ഞാനാണ് ചക്രവർത്തി
കിരീടവും ചെങ്കോലുമുള്ളവൻ
ഭൂഖണ്ഡങ്ങൾ എന്റെ കാൽക്കീഴിൽ അമരുന്നു
രാഷ്ട്രങ്ങൾ എന്റെ കൈപ്പിടിയിൽ ഞെരിയുന്നു
ഭാഷകൾ എനിയ്ക്ക് തടസ്സമേയല്ല
സംസ്ക്കാരം പ്രതിരോധവുമല്ല
മതവും വിശ്വാസവും എന്റെ പടയോട്ടത്തിനു മുൻപിൽ നിഷ്പ്രഭം
മനുഷ്യന്റെ അഹന്തയെ ഞാൻ കടിച്ചു കീറുന്ന ഏകാന്തതയ്ക്ക് വിട്ടുകൊടുക്കും.
പ്രതാപങ്ങൾക്കും
പ്രൗഢികൾക്കും
തീ കൊടുക്കും.
സ്വാർത്ഥതയെ തുറുങ്കിലടയ്ക്കും.
രാജ്യങ്ങളുടെ ശ്വാസകോശം എന്റെ സൈനികത്താവളം
ബോംബുകൾക്കും പടക്കോപ്പുകൾക്കും മിസൈലുകൾക്കും എന്നെ ഒന്നും ചെയ്യാനാവില്ല
പ്രകൃതിയോട് നിങ്ങൾ കാട്ടിയ വികൃതി ഓർത്ത് നോക്കുക
അപ്പോഴറിയാം
ഞാൻ കാരണവും ഫലവുമാണെന്ന്
എനിയ്ക്കറിയാം
എന്റെ വാട്ടർലൂ ശാസ്ത്രം മാത്രമാണെന്ന്
അതുവരെ
അസാധ്യം എന്ന പദം എന്റെ നിഘണ്ഡുവിലില്ല...!