ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ വൈറസ് വിശേഷങ്ങൾ

വൈറസ് വിശേഷങ്ങൾ

മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും വിധം ലോകത്ത് പടർന്നു പിടിച്ചിരിക്കുകയാണ് കൊറോണ വൈറസ്(covid-19). ഈ സാഹചര്യത്തിൽ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നതുതന്നെയാണ് ഇവയെ അകറ്റി നിർത്താനുള്ള ഏകമാർഗ്ഗം.
മനുഷ്യരാശിയെ ഒന്നടങ്കം ബാധിക്കുന്ന ചില വൈറസുകളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളേയും നമുക്ക് പരിചയപ്പെടാം.
പോളിയോ( പോളിയോ മൈ ലൈറ്റിസ്)
സുഷുമ്നയിലെ നാഡീകോശങ്ങളെ മാരകമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. മലിനജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഇത് പകരുന്നത്. ചികിത്സകൊണ്ട് പൂർണ്ണമായി ഭേദപ്പെടുത്താൻ കഴിയാത്ത ഈ രോഗത്തിന് പ്രതിരോധ വാക്സിൻ ഫലപ്രദമാണ്. മുതിർന്നവരേക്കാൾ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്. പനി, തൊണ്ടവേദന, തലവേദന, ചർദ്ദി, കോച്ചിപ്പിടിത്തം എന്നിവ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. നാഡികളെ ബാധിക്കുന്നത് സ്ഥിരമായ അംഗവൈകല്യ ത്തിലേക്ക് നയിക്കുന്നു. പോളിയോ നിർമ്മാർജ്ജനം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നു 1953-ലാണ് പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്തത്. രണ്ടുതരം ഓഡിയോ വാക്സിനുകളുണ്ട്. IPV(Inactivated Polio Vaccine), OPV(Oral Polio Vaccine).
ചിക്കുൻഗുനിയ (chikungunya )
കൊതുകു പരത്തുന്ന ഒരു വൈറസ് രോഗമാണിത്. പനി, സന്ധിവേദന, സന്ധികളിൽ വീക്കം, ചുവന്നു തിണർത്ത പാടുകൾ, പേശി വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗബാധിതനായ ഒരാളെ കടിക്കുന്ന കൊതുകിലൂടെ വൈറസ് മറ്റുള്ളവരിലേക്കും പകരുന്നു.
ഈഡിസ് ആൽബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നീ കൊതുകു കളിലൂടെയാണ് വൈറസ് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് എത്തുന്നത്. രോഗം മാരകമാകുന്നത് അപൂർവ്വമാണ്. മനുഷ്യശരീരത്തിൽ ഏകദേശം ഒരാഴ്ചയോളം നിലനിൽക്കും. കൊതുക് പെരുകുന്നത് തടയുക എന്നതാണ് പോംവഴി. വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഈ അവസരത്തിൽ അനുയോജ്യമാണ്. സന്ധിവേദന ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതിനാൽ വിശ്രമം ആവശ്യമാണ്.
നിപ
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യനിലേക്ക് എത്തുന്ന മാരകരോഗമാണ് നിപ. 2018 മെയ് മാസത്തിൽ കേരളത്തിൽ നിരവധി ജീവനുകൾ അപഹരിച്ച ഈ വൈറസ് ഹെനിപാ വൈറസ് ജനുസ്സിൽ പെട്ടതാണ്. സംഭവങ്ങളിലൂടെയാണ് ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് എത്തിപ്പെടുന്നത്. വൈറസ് ബാധിച്ച വവ്വാൽ കഴിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിലേക്ക് എത്തുന്നത്.
പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, ചർദി, ക്ഷീണം, കാഴ്ച്ചക്കുറവ് തുടങ്ങിയവയും ചിലരിൽ കണ്ടുവരുന്നു. 14 ദിവസമാണ് ഇൻകുബേഷൻ കാലയളവ്. രോഗനിർണ്ണയം നടത്താൻ സമയമെടുക്കും എന്നതുകൊണ്ട് നിപ വൈറസ് അണുബാധ സംശയിക്കപ്പെടുന്ന വരെ ഒറ്റപ്പെട്ട ഇടത്തിലേക്ക് മാറ്റിയാണ് പരിഹരിക്കുക.
മലേഷ്യയിലെ കമ്പുങ് സുങ്ങായ് നിപ എന്ന പ്രദേശത്താണ് ആദ്യമായി വൈറസ് രോഗബാധ കണ്ടെത്തിയത്. അതാണ് നിപ എന്ന പേരിന് കാരണം.
എബോള (ebola)
മാരകമായ ഈ വൈറസ് രോഗം കോശങ്ങളെ നശിപ്പിക്കുകയും പ്രതിരോധശേഷി തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വന്യജീവികളിൽനിന്ന് മനുഷ്യനിൽ എത്തുകയും ഭീതിജനകമാകുംവിധം വ്യാപിക്കുകയും ചെയ്ത എബോള രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിലില്ല.
കടുത്ത പനിയും പേശീവേദനയുമാണ് പ്രാരംഭലക്ഷണങ്ങൾ. വയറിളക്കവും ആന്തര- ബാഹ്യ രക്തസ്രാവവും രോഗം മാരകമാക്കുന്നു. 2014 ൽ മധ്യ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ രോഗം ചിമ്പാൻസി, ഗോറില്ല, പഴനി വവ്വാലുകൾ എന്നിവയിലൂടെ പകരുന്നു. രോഗിയെ സ്പര്ശിക്കുന്നതോ രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നതോ രോഗബാധയുണ്ടാക്കും.
SARS ( Severe acute respiratory syndrome )
ന്യുമോണിയ പോലെയുള്ള ഈ രോഗം ശ്വസനവ്യവസ്ഥയെ മാരകമായി ബാധിക്കുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്നത് മരണത്തിലേക്ക് നയിക്കുന്ന അവസ്ഥ വരെ ഉണ്ടാക്കിയേക്കാം. 2003 ഫെബ്രുവരിയിൽ ആണ് ഈ രോഗം ആദ്യം സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന ഈ രോഗം രോഗിയുടെ ചുമ, തുമ്മൽ എന്നിവയിലൂടെ വൈറസ് വായുവിൽ എത്തുന്നതിനു ഇടയാക്കുന്നു. രോഗിയു മായുള്ള അടുത്ത സമ്പർക്കം, ഇടപെടൽ രോഗവ്യാപനത്തിന് ഇടയാക്കുന്നു.
കൊറോണ( covid -19)
ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപുറപ്പെട്ട് ലോകം മൊത്തം വ്യാപിച്ചുകൊണ്ട് ലോകജനതയെ തന്നെ വിഴുങ്ങി കൊണ്ടിരിക്കുകയാണ് covid-19 എന്ന ഔദ്യോഗികനാമമുള്ള നോവൽ കൊറോണ വൈറസ്. ചൈനയിലെ മാർക്കറ്റിൽനിന്ന് ഉൽഭവിച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും വുഹാനിലുള്ള വൈറോളജി ലാബിൽ നിന്നാണ് ഇതിന്റെ വ്യാപനം എന്ന് വിശ്വസിക്കുന്നു. എന്തൊക്കെയായിരുന്നാലും പ്രതിരോധമരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ ഈ വൈറസ് അതിവേഗം ലോകത്തിലെ നാനാ ഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ട് സർവനാശം വിതയ്ക്കുന്നു. ശരിയായ പ്രതിരോധമരുന്നില്ലാത്തത് രോഗവ്യാപനത്തിന്റെ വേഗത കൂട്ടുന്നു. അതുകൊണ്ട് വ്യക്തിശുചിത്വവും ജാഗ്രതയുമാണ് ഇതിനെ തടയാനുള്ള ഏക മാർഗ്ഗം.
പനി, കഫക്കെട്ട്, ക്ഷീണം, തളർച്ച, ശ്വാസംമുട്ടൽ, ഇടയ്ക്കിടെ തൊണ്ടവേദന, തലവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

പ്രതിരോധമാർഗങ്ങൾ

  • രോഗലക്ഷണം ബാധിച്ച രോഗിയുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക.
  • രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക.
  • രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കി മാത്രം പിന്നീട് ഉപയോഗിക്കുക
  • വിദേശത്തുനിന്നു വന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കുക.
  • പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
  • പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും മാസ്കും മറ്റു സുരക്ഷാ ഉപകരണങ്ങളും ധരിക്കുക.
  • ഹാൻ വാഷ്, സോപ്പ്, സാനിറ്റൈസർ എന്നിവയുപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക.
  • മുഖത്ത് ഇടയ്ക്കിടെ സ്പർശിക്കാതെ ഇരിക്കുക.
  • അനാവശ്യ യാത്രകൾ ഒഴിവാക്കുക.

ലോകം ഒറ്റക്കെട്ടായി ഈ രോഗത്തിനെതിരെ പോരാടുമ്പോൾ വിദ്യാർത്ഥികളായ ഈ രോഗത്തിന്റെ വ്യാപനം തടയുവാനുള്ള മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടതും പൊതുജനാവബോധ ത്തിന് ശ്രമിക്കേണ്ടതുമാണ്. മറ്റുള്ള രാജ്യങ്ങൾക്ക് മരുന്നും അവശ്യ സാധനങ്ങളും നൽകി ലോകത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്തെക്കുറിച്ചോർത്ത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന ഒരു നിമിഷം കൂടിയാണിത്.

ഗിരിശങ്കർ മനോഹരൻ
9 A ജി.എച്ച്.എസ്.എസ്.കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം