ഒരു പാഠം കൂടി
"അങ്ങനെ നീയും ഇവിടെ എത്തി അല്ലേ ... ഈ ഒരു കൂടിക്കാഴ്ച നീയൊട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അല്ലെ.. മരണത്തിനുശേഷം പിന്നൊരു ജീവിതമില്ലെന്ന് വിശ്വസിച്ച നീ ഇപ്പോൾ എന്തു പറയുന്നു....”
ജോസഫെന്ന ജനകീയ ഡോക്ടറുടെ ദാരുണ അന്ത്യം നാടിനെ നടുക്കി . ജനങ്ങളുടെ നന്മക്ക് വേണ്ടി മാത്രം ചികിത്സിച്ച വ്യക്തി. പത്രത്തിലൂടെയാണ് ആ ദുരവസ്ഥ അറിയുന്നത്. ഇന്ത്യയിലും പൊലിഞ്ഞു ഒരു ഡോക്ടറുടെ ജീവൻ, പരിശോധനയ്ക്കിടെ രോഗികളിൽ നിന്ന് വൈറസ് പകർന്ന് മരണം.
ജോസഫ് ആരാണ്? എന്തിന് ഇത്രയേറെ ജനങ്ങൾ സ്നേഹിക്കുന്നു?
ഒരുപക്ഷേ കേൾക്കുന്നവർക്ക് അർത്ഥമില്ലാത്ത ചോദ്യങ്ങൾ .എന്നാൽ അതിനുള്ള ഉത്തരങ്ങൾ എല്ലാവർക്കുംലഅറിയാമായിരുന്നു . കോവിഡ് എന്ന മഹാമാരിയെ നാട്ടിൽ നിന്നും നിർമാർജനം ചെയ്യാൻ അഹോരാത്രം പ്രയത്നിച്ച ഡോക്ടർ.
ഇപ്പോൾ ജോസഫ് എന്ന അവിശ്വാസി ദൈവത്തിൻറെ മുന്നിൽ ഇരിക്കുന്നു.!
"ദൈവം എന്നൊന്നില്ല എന്ന് പറഞ്ഞു നടന്ന ഡോക്ടർ ഇവിടെ തോറ്റു പോയോ"
വിശ്വാസം ഇല്ലാതിരുന്ന അയാൾ ദൈവത്തിന്റെ മുന്നിലും തലതാഴ്ത്തിയില്ല.
"ഇപ്പോൾ മനസ്സിലായില്ലേ ദൈവം എന്നൊന്നുണ്ടെന്ന്.”
"ക്ഷമിക്കണം ,ഞാൻ ഇത്രയും കാലം ദൈവത്തെ തള്ളിപ്പറഞ്ഞു.”
"ദൈവത്തോട് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല കുഞ്ഞേ.. ഇവിടെ ഒരു ചടങ്ങുണ്ട് .. സ്വർഗത്തിലേക്കോ.. നരകത്തിലേക്കോ...ഒന്ന് സ്വയം വിശകലനം ചെയ്യാനുള്ള അവസരം...ഉള്ള കാര്യങ്ങൾ ജനനം മുതൽ നിരീക്ഷിക്കാം..”
"ഞാൻ കരുതി എന്നെ പോലെയുള്ളവർക്ക് നരകത്തിലാണ് സ്ഥാനമെന്ന്.”
"ഇല്ല ദൈവം നീതിമാനാണ് മകനെ..."
ഒരിക്കൽ ഭീഷ്മരുടെ 74 ജന്മങ്ങൾ പുറകിൽ പോയി അദ്ദേഹം ചെയ്ത ഭാഗം ഒപ്പം കാണിച്ചുകൊടുത്ത മിത്തിക്കൽ കഥ ഡോക്ടർ ഓർത്തു ..ഇവിടെ ഒരൊറ്റ ജന്മം മാത്രമേ വിശകലനം ചെയ്യേണ്ടൂ..
കാലം ജോസഫിൻറെ മുന്നിലൂടെ കടന്നുപോയി. കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് പ്രതികരിക്കാതെ പോയ പലതും.. തന്റെ ചുറ്റു പാടും നടന്ന അനന്തമായ പ്രകൃതി ചൂഷണങ്ങൾ..അശാസ്ത്രീയമായ പാറപൊട്ടിക്കൽ ,വനനശീകരണം, അശാസ്ത്രീയമായ നഗരവൽക്കരണം ,അശാസ്ത്രീയമായ കരിമണൽ ഖനനം ,മണലൂറ്റൽ,തണ്ണീർത്തടങ്ങളും വയലുകളും ഇല്ലായ്മ ചെയ്യൽ, ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങൾ പുറന്തള്ളൽ തുടങ്ങി പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യന്റെ അഹന്തയുടെ നേർക്കാഴ്ചകൾ .കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു ..ഇത് എന്നെ പോലെയുള്ളവരുടെ തെറ്റ് ..ജോസഫ് തലകുനിച്ചു..
"നിൻറെ 45 വർഷങ്ങളിൽ നീ ചെയ്ത പാപങ്ങൾ പൊറുക്കുവാൻ പറ്റാവുന്നതേയുള്ളൂ, നീ നല്ലവനാണെടോ...”
"ആയിരിക്കാം ...നിങ്ങളോ ? നിങ്ങളൊരു ക്രൂരനാണ്..”
"എന്തിനാ എന്നോട് ഇത്ര വൈരാഗ്യം. ഞാൻ ചെയ്തത് തെറ്റാണോ .”
"അല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിന് വീണ്ടും വീണ്ടും ജനങ്ങളെ കൊന്നൊടുക്കുന്നു ..ഇതുവരെയുണ്ടായ എല്ലാ ദുരന്തങ്ങളും നിങ്ങളുടെ വികൃതികൾ ആണ്. ജനങ്ങളെ പലരെയും നിങ്ങൾ കൊന്നൊടുക്കി..”
"നീയെന്നെ കൊലപാതകിയാക്കുന്നു. നീ പറഞ്ഞത് ശരിയാണ് ..ഞാൻ തന്നെയാണ് കൊറോണ അയച്ചത്. എന്നാൽ അതിജീവിക്കനുള്ള വിദ്യയും പഠിപ്പിച്ചു ..നിന്നിലൂടെ.. മുഴുവൻ ശാസ്ത്രജ്ഞരിലൂടെ.. പാതക്കരികിലെ പോസ്റ്ററുകൾ നോക്കൂ...”
ശരിയാണ്..സാമൂഹിക അകലം പാലിക്കുക .കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക.മാസ്ക് ധരിക്കുക ..അങ്ങനെ പലതും.
"കണ്ടില്ലേ ഇവ പാലിക്കാത്തവരെ മാത്രമാണ് ഞാൻ എന്റെ അടുത്തേക്ക് വിളിക്കുന്നുള്ളൂ..മനുഷ്യർ തന്നെയാണ് അവരുടെ മരണത്തിനുള്ള കാരണക്കാർ..എല്ലാവരും പ്രകൃതിയെ കൊന്നൊടുക്കി മണ്ണിടിച്ചിലും പ്രളയവും ഉണ്ടായി..അന്ന് ഒറ്റക്കെട്ടായി നിന്ന് നിങ്ങളുടെ പ്രശ്നം പരിഹരിച്ചു.”
"ഇന്നും ഞങ്ങൾ പരിഹരിക്കും ,ഒറ്റക്കെട്ടായി തന്നെ.”
" നല്ലത്, പക്ഷേ പരിഹരിച്ചു കഴിഞ്ഞാൽ ആ കെട്ടുറപ്പിനെന്തു സംഭവിക്കും? . വീണ്ടും നിങ്ങൾ മനുഷ്യർ പാപങ്ങളിലേക്ക് പോകും ...എന്ത് ചെയ്യരുത് എന്ന് പറഞ്ഞോ, അതുതന്നെ ചെയ്യും അതിനൊരു വിരാമമുണ്ടായാൽ നന്ന്..മനുഷ്യരാശിയുടെ വിജയം ഉണ്ടാവട്ടെ എന്നാണ് എന്റെയും ആഗ്രഹം...”
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ
|