സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കനിവാർന്ന കടലിനായി കൈകോർത്ത് ഒരു വിദ്യാലയം

മടപ്പള്ളി ഗവ ഫിഷറീസ് എൽ. പി. സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലത്തിനൊപ്പം നടന്നടുക്കുകയാണ്. കടലിനെ കുപ്പത്തൊട്ടിയാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഈ കൊച്ചു വിദ്യാലയം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്ന ദുര മൂത്ത മനുഷ്യരുടെ മുന്നിൽ ഓർമ്മപ്പെടുത്തലുമായി ഈ വിദ്യാലയം കടൽ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് ചാർത്തുകയാണ്. കനിവാർന്ന കടലിനായി കൈകോർക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ. വിവേകരഹിതമായ മാനുഷിക ഇടപെടലുകൾ നമ്മുടെ സമുദ്രങ്ങളെ കൊടിയ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ കടലിനായി സംരക്ഷണ വലയം തീർത്തും കടൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് വിദ്യാർത്ഥികൾ

വികസനമെന്ന ഓമന പേരിട്ടു വിളിക്കുന്ന പുതിയകാല ദുർന്നടപ്പുകൾക്ക് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് സമുദ്രമാണ് എന്നോർമ്മപ്പെടുത്തികൊണ്ട് വാർത്താചിത്ര പ്രദർശനം, കടലോര ശുചീകരണം, ലഘുലേഖ വിതരണം എന്നിവ കടൽ സംരക്ഷണ കൂട്ടായ്മയുടെ ഭാഗമായി നടത്തി വരുന്നു. കടലിനോടും മണ്ണിനോടും വായുവിനോടും സമസ്ത പ്രകൃതിയോടും വിനീത വിധേയമാവുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൊച്ചുകൂട്ടുകാർ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു നടക്കുവാൻ പൊതു സമൂഹം മുന്നോട്ട് വരികയുണ്ടായി. വരും വർഷങ്ങളിലും കടൽ സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തു കയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.

അമൃതം മലയാളം

അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം മലയാളമെന്ന നാലക്ഷരമല്ല അമ്മ എന്ന ഒരൊറ്റക്ഷരമാണ് മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം"

വിദ്യാർത്ഥികളുടെ മാതൃഭാഷാ പഠന നിലവാരം മെച്ചപ്പെടുത്താനായി മടപ്പളളി ഗവ:ഫിഷറീസ് എൽ. പി. സ്കൂൾ നടത്തിയ അമൃതം മലയാളം പദ്ധതി വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമായി മാറി. 50 മണിക്കൂർ പഠനത്തിലൂടെ എഴുത്തിലും വായനയിലുമുളള പ്രയാസങ്ങൾ മറികടക്കുവാൻ കുട്ടികൾക്കായി. പി. ടി.എ പ്രസിഡണ്ട് യു. മഹീഷ് കുമാർ ഉദ്ഘാട ചെയ്യുകയുണ്ടായി.

അക്കാദമിക് മാസ്റ്റർ പ്ലാനിൽ വിഭാവന ചെയ്ത "നല്ല മലയാളം" എന്ന പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി സഘടിപ്പിച്ചത്. മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലാസ് ആരംഭിച്ചത്. ക്ലാസിന്റെ തുടർച്ചയായി വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി "ജാലകം" എന്ന പേരിൽ മാഗസിൻ പ്രകാശനം ചെയ്യുകയുണ്ടായി.

പഠനോത്സവം

പഠന മികവിന്റെ നേരനുഭവമായ പഠനോത്സവം വിദ്വാർത്ഥികൾക്കും രക്ഷിതാക്കൾക്കും മികച്ച അനുഭവമായി മാറി. അക്കാദമിക് രംഗത്തെ മികവുകൾ സാക്ഷ്യപ്പെടുത്തുന്ന പഠനോത്സവം വാർഡ് മെമ്പർ പ്രശാന്ത് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോർഡിനേറ്റർ ഷിബു കെ.ടി.കെ ആശംസകൾ നേർന്നു. പഠനോത്സവത്തിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗണിതമാജിക്, ശാസ്ത്ര ലഘു പരീക്ഷണങ്ങൾ, അക്ഷരമരം, പഠനോപകരണ പ്രദർശനങ്ങൾ എന്നിവ പരിപാടി യുടെ ഭാഗമായി നടന്നു.

പ്രതിഭാ സംഗമം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭാ സംഗമം പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിലെ വിസ്മയമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ അമരക്കാരൻ പാലേരി രമേശനെ വീട്ടിലെത്തി ആദരിച്ചു

ശദാബ്ദി ആഘോഷം പ്രവർത്തന പഥത്തിൽ 100 വർഷം പൂർത്തിയാക്കിയ മടപ്പള്ളി ഗവ: ഫിഷറീസ് എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.തുടർന്ന് നടന്ന സാംസ്ക്കാരിക സംഗമത്തിൽ സിനിമാ താരം രചന നാരായണൻകുട്ടി മുഖ്യാതിഥിയായി 'മീനാക്ഷി ഗുരിക്കൾ പാലേരി രമേശൻ എന്നിവർ പങ്കെടുത്തു.