നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും

പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും

കാലം അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ശാസ്ത്രവും മനുഷ്യനും ഒരുമിച്ച് വളരുന്ന ഈ ആധുനിക യുഗത്തിൽ മൂല്യങ്ങളും ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. 'പ്രകൃതി'എന്ന അമ്മയെ മന:പ്പൂർവ്വം മനുഷ്യർ മറക്കുന്നു. സ്വാർത്ഥതയിലധിഷ്ഠിതമായ കർമ്മങ്ങൾക്ക് വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. എന്നാൽ സ്വന്തം നാശത്തിനു വേണ്ടി വിത്ത് വിതയ്ക്കുകയാണെന്ന് ഓർക്കുന്നില്ല. പ്രകൃതിയെ മനുഷ്യൻ കീഴടക്കാൻ ശ്രമിക്കുന്നു. എന്നാൽ പ്രകൃതി തിരിച്ചടിക്കുന്നു. പരിസ്ഥിതിക്ക് വിഘാതമാകുന്ന പ്രവർത്തനങ്ങൾക്കെതിരെ പലവിധ പ്രകൃതിദുരന്തങ്ങളുടെയും പ്രകൃതി പ്രതികരിച്ചു.

എന്നാൽ ഇത്തരമൊരു തിരിച്ചടി ആരും പ്രതീക്ഷിച്ചില്ല. ശരിയായ ഉറവിടം അറിയില്ലെങ്കിലും, എവിടെനിന്നോ അതിഥിയെ പോലെ വന്നു. 31 ഡിസംബർ 2019-ൽ ചൈനയിലെ വുഹാൻ നഗരത്തിൽ ആദ്യമായി എത്തിയപ്പോഴും ആരും അത്രയ്ക്ക് ഗൗനിച്ചില്ല. എന്നാൽ പതിയെ നമ്മുടെ മേൽ മേധാവിത്വം സ്ഥാപിച്ചു. കാര്യഗൗരവം ഗ്രഹിച്ച നാമിപ്പോൾ 'കൊറോണ'എന്ന വിളിപ്പേരിട്ട് ആ വൈറസിനെതിരെ പൊരുതുകയാണ്. എന്നാൽ ആ വൈറസിനു പോലും അറിയില്ല, നാം അതിനെ ഈ പേരിട്ട് വിളിക്കുന്നത്.

ഒടുവിൽ വന്നു മനുഷ്യകുലത്തെ മര്യാദപഠിപ്പിക്കാനായി പിറവിയെടുത്തു കൊണ്ട് .അനീതിക്കും ക്രൂരതയ്ക്കുമെതിരെ ഒരു പടച്ചട്ടയായി.മാനവികതയുടെ ഒരംശം പോലും നിലനിൽക്കാത്ത ഈ കലിയുഗത്തിൽ പ്രകൃതിയുടെ സംരക്ഷകനും ഒപ്പം മനുഷ്യരാശിയുടെ ശിക്ഷകനുമായി കോവിഡ് - 19 എന്ന മഹാമാരി.

ഇപ്പോൾ ആരും പുറത്ത് പോകുന്നില്ല, ചുറ്റിയടിക്കുന്നില്ല, വീടുകളിൽ തന്നെ ഇരിക്കുന്നു. ദേവാലയങ്ങൾ വിജനമായി, വീടുകളിലിരുന്നുള്ള പ്രാർത്ഥനയ്ക്ക് ശക്തികൂടി. ജാതിക്കോ മതത്തിനോ സ്ഥാനമില്ലെന്ന് മനുഷ്യൻ മനസ്സിലാക്കി. ഫാസ്റ്റ് ഫുഡ് സംസ്കാരവും തട്ടുകടകളും ഇല്ലാതായി. ആരോഗ്യം പച്ച പിടിച്ചു. പല വീടുകളുടെയും അടുക്കളകൾ സജീവമായി. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് സമയം ചിലവഴിക്കാനും ഭക്ഷണം കഴിക്കുവാനും അവസരം ലഭ്യമായി. നാടൻ ഭക്ഷണങ്ങളായ കപ്പയും, ചക്കയും കൂടാതെ റേഷനരിയും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു.

മനുഷ്യർ അവരവരുടെ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ മൃഗങ്ങൾക്കും മറ്റും അവരുടെ വീടുകൾ തിരിച്ചുകിട്ടി. സന്ദർശകരും, വിനോദസഞ്ചാരികളും ഇല്ലാത്ത ഈ സാഹചര്യത്തിൽ മൃഗങ്ങൾക്കും പക്ഷികൾക്കും അവരുടെ വീടുകളായ കാട്ടിലും നദിയിലുമൊക്കെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സാധിച്ചു. ഭൂമി മനുഷ്യർക്കു മാത്രമല്ല മറ്റനേകം ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ് കൊറോണ എന്ന വൈറസ് നൽകി.

മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. ഭൂമിയിലെ ആവാസവ്യവസ്ഥയ്ക്ക് പ്രകൃതി ഒരു ക്രമീകരണം വരുത്തിയിട്ടുണ്ട്. അതിനെ തകിടംമറിക്കുന്ന മലിനീകരണം പരിസ്ഥിതിക്ക് ബാധകമാണ്. എന്നാൽ ഈ സാഹചര്യത്തിൽ അന്തരീക്ഷമലിനീകരണം താരതമ്യേന കുറഞ്ഞു. മനുഷ്യൻ മാറ്റത്തിലേക്ക് ചുവടുവെയ്ക്കുന്നു. ധനസമ്പാദനത്തിന് ഭൂമിയെ നാം ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് ചൂഷണം ചെയ്യുന്നത് എന്ന് മനസ്സിലാക്കി

ശുചിത്വത്തിന്റെ പ്രാധാന്യം വ്യക്തമായി. വൃത്തിയും, വെടിപ്പും ശീലമായി. മനുഷ്യൻ അവന്റെ ജീവന്റെ വില തിരിച്ചറിഞ്ഞു. ആചാരമര്യാദയുടെ ഭാഗമായി വിദേശീയർ അവലംബിച്ചിരുന്ന ഹസ്തദാനം, കെട്ടിപ്പിടുത്തം എന്നിവയിൽനിന്നും കൈകൂപ്പി നമസ്കാരം ചൊല്ലിയിരുന്ന പഴയ സംസ്കാരത്തിലേക്ക് മടങ്ങി.അങ്ങനെ മനുഷ്യൻ അവന്റെ പരമ്പരാഗത രീതിയിലേക്ക് തിരിച്ചു വന്നു. എന്തിനും ഏതിനും ആശുപത്രികളിലേക്ക് ഓടിയിരുന്ന നാം ഇപ്പോൾ നാട്ടുവൈദ്യത്തിലും മറ്റും അഭയംതേടി,സ്വയം പ്രതിരോധം നേടുന്നു.അതുവഴി ആശുപത്രി ചെലവ് ലാഭിക്കുന്നു. മുമ്പ് ഡോക്ടറുടെ ഫീസ്, ലാബ്, സ്കാനിംഗ് എന്നിവയ്ക്ക് ഭീമമായ തുക ചെലവഴിച്ചിരുന്ന നമ്മൾ സ്വയം തിരിച്ചറിവിലൂടെ ആ പണം ലാഭിക്കുന്നു.

"പരസ്പരം ഭാവയന്ത: ശ്രേയ: പരമവാപ്സ്യാം" - എന്ന ഭഗവത്ഗീതയിലെ സാമരസ്യം സൂചിപ്പിക്കുന്നത് ദേവന്മാരും മനുഷ്യരും ഒത്തൊരുമയോടെയും ഹിതകാരിയായും വർത്തിക്കുമ്പോഴാണ് ശ്രേയസ്സുണ്ടാകുന്നത്. ഈ പാരസ്പര്യമാണ് പരിസര വിജ്ഞാനത്തിന് ആണിക്കല്ല് അഥവാ പരിസ്ഥിതി ബോധത്തിന്റെ മൂലക്കല്ല്. ഈ പാരിസ്ഥിതിക ബോധം നമ്മിൽ സൃഷ്ടിച്ച് സമൂലമായ മാറ്റത്തിന്

കാരണമായത് ഒരു വൈറസാണെന്നോർക്കണം! അതെ കൊറോണ വൈറസ്.

"ഈ ലോകം അവസാനിക്കുമോ?", "ഞാനും രോഗബാധിതനാകുമോ?", "ആയുസെത്താതെ മരിക്കുമോ?" തുടങ്ങിയ അശുഭ കരങ്ങളായ ചിന്തകൾ വെടിഞ്ഞ് സ്വയം പ്രതിരോധം നേടുക. ശുഭാപ്തി വിശ്വാസമാണ് ഏതൊരു വിജയത്തിനു മാധാ രം എന്നല്ലേ! ആരോഗ്യമാണ് നമ്മുടെ ലക്ഷ്യം. പ്രതിരോധം അല്ലേ രോഗശമനത്തിനേക്കാൾ നല്ലത്. വൃത്തിയും, വെടിപ്പും ജീവിതശൈലിയാക്കുക. പരിസരം മാലിന്യ വിമുക്തമാക്കി, വീട് ശുചീകരിച്ചും, സ്വയം ശുചിത്വം പാലിച്ചു കൊണ്ടും നമുക്ക് വേണ്ടി ജീവൻ ത്യജിച്ചു കൊണ്ട് സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും, പോലീസ് സേനയുടെയും, കൂട്ടുചേർന്ന് ജനസേവകരോടുമൊത്ത് പുതിയ അറിവിന്റെ വെളിച്ചത്തിൽ ഈ മഹാമാരിക്കെതിരെ പോരാടി വിജയം കരസ്ഥമാക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാം. അങ്ങനെ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട്, ശുചിത്വം എന്ന മുദ്രാവാക്യം മുറുകെ പിടിച്ചു കൊണ്ട്, രോഗപ്രതിരോധത്തിലൂടെ ആരോഗ്യം സംരക്ഷിക്കാം എന്നാണ് എന്റെ പക്ഷം.

സ്വാതി. എൽ
9 B നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം