ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അക്ഷരവൃക്ഷം/കരുതലോടെയുളള സമീപനം
കരുതലോടെയുളള സമീപനം
പ്രകൃതിയിലെ ഘടകങ്ങൾ എല്ലാം പരസ്പര പൂരകങ്ങളാണല്ലോ. ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പരാശ്രയത്വം പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് നമ്മെ കൂടുതൽ ബോധവാന്മാരാക്കാൻ സഹായിക്കുന്നു. മനുഷ്യനുൾപ്പെടെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതിയാണ് . ആദ്യകാലങ്ങളിൽ പ്രകൃതിയെ ആശ്രയിച്ചും ഇണങ്ങിയുമായിരുന്നു മനുഷ്യരുടെ ജീവിതം. എന്നാൽ ഇന്ന് പ്രകൃതി എന്തെന്ന് പോലും അറിയാത്ത കുട്ടികളെയും പുതിയ തലമുറയെയും ആണ് മാതാപിതാക്കൾ വാർത്തെടുത്തുകൊണ്ടിരിക്കുന്നത്. മാതാപിതാക്കളുടെ ഈ മനോഭാവം തന്നെ പിന്നീട് കുട്ടികളും പ്രകടിപ്പിക്കുന്നു. മണ്ണിൽ ഇറങ്ങുന്നതും ദേഹത്ത് ചെളി ആകുന്നതും ഇന്നത്തെ തലമുറയ്ക്ക് 'കൾച്ചർ' ഇല്ലായ്മയാണ്. പക്ഷേ അവർ അറിയുന്നില്ല നിൽക്കാൻ ഒരിടം തന്നതും ജീവിക്കാൻ ആസ്തി ഉണ്ടാക്കി തന്നതും പ്രകൃതി ആണെന്ന്. പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നത് ക്രമാധീതമായി കൂടി വരികയാണ്. പക്ഷേ ഇതു കേട്ടാൽ പലരും പറയും നമുക്കുവേണ്ടിയല്ലേ പ്രകൃതി, അതിൽ നിന്നും എത്രയും നമുക്ക് എടുത്തുകൂടെ എന്ന്. എടുത്തോട്ടെ, ആരു പറഞ്ഞു വേണ്ട എന്ന്, പക്ഷേ നന്ദി ഉണ്ടാകണം. കടപ്പാട് ഉണ്ടാകണം. ഈ രണ്ട് വാക്കുകൾക്ക് അവരുടെ മുന്നിൽ പ്രസക്തിയില്ല. ആവശ്യത്തിന് എടുക്കുമ്പോൾ അത് സഹായം തേടലാണ് . പക്ഷേ ആരു തടയാനാണ് ? വേണ്ടതും അതിലധികവും ഇവിടെയുണ്ടല്ലോ. അതുകൊണ്ട് വേണ്ടതിലുമധികമെടുക്കാം - ഈ മനോഭാവമാണ് ചൂഷണം. അനധികൃതമായി കൈക്കലാക്കലാണത്. മനുഷ്യൻറെ പ്രവർത്തികൾ എല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരിക്കുന്നു. സമർത്ഥരായി കഴിഞ്ഞിരിക്കുന്നു നമ്മൾ ഏവരും. തലചായ്ക്കാൻ ഒരു കൂരയും, മൂന്നുനേരം ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന ഒരു ജോലിയും മതിയായിരുന്നു മനുഷ്യന് . അങ്ങനെ ഒരു കാലമുണ്ടായിരുന്നു മനുഷ്യർക്ക്. പക്ഷേ ഇന്ന് ശാസ്ത്രത്തിൻറെ വളർച്ചക്കൊപ്പം മനുഷ്യരും വളർന്നു, അവരുടെ ഇടുങ്ങിയ ചിന്താഗതിക്കൊപ്പം. വീടു പോര, കൊട്ടാരം വേണം. സാധാരണ ജോലി പോര, ലക്ഷങ്ങൾ സമ്പാദിക്കണം. മനുഷ്യന്റെ തിടുക്കം കാരണം എല്ലാം അവൻറെ ശത്രുവായി. അവൻറെ മലീമസമായ മനസ്സുപോലെ പ്രകൃതിയെയും അവൻ മാറ്റിത്തീർത്തു. മലിനമായ ജലാശയവും വായുവും മണ്ണും ഒപ്പം ശബ്ദമലിനീകരണം, വികിരണ മലിനീകരണം തുടങ്ങി മറ്റു പലതും. ഇതൊക്കെ ചെയ്യുമ്പോഴും മനുഷ്യൻ അറിയുന്നില്ല അവൻ തന്നെയാണ് നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് . പ്രകൃതിയുടെ ചൂഷകന്മാർ നമ്മളോരോരുത്തരും ആണെന്ന് . നമ്മൾ ഓരോന്നിലും ഇവൻ ഒളിഞ്ഞിരിപ്പുണ്ട്. പ്രകൃതിയെ വീണ്ടെടുക്കേണ്ടത് നമ്മുടെ കടമയാണ്. മറ്റുള്ളവർക്ക് വേണ്ടെങ്കിലും നമ്മളാണ് ഇതിനെല്ലാം കാരണം എന്ന് ബോധവാന്മാരാക്കി കൊണ്ട് വേണം നമുക്ക് നല്ലൊരു നാളെയെ കെട്ടിപ്പൊക്കാൻ. അതിന് സ്വാർത്ഥരേയല്ല ആവശ്യം, സേവന തൽപരരും, കരുതലോടെ സമീപിക്കാൻ കഴിവുള്ളവരുമായ ഒരുപറ്റം യുവജനതയെ ആണ്. നമ്മുടെ പൂർവികർ നശിപ്പിച്ച ഈ ഭൂമിയെ നമുക്ക് വീണ്ടെടുക്കാൻ കഴിയണം, ഇനി വരാൻ പോകുന്ന തലമുറക്കായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |