾ, വാഹനങ്ങളും വ്യവസായശാലകളും പുറത്തേക്ക് തള്ളുന്ന പുക, വിഷവാതകങ്ങൾ, കീടനാശിനികൾ, പലതരം രാസവസ്തുക്കൾ എന്നിങ്ങനെ അന്തരീക്ഷത്തെ മലിനമാക്കുന്ന വസ്തുക്കൾ ഏറെയാണ്.
പല മഹാ നഗരങ്ങളും അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയിലാണിന്ന്. മലിനവായു ശ്വസിക്കുന്നത് ശ്വാസകോശ ക്യാൻസർ അടക്കമുള്ള പല മാരക രോഗങ്ങൾക്കും കാരണമാകുന്നു. എന്നിട്ടും അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ നാം തയ്യാറാകുന്നില്ല.
ജലമലിനീകരണം
മൂന്നിൽ രണ്ടു ഭാഗം ജലം നിറഞ്ഞ ഗ്രഹമാണ് ഭൂമി. ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് വെറും രണ്ട് ശതമാനമാണ്. ശുദ്ധജലം തടസ്സപ്പെടുന്നതിന് പ്രധാനകാരണം ജലമലിനീകരണം ആണ്. വില്ലൻ മനുഷ്യൻ തന്നെ. ലോകത്ത് 78 കോടിയിൽപരം ജനങ്ങൾ ശുദ്ധജലം ലഭിക്കാതെ കഷ്ടപ്പെടുന്നവരാണ്. ഓരോ വർഷവും 34 ലക്ഷത്തിലധികം ജനങ്ങൾ ആണ് വെള്ളത്തിൽ നിന്ന് പകരുന്ന രോഗങ്ങൾ വഴി മരിക്കുന്നത്. വ്യവസായശാലകളിലെ മാലിന്യങ്ങൾ നദികളെ മലിനമാക്കുന്നത് പ്രധാന പങ്കുവഹിക്കുന്നു. കീടനാശിനികളും നഗരങ്ങളിലും മറ്റും ഓടയിൽ നിന്ന് വരുന്ന മലിന ജലവും എല്ലാം അന്തരീക്ഷ മലിനീകരണത്തിന് ആക്കം കൂട്ടുന്നു.
നശിക്കുന്ന മണ്ണ്
മനുഷ്യരുടെ മാരക പ്രവർത്തികൾ മൂലമുണ്ടാകുന്ന മാലിന്യങ്ങൾ ഭൂരിഭാഗവും ഏറ്റുവാങ്ങുന്നത് മണ്ണാണ്. ഇതിന് ഏറ്റവും വലിയ തെളിവാണ് മാലിന്യ കൂമ്പാരങ്ങൾ. സ്വാഭാവികമായി ആഗിരണം ചെയ്യാൻ പറ്റാത്ത വസ്തുക്കൾ മണ്ണിൽ കലരുമ്പോൾ ആണ് മണ്ണ് മലിനപ്പെടുത്തുന്നത്.
മണ്ണിലെ മാലിന്യങ്ങളെ കാർഷികം കാർഷികേതരം എന്നിങ്ങനെ രണ്ടായി തിരിക്കാം. കൃഷിക്കുവേണ്ടി മണ്ണിൽ അമിതമായി പ്രയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളുമെല്ലാമാണ് കാർഷിക മാലിന്യങ്ങൾ. വ്യവസായ ശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവ രണ്ടാമത്തെ കൂട്ടത്തിൽപ്പെടുന്നു. ഇവയെല്ലാംതന്നെ മണ്ണിലെ സൂക്ഷ്മ ജീവികളെ നശിപ്പിച്ച് മണ്ണിനെ വിഷമയമാക്കും മണ്ണിൽ മാലിന്യം കലരുന്നത് ജല - വായു മലിനീകരണത്തിന് കാരണമാകുന്നു.
ആഗോളതാപനം
കഴിഞ്ഞ കുറേ വർഷങ്ങളായി അന്തരീക്ഷത്തിലെ താപനില മുമ്പെങ്ങുമില്ലാതിരുന്ന രീതിയിൽ ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. ലോകവ്യാപകമായ ഈ പ്രതിഭാസത്തെയാണ് ആഗോളതാപനം എന്ന് വിളിക്കുന്നത്.
ഭൂമിയിലെ അന്തരീക്ഷത്തിൽ ചൂടു വർദ്ധിക്കുന്നതിന് പ്രധാന കാരണമായ വാതകം ആണ് കാർബൺഡയോക്സൈഡ്. ഇത് കൂടുന്നതിനു കാരണക്കാർ മനുഷ്യർ തന്നെയാണ്. വനങ്ങൾ വെട്ടി നശിപ്പിച്ചതും കൽക്കരി, ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും ആണ് ഈ അവസ്ഥയിലേക്ക് ഭൂമിയെ എത്തിച്ചത്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുകയാണ് ആഗോളതാപനം കുറയ്ക്കാനുള്ള വഴി.
വനനശീകരണം
വനങ്ങൾ പരിസ്ഥിതിക്കു മനുഷ്യനും ചെയ്യുന്ന സേവനങ്ങൾക്ക് പുല്ലുവിലപോലും കൽപ്പിക്കാതെ നിരന്തരം വനനശീകരണം നടത്തിവരികയാണ് നാമിന്ന്. ആഗോളതാപനത്തിലൂടെയും താളം തെറ്റുന്ന കാലാവസ്ഥയിലൂടെയും അതിൻറെ പ്രത്യാഘാതങ്ങൾ ലോകമിന്ന് അനുഭവിക്കുന്നുമുണ്ട്. എന്നാൽ അതുകൊണ്ടൊന്നും മനുഷ്യൻ പഠിക്കില്ല. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ ദിവസവും 350 ചതുരശ്രകിലോമീറ്റർ വനമാണ് മനുഷ്യൻ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുപുറമേ കാലാവസ്ഥാ മാറ്റങ്ങളും വനങ്ങളെ തുടച്ചു നീക്കുന്നു.
വനനശീകരണം മൂലം മണ്ണിൻറെ ഫലപുഷ്ടി നഷ്ടമാകുന്നു. മണ്ണൊലിപ്പ് ആറ്റംബോംബിനേക്കാൾ അപകടകാരി ആണെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. ശുദ്ധജലവും മഴയും കുറയുന്നതും ചൂട്കൂടുന്നതും വനവിഭവങ്ങൾ നഷ്ടപ്പെടുന്നതുമൊക്കെ വനനശീകരണത്തിന്റെ അനന്തരഫലങ്ങൾ ആണ്.
ശബ്ദമലിനീകരണം
ശബ്ദവും പരിസ്ഥിതിയെ മലിനമാക്കുന്നുണ്ട്. മനുഷ്യനിർമ്മിത ശബ്ദങ്ങളാണ് ഇതിൽ പ്രധാനം. യന്ത്രങ്ങൾ, വാഹനങ്ങൾ, വ്യവസായശാലകൾ, തുടങ്ങിയവയെല്ലാം ശബ്ദമലിനീകരണത്തിന്റെ സ്രോതസ്സുകളാണ്. ശബ്ദമലിനീകരണം പലതരം രോഗങ്ങൾക്കും കാരണമാകുന്നു. 80 - 85 ഡെസിബൽ ശബ്ദം പോലും കേൾവിക്ക് പ്രശ്നമുണ്ടാകുമ്പോൾ പല വ്യവസായ ശാലകളിലും ശബ്ദം 100 ഡെസിബെല്ലിന് മുകളിലാണ്.
പ്ലാസ്റ്റിക് ഉപയോഗം വളരെ കൂടിയ ഈ കാലത്ത് അതിനെ നിയന്ത്രിക്കാൻ ഓരോരുത്തരും ശ്രമിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കൽ നമ്മുടെ കടമയാണ്. ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേർതിരിച്ച് ജൈവമാലിന്യങ്ങൾ സംസ്കരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലിങ് കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യുക. അതിലൂടെ ഈ മലിനീകരണം ഒരു പരിധി വരെ തടയാം.
പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് മനുഷ്യർ ലോക്ഡൗണിലൂടെ വ്യവസായശാലകളും ഫാക്ടറികളും അടച്ചുപൂട്ടിയതിനാൽ പരിസ്ഥിതിയിൽ വലിയൊരു മാറ്റം നമുക്ക് അറിയാൻ സാധിച്ചു. ക്വാറികൾ ഗതാഗത സംവിധാനങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം നിലച്ചതോടെ പൊടി മൂലമുണ്ടാകുന്ന മലിനീകരണം കുറഞ്ഞു. ഇതിൽനിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് മനുഷ്യൻറെ പ്രകൃതിയോടുള്ള ചൂഷണമാണ്. ഈ ലോക്ഡൗൺ തന്നെ ഇതിനൊരു തെളിവാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ ആഗോളതലത്തിൽ പരിസ്ഥിതിയുടെ സംരക്ഷണത്തിനായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. 2030ഓടെ നിലവിൽ വരേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ " എന്ന 17 ലക്ഷ്യങ്ങൾ അടങ്ങിയ ഒരു ബൃഹത് പദ്ധതിയാണ്. പ്രാദേശികതലത്തിലും നിരവധി പദ്ധതികൾ ഇതിനായി ഉണ്ടെങ്കിലും മിക്കവയും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. അതിനായി ഓരോ പൗരനും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
വരും തലമുറയുടെ ആവശ്യങ്ങൾ കൂടി മുന്നിൽകണ്ടുള്ള വികസന സങ്കല്പം ആയ സുസ്ഥിര വികസനത്തിലൂടെ ഫലപ്രദമായ ഒരു മാറ്റം നമുക്ക് കൊണ്ടുവരാനാവും. അതോടൊപ്പം തന്നെ വ്യക്തികളും അവരുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തേണ്ടതുണ്ട്. അതല്ലെങ്കിൽ ഒരു കവി പറഞ്ഞതുപോലെ ആവും " ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|